Sorry, you need to enable JavaScript to visit this website.

ഗ്യാസ് ഉൽപാദനത്തിൽ ഒന്നര ശതമാനം വളർച്ച

റിയാദ് - സൗദി അറാംകോ കമ്പനി കഴിഞ്ഞ വർഷം നടത്തിയ പ്രകൃതി വാതക ഉൽപാദനത്തിൽ ഒന്നര ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം 10.1 ബില്യൺ ഘനയടി ഗ്യാസ് ആണ് അറാംകോ ഉൽപാദിപ്പിച്ചത്. 2020 ൽ ഗ്യാസ് ഉൽപാദനം 10 ബില്യൺ ഘനയടി ആയിരുന്നു. കഴിഞ്ഞ വർഷം പ്രകൃതി വാതക ഉൽപാദനം 1.9 ശതമാനം തോതിൽ വർധിച്ച് 9.2 ബില്യൺ ക്യുബിക് അടിയിലെത്തി. 2020 ൽ പ്രകൃതി വാതക ഉൽപാദനം 9 ബില്യൺ ഘനയടി ആയിരുന്നു. കഴിഞ്ഞ വർഷം പുതുതായി അഞ്ചു ഗ്യാസ് ഫീൽഡുകൾ സൗദി അറാംകോ കണ്ടെത്തിയിരുന്നു. ഇതിൽ മൂന്നെണ്ണം പരമ്പരാഗത ഗ്യാസ് ഫീൽഡുകളും രണ്ടെണ്ണം പാരമ്പര്യേതര ഗ്യാസ് ഫീൽഡുകളുമാണ്. 
സൗദി അറേബ്യയിലെ എണ്ണപ്പാടങ്ങളിലെ എണ്ണ ശേഖരം 337.3 ബില്യൺ ഘനമീറ്ററായി കഴിഞ്ഞ വർഷാവസാനത്തോടെ ഉയർന്നു. 2020 ൽ ഇത് 336.9 ബില്യൺ ഘനമീറ്ററായിരുന്നു. എണ്ണ ശേഖരത്തിൽ 261.6 ബില്യൺ ക്യുബിക് മീറ്റർ ക്രൂഡ് ഓയിലും സാന്ദ്രീകൃത ദ്രവീകൃത പദാർഥങ്ങളും ആണ്. 2020 അവസാനത്തിലും ക്രൂഡ് ഓയിൽ, സാന്ദ്രീകൃത ദ്രവീകൃത പദാർഥ ശേഖരം ഇതു തന്നെയായിരുന്നു. ഒരു വർഷം പെട്രോൾ ഉൽപാദിപ്പിച്ചിട്ടും സൗദിയുടെ എണ്ണ ശേഖരത്തിൽ കുറവോ വർധനയോ ഉണ്ടായില്ല. 
എണ്ണ ശേഖരത്തിൽ 36 ബില്യൺ ക്യുബിക് മീറ്റർ ദ്രവീകൃത പ്രകൃതി വാതകമാണ്. ദ്രവീകൃത പ്രകൃതി വാതക ശേഖരത്തിലും ഒരു വർഷത്തിനിടെ മാറ്റമുണ്ടായില്ല. എന്നാൽ പ്രകൃതി വാതക ശേഖരം 241.5 ട്രില്യൺ ഘനയടിയായി ഉയർന്നു. 2020 അവസാനത്തിൽ പ്രകൃതി വാതക ശേഖരം 238.8 ട്രില്യൺ ഘനയടിയായിരുന്നു. 2030 ഓടെ പ്രതിദിന എണ്ണയുൽപാദന ശേഷി 1.3 കോടി ബാരലായും ഗ്യാസ് ഉൽപാദനം 50 ശതമാനത്തിലേറെയായും ഉയർത്താൻ സൗദി അറാംകോ ലക്ഷ്യമിടുന്നു.  
 

Latest News