Sorry, you need to enable JavaScript to visit this website.

കഴിഞ്ഞ വർഷം സൗദി-ഇന്ത്യ  വ്യാപാരം 13,170 കോടി റിയാൽ

റിയാദ്- കഴിഞ്ഞ വർഷം സൗദി-ഇന്ത്യ വ്യാപാരം 13,170 കോടി റിയാലായി ഉയർന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. സൗദി അറേബ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യ പങ്കാളിയായി ഇന്ത്യ മാറിയിട്ടുണ്ട്. 2021 ൽ സൗദി അറേബ്യയുടെ വിദേശ വ്യാപാരത്തിന്റെ 8.1 ശതമാനം ഇന്ത്യയുമായിട്ടായിരുന്നു. 
സൗദി അറേബ്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളി ചൈനയാണ്. സൗദി-ചൈന വ്യാപാരം 30,940 കോടി റിയാലാണ്. രാജ്യത്തിന്റെ വിദേശ വ്യാപാരത്തിന്റെ 19 ശതമാനം ചൈനയുമായിട്ടായിരുന്നു. മൂന്നാം സ്ഥാനത്ത് ജപ്പാൻ ആണ്. സൗദി-ജപ്പാൻ വ്യാപാരം 12,520 കോടി റിയാലാണ്. വിദേശ വ്യാപാരത്തിന്റെ 7.7 ശതമാനം ജപ്പാനുമായിട്ടാണ്. 
സൗദി അറേബ്യയുടെ വിദേശ വ്യാപാരത്തിന്റെ 35 ശതമാനത്തോളം ഈ മൂന്നു ഏഷ്യൻ രാജ്യങ്ങളുമായിട്ടാണ്. ചൈന, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളുമായുള്ള വ്യാപാരം 56,620 കോടി റിയാലായി (15,100 കോടി ഡോളർ) കഴിഞ്ഞ വർഷം ഉയർന്നു. 2020 ൽ ഈ മൂന്നു രാജ്യങ്ങളുമായുള്ള വ്യാപാരം 41,000 കോടി റിയാൽ (10,930 കോടി ഡോളർ) ആയിരുന്നു. കോവിഡ് മഹാമാരി വ്യാപനം തടയാൻ ബാധകമാക്കിയ നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ കഴിഞ്ഞ വർഷം സൗദി അറേബ്യയുടെ വിദേശ വ്യാപാരം വലിയ തോതിൽ വർധിച്ചു. എണ്ണ വില വർധനയും പെട്രോളിതര ഉൽപന്നങ്ങളുടെ കയറ്റുമതി വർധിച്ചതും സൗദി ഉൽപന്നങ്ങൾക്കു മുന്നിൽ പുതിയ വിപണികൾ തുറന്നുകിട്ടിയതും വിദേശ വ്യാപാരം വർധിക്കാൻ സഹായിച്ചു. ഏറ്റവും വലിയ വാണിജ്യ പങ്കാളികളായ ചൈന, ഇന്ത്യ, ജപ്പാൻ എന്നീ മൂന്നു രാജ്യങ്ങളുമായുള്ള വ്യാപാരം കഴിഞ്ഞ വർഷം 38.1 ശതമാനം തോതിൽ വർധിച്ചു. 
കഴിഞ്ഞ വർഷം വിദേശ രാജ്യങ്ങളുമായുള്ള സൗദി അറേബ്യയുടെ വ്യാപാരം 39 ശതമാനം തോതിൽ വർധിച്ച് 1.62 ട്രില്യൺ റിയാലിൽ (43,340 കോടി ഡോളർ) എത്തി. കയറ്റുമതി 60 ശതമാനത്തിലേറെ വർധിച്ചതാണ് കഴിഞ്ഞ വർഷം മൊത്തം വിദേശ വ്യാപാരത്തിൽ പ്രതിഫലിച്ചത്. കഴിഞ്ഞ കൊല്ലം ഇറക്കുമതി 12 ശതമാനം തോതിലും വർധിച്ചു. 
വിദേശ വ്യാപാരത്തിൽ കഴിഞ്ഞ വർഷം 46,995 കോടി റിയാൽ സൗദി അറേബ്യ മിച്ചം നേടി. 2020 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം വാണിജ്യ മിച്ചം രണ്ടരയിരട്ടിയിലേറെ വർധിച്ചു. 2020 ൽ വാണിജ്യ മിച്ചം 13,450 കോടി റിയാലായിരുന്നു. കഴിഞ്ഞ വർഷം ചൈനയുമായുള്ള വ്യാപാരത്തിൽ 7600 കോടി റിയാലും ഇന്ത്യയുമായുള്ള വ്യാപാരത്തിൽ 7300 കോടി റിയാലും ജപ്പാനുമായുള്ള വ്യാപാരത്തിൽ 7800 കോടി റിയാലും സൗദി അറേബ്യ മിച്ചം നേടി. കഴിഞ്ഞ വർഷം സൗദി അറേബ്യ കൈവരിച്ച വാണിജ്യ മിച്ചത്തിന്റെ 48 ശതമാനം ഈ മൂന്നു രാജ്യങ്ങളുമായുള്ള വ്യാപാരത്തിലായിരുന്നു. 
സൗദി അറേബ്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളികളിൽ നാലാം സ്ഥാനത്തുള്ള അമേരിക്കയുമായി കഴിഞ്ഞ വർഷം 11,140 കോടി റിയാലിന്റെയും അഞ്ചാം സ്ഥാനത്തുള്ള യു.എ.ഇയുമായി 10,520 കോടി റിയാലിന്റെയും ആറാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയുമായി 9930 കോടി റിയാലിന്റെയും ഏഴാം സ്ഥാനത്തുള്ള ഈജിപ്തുമായി 5440 കോടി റിയാലിന്റെയും എട്ടാം സ്ഥാനത്തുള്ള ബഹ്‌റൈനുമായി 3610 കോടി റിയാലിന്റെയും ഒമ്പതാം സ്ഥാനത്തുള്ള ഇറ്റലിയുമായി 3580 കോടി റിയാലിന്റെയും പത്താം സ്ഥാനത്തുള്ള സിങ്കപ്പൂരുമായി 3270 കോടി റിയാലിന്റെയും വ്യാപാരമാണ് കഴിഞ്ഞ വർഷം നടത്തിയത്. 
വിദേശ വ്യാപാരത്തിന്റെ 6.9 ശതമാനം അമേരിക്കയുമായും 6.5 ശതമാനം യു.എ.ഇയുമായും 6.1 ശതമാനം ദക്ഷിണ കൊറിയയുമായും 3.3 ശതമാനം ഈജിപ്തുമായും 2.2 ശതമാനം ബഹ്‌റൈനുമായും 2.2 ശതമാനം ഇറ്റലിയുമായും രണ്ട് ശതമാനം സിങ്കപ്പൂരുമായും ആയിരുന്നു. കഴിഞ്ഞ വർഷം വിദേശ വ്യാപാരത്തിൽ ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തിയത് ഈജിപ്തുമായിട്ടാണ്. സൗദി-ഈജിപ്ത് വ്യാപാരത്തിൽ 87.5 ശതമാനം വളർച്ച കഴിഞ്ഞ വർഷം രേഖപ്പെടുത്തി. സൗദി അറേബ്യയുടെ ഏറ്റവും വലിയ പത്തു വാണിജ്യ പങ്കാളികളുമായി കഴിഞ്ഞ വർഷം 1.04 ട്രില്യൺ റിയാലിന്റെ വ്യാപാരമാണ് നടത്തിയത്. ആകെ വിദേശ വ്യാപാരത്തിന്റെ 64 ശതമാനവും ഈ പത്തു രാജ്യങ്ങളുമായിട്ടായിരുന്നെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
 

Latest News