കോട്ടയം- ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല മാറ്റിയ സംഭവത്തില്‍ മുന്‍ മേല്‍ശാന്തി കാഞ്ഞങ്ങാട് തളിയില്‍ കേശവന്‍ സത്യേഷ്, ദേവസ്വം തിരുവാഭരണം കമ്മിഷണര്‍ എസ്.അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ.
ദേവസ്വം വിജിലന്‍സ് എസ്പി പി. ബിജോയ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന് അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന 81 മുത്തുകളുള്ള സ്വര്‍ണ രുദ്രാക്ഷമാല കാണാതായതു സംബന്ധിച്ചായിരുന്നു അന്വേഷണം. ഇതിനെപ്പറ്റിയുള്ള അന്വേഷണത്തിനിടയിലാണ് ശ്രീകോവിലില്‍ അഗ്‌നിബാധയുണ്ടായതായും വിവരം ലഭിച്ചത്.
വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ഇന്നു ചര്‍ച്ച ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ പറഞ്ഞു.
23 ഗ്രാം സ്വര്‍ണം കെട്ടിയ 81 മുത്തുകളുള്ള രുദ്രാക്ഷ മാല മാറ്റി പകരം 72 മുത്തുകളുള്ള രുദ്രാക്ഷ മാല വെച്ചുവെന്നാണ് കേശവന്‍ സത്യേഷിനെതിരെയുള്ള ആരോപണം. ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ സംബന്ധിച്ച് കണക്കെടുപ്പ് നടത്തുന്നതിലെ വീഴ്ചയാണ് കമ്മിഷണര്‍ക്കെതിരെയുള്ളത്. ശ്രീകോവിലിലെ തീപിടിത്തം മൂലം കേടുപറ്റിയ സ്വര്‍ണപ്രഭ ദേവസ്വം ബോര്‍ഡിനെ അറിയിക്കാതെ വിളക്കിച്ചേര്‍ത്തതിന് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിക്ക് നിര്‍ദേശമുണ്ട്.
ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തി നിയമനത്തിനുള്ള ബോണ്ട് തുക ഒരു ലക്ഷമായി ഉയര്‍ത്തണമെന്നും നിയമനത്തിനു മുന്‍പ് വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സൂക്ഷിക്കണമെന്നും ശുപാര്‍ശകളില്‍ പറയുന്നു.