മിഠായി കഴിച്ച് നാലു കുട്ടികള്‍ മരിച്ചെന്ന് സംശയം, അന്വേഷണത്തിന് ഉത്തരവ്

ലഖ്നൗ- മിഠായി കഴിച്ച് നാല് കുട്ടികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കുശിനഗറിലാണ് സംഭവം. വീട്ടുവാതില്‍ക്കല്‍ കണ്ട മിഠായി കഴിച്ചാണ് കുട്ടികള്‍ മരണപ്പെട്ടതെന്ന് മാതാപിതാക്കള്‍ പരാതിപ്പെട്ടു.
മിഠായിക്ക് പുറമേ വാതില്‍ക്കല്‍ പണം ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. വാതിലിനരികില്‍ മിഠായി കണ്ട മുതിര്‍ന്ന കുട്ടി അതെടുത്ത് മറ്റ് കുട്ടികളുമായി പങ്കിട്ട് കഴിക്കുകയായിരുന്നു. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് നാല് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. കുട്ടികളുടെ കുടുംബങ്ങള്‍ക്ക് അവശ്യമായ സഹായം നല്‍കാനും അദ്ദേഹം നിര്‍ദേശിച്ചു. കേസില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിന് മന്ത്രവാദവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

 

Latest News