കൊണ്ടോട്ടി - കൊണ്ടോട്ടിയിൽ ടോറസും ബസ്സും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ കൊണ്ടോട്ടി ബൈപാസ് റോഡിൽ നിയന്ത്രണംവിട്ട ലോറിയുമായി കൂട്ടിയിടിച്ച് ബസ് മറിഞ്ഞാണ് യാത്രക്കാരി മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്‌സിങ് ഓഫിസറായ സി. വിജി (26) ആണ് മരിച്ചത്. അപകടം നടന്നയുടൻ വിജിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൊറയൂരിൽ നിന്നാണ് വിജി ബസിൽ കയറിയത്. അപകടത്തിൽ ഇരുപതോളം യാത്രക്കാർക്ക് പരിക്കുണ്ട്.
വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിലിന്റെ മകളും ഒഴുകൂർ സ്വദേശി സുജീഷിൻറെ ഭാര്യയുമാണ് വിജി.
ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു കൊണ്ടോട്ടി ബൈപ്പാസിന് സമീപം അപകടം നടന്നത്. മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ഐവിൻ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഓടിയെത്തിയ നാട്ടുകാരും െ്രെഡവർമാരും കച്ചവടക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിനുള്ളിൽ കുടുങ്ങിയവരെ ഉടൻ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു.
കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് ബസ്സിൽ ഇടിക്കുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുതി തൂൺ തകർന്നു.