ബംഗലൂരു- ഉഡുപ്പിയിലെ ഹൊസ മാര്‍ഗുഡി ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്്‌ലിം വ്യാപാരികളെ വിലക്കി. ക്ഷേത്ര ഉത്സവങ്ങളില്‍ മുസ്്‌ലിംകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയില്‍ ഉടനീളം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് സംഭവം. ഹിജാബ് വിഷയത്തില്‍ കലുഷിതമായ അന്തരീക്ഷത്തിലാണ് വീണ്ടും വര്‍ഗീയ പ്രചാരണം. അടിയന്തര നടപടിയെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു.
ഹിന്ദു-മുസ്‌ലിം വ്യത്യാസമില്ലാതെയാണ് മുന്‍വര്‍ഷങ്ങളിലെല്ലാം ക്ഷേത്രത്തിലെ ഉത്സവത്തിന് കച്ചവടം നടത്തിയിരുന്നത്. എല്ലാ വര്‍ഷവും നൂറിലധികം മുസ്‌ലിം കച്ചവടക്കാര്‍ ഇവിടെ സ്റ്റാളുകള്‍ സ്ഥാപിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഇത് തടഞ്ഞ ക്ഷേത്ര അധികൃതര്‍ രംഗത്തെത്തുകയായിരുന്നു. ചില വലതുപക്ഷ സംഘടനകളുടെ സമ്മര്‍ദ്ദം കാരണമാണിതെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്.
'ഞങ്ങള്‍ ക്ഷേത്ര കമ്മിറ്റി അംഗങ്ങളെ പോയി കണ്ടു, ഹിന്ദുക്കള്‍ക്ക് മാത്രമായി കച്ചവട സ്റ്റാളുകള്‍ ലേലം ചെയ്യാനാണ് തീരുമാനമെന്നാണ് ഞങ്ങളോട് പറഞ്ഞത്. ഞങ്ങള്‍ക്ക് ഇത് സമ്മതിക്കേണ്ടി വന്നു. ചില സംഘടനകളുടെ സമ്മര്‍ദ്ദം അവര്‍ക്കുമേലുണ്ട്- ഉഡുപ്പിയിലെ വഴിയോര കച്ചവടക്കാരുടെ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ആരിഫ് പറഞ്ഞു.