മദ്യനയത്തിന്റെ ഫലം ചെങ്ങന്നൂരില്‍ കാണാമെന്ന് താമരശ്ശേരി ബിഷപ്പ്  

കോഴിക്കോട്- സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം മറ്റൊരു ഓഖി ദുരന്തമാണെന്ന് താമരശ്ശേരി ബിഷപ്പ് 
മാര്‍.റെമിജിയോസ് ഇഞ്ചനാനിയേല്‍ കുറ്റപ്പെടുത്തി. പുതുക്കിയ മദ്യനയത്തിന്റെ ഫലം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ബിഷപ്പ് മുന്നറിയിപ്പ് നല്‍കി. മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂരില്‍ സര്‍ക്കാരിനെതിരെ പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുത്ത ജനത്തോട് സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന മദ്യനയം. സിനിമാ താരങ്ങളെ ഉള്‍പ്പെടെ അണിനിരത്തി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളുടെ ലംഘനമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. മദ്യ വര്‍ജനം എന്ന പൊള്ളയായ വാഗ്ദാനം നല്‍കി ഒരു ജനതയെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാരിന് പണമില്ലെന്ന് കരുതി ഏത് രീതിയിലും പണമുണ്ടാക്കാന്‍ ശ്രമിക്കരുത്. പാവപ്പെട്ടവരുടെ പേര് പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാര്‍ പാവങ്ങളെ ചൂഷണം ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇവിടെ മദ്യം ഒഴുക്കണമോ എന്ന് കാര്യത്തില്‍ ജനങ്ങളുടെ ഇഷ്ടമറിയാന്‍ ഒരു ഹിതപരിശോധനയ്ക്ക് സര്‍ക്കാരിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

Latest News