ദല്‍ഹി നഗരസഭ തെരഞ്ഞെടുപ്പ് സമയത്തു നടത്തി ബിജെപി ജയിച്ചാല്‍ എഎപി രാഷ്ട്രീയം വിടുമെന്ന് കെജ്‌രിവാള്‍

ന്യൂദല്‍ഹി- ദല്‍ഹിയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതില്‍ പ്രതിഷേധിച്ച് ബിജെപിക്കെതിരെ ആം ആദ്മി പാര്‍ട്ടി. ദല്‍ഹിയിലെ മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ സമയത്തു തന്നെ നടത്തി ബിജെപി ജയിക്കുകയാണെങ്കില്‍ എഎപി രാഷ്ട്രീയ രംഗം വിടുമെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. സമയത്തു തന്നെ തെരഞ്ഞെടുപ്പു നടത്താന്‍ ബിജെപി അദ്ദേഹം വെല്ലുവിളിച്ചു.

ദല്‍ഹിയില്‍ നോര്‍ത്ത്, ഈസ്റ്റ്, സൗത്ത് മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ ഒറ്റ മുനിസിപ്പല്‍ കോര്‍പറേഷന്‍ ആക്കാനുള്ള ബില്ലിന് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപിക്കെതിരെ ആക്രമണവുമായി എഎപി രംഗത്തെത്തിയത്. പരാജയഭീതി കാരണമാണ് ബിജെപി നഗരസഭകളെ ഒന്നാക്കി മാറ്റുന്നതെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു. മുനിസപ്പല്‍ കോര്‍പറേഷനുകെ ഒന്നാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നീട്ടിവച്ചിരിക്കുന്നത്.

ബിജെപി ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ്. പക്ഷെ ഒരു ചെറിയ രാഷ്ട്രീയ പാര്‍ട്ടിയേയും ഒരു ചെറിയ തെരഞ്ഞെടുപ്പിനേയും അവര്‍ ഭയക്കുകയാണെന്നും കെജ്രിവാള്‍ പറഞ്ഞു. പരാജയം പേടിച്ച് നഗരസഭാ തെരഞ്ഞെടുപ്പ് നീട്ടിവെക്കുകയാണെങ്കില്‍ നാളെ ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പുകളും മാറ്റിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest News