ഹോളി ആഘോഷത്തിനിടെ മര്‍ദനം; ഫാറൂഖ് കോളേജ് അധ്യാപകര്‍ക്കെതിരെ കേസ്

കോഴിക്കോട്- ഫാറൂഖ് കോളേജില്‍ ഹോളി ആഘോഷത്തിനിടെ വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെയും ലാബ് അസിസ്റ്റന്റിനെിതിരെയും പോലീസ് കേസെടുത്തു. അധ്യാപകരായ സജീര്‍, യൂനുസ്, നിഷാദ്, ലാബ് അസിസ്റ്റന്റ് ഇബ്രാംഹികുട്ടി എന്നിവര്‍ക്കെതിരെയാണു കേസ്.

ഇബ്രാംഹികുട്ടിയെ കാറിടിച്ചു പരുക്കേല്‍പിച്ചെന്ന പരാതിയില്‍ ഒരു വിദ്യാര്‍ഥിക്കെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ഥിയെ തിരിച്ചറിയാനായിട്ടില്ല. സംഭവം കോളജിലെ പ്രത്യേകസംഘം അന്വേഷിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്നു കോളേജ് മാനേജ്‌മെന്റ് ഉറപ്പു നല്‍കിയിട്ടുണ്ട്. 

ഹോളി ആഘോഷത്തിനിടെ കോളേജില്‍ വിദ്യാര്‍ഥികളെ അധ്യാപകര്‍ സംഘം ചേര്‍ന്നു മര്‍ദിച്ചെന്നാണ് പരാതി.  ക്യാമ്പസില്‍ ആഘോഷം വിലക്കിയതിനു പിന്നാലെയായിരുന്നു മര്‍ദനമെന്നു വിദ്യാര്‍ഥികള്‍ പറയുന്നു. എന്നാല്‍ കോളേജില്‍ ഹോളി ആഘോഷം വിലക്കിയിട്ടില്ലെന്നും പരീക്ഷയുടെ അവസാന ദിവസം വിദ്യാര്‍ഥികളുടെ ആഘോഷം അതിരു കടന്നപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടതാണെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. 
മര്‍ദനത്തില്‍ പരിക്കേറ്റ 10 വിദ്യാര്‍ഥികളെ കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 


 

Latest News