തിരുവനന്തപുരം- നഗരത്തില്‍ ചെറിയതുറയിലും ഓവര്‍ബ്രിഡ്ജിനു സമീപവുമായി നടന്ന വ്യത്യസ്ത തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ നാലു പ്രതികള്‍കൂടി പിടിയില്‍. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ ചെറിയതുറയില്‍വെച്ച് കാറിടിച്ചു കൊല്ലാന്‍ ശ്രമിക്കുകയും, രണ്ടുപേരെ തട്ടിക്കൊണ്ടുപോയി ഗുരുതരമായി പരിക്കേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേരെക്കൂടിയാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്.
മലയിന്‍കീഴ് അന്തിയൂര്‍കോണം സ്വദേശി ശരത്ത് (29), തുണ്ടില്‍ വീട്ടില്‍ ഗോപീകൃഷ്ണ (18) എന്നിവരാണ് പിടിയിലായത്. ഈ കേസില്‍ നാലുപേര്‍ നേരത്തെ പിടിയിലായിരുന്നു.
ടെക്‌നോപാര്‍ക്ക് ജീവനക്കാരനെ ഓവര്‍ ബ്രിഡ്ജിനു സമീപം ആക്രമിച്ച് മൊബൈല്‍ ഫോണുകളും ബൈക്കും മോഷ്ടിച്ചെടുക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി എ.ടി.എമ്മില്‍നിന്നു പണം തട്ടുകയും ചെയ്ത സംഘത്തിലെ രണ്ട് പ്രതികളെ വഞ്ചിയൂര്‍ പോലീസും അറസ്റ്റുചെയ്തു. നേമം ചാനല്‍കര വീട്ടില്‍ ഗിരി (ലോട്ടി-24), നേമം ഉടക്കോട് സ്വദേശി ഷാജഹാന്‍ (24) എന്നിവരെയാണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റുചെയ്തത്, ഈ കേസില്‍ മൂന്ന് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു.