മുല്ലപ്പെരിയാര്‍ സുരക്ഷ പരിശോധനക്ക് നാലു വര്‍ഷംകൂടി സമയമുണ്ടെന്ന് തമിഴ്‌നാട്

ന്യൂദല്‍ഹി- മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്തിയ ശേഷം മാത്രം സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി.

പാര്‍ലമെന്റ് പാസ്സാക്കിയ നിയമ പ്രകാരം അണക്കെട്ടിന്റെ സുരക്ഷാ പരിശോധന 2026നകം പൂര്‍ത്തിയാക്കിയാല്‍ മതി.
2021ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ നിയമപ്രകാരം അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച പരിശോധന, ഉടമസ്ഥരായ സംസ്ഥാനങ്ങള്‍ നടത്തണം. ആദ്യ സുരക്ഷ പരിശോധന നിയമം പാസ്സാക്കി അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ നടത്തിയാല്‍ മതി. അതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ പരിശോധന പൂര്‍ത്തിയാക്കാന്‍ നാല് വര്‍ഷം കൂടിയുണ്ടെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിട്ടുണ്ട്.

അണക്കെട്ടിന്റെ ഉടമകളായ തങ്ങളാണ് സുരക്ഷ പരിശോധന നടത്തേണ്ടതെന്നും സത്യവാങ്മൂലത്തില്‍ തമിഴ്നാട് പരാമര്‍ശിച്ചു്. അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധര്‍ അടങ്ങിയ സ്വതന്ത്ര സമിതിയാകണം അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തേണ്ടതെന്നാണ് കേരളത്തിന്റെ നിലപാട്.

2006 ലും 2014 ലും സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരുവുകളില്‍ അണക്കെട്ടില്‍ ബലപ്പെടുത്തല്‍ നടപടികള്‍ നടത്താമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മുല്ലപ്പെരിയാര്‍ ഡാമും ബേബി ഡാമും ബലപ്പെടുത്തുന്നതിനുള്ള നടപടികള്‍ കേരളം തടസ്സപ്പെടുത്തുന്നുവെന്നും തമിഴ്നാട് സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലത്തില്‍ ആരോപിച്ചു.

 

Latest News