ന്യൂദൽഹി- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 84ാമത് പ്ലീനറി സമ്മേളനത്തിന് ദൽഹിയിൽ തുടക്കമായി. ഇന്ദിരാ ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി സമ്മേളനം ഉൽഘാടനം ചെയ്തു. രാജ്യത്തെങ്ങും വെറുപ്പ് പടരുകയാണെന്നും രാജ്യം വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ കർത്തവ്യം രാജ്യത്തെ ഒന്നിപ്പിക്കലാണ്. ഇതിനായി നാം ഒരുമിച്ച് മുന്നിട്ടറിങ്ങണം. കോൺഗ്രസിനു മാത്രമെ ഈ രാജ്യത്തിനു വഴികാട്ടാൻ കഴിയൂവെന്ന് ഉൽഘാടന പ്രസംഗത്തിൽ രാഹുൽ പറഞ്ഞു. ബി.ജെ.പി വെറുപ്പിന്റെ ഭാഷയാണ് പ്രയോഗിക്കുന്നത്. എന്നാൽ നമ്മൾ സ്‌നേഹമാണ് ഉപയോഗിക്കുന്നത്. ഈ രാജ്യം എല്ലാവരുടേതുമാണ്. എല്ലാം ഉൾക്കൊണ്ടാണ് നാം മുന്നോട്ടുപോകുന്നത്. രാജ്യത്തെ ഒന്നിച്ച് നയിക്കാനും മുന്നോട്ടുകൊണ്ടുപോകാനും കോൺഗ്രസിന് മാത്രമേ കഴിയൂ. ഞാനിവിടെ അധികം പ്രസംഗിക്കുന്നില്ല. നിങ്ങൾ പറയുന്നത് കേൾക്കാനാണ് ഞാനിരിക്കുന്നത്. അതിന് ശേഷം ഇക്കാര്യത്തിലുള്ള എന്റെ അഭിപ്രായം പറയാമെന്നും രാഹുൽ വ്യക്തമാക്കി.
കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ.കെ.ആന്റണി അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയത്തോടെയാണ് പ്ലീനറി സമ്മേളനത്തിന് തുടക്കമാകുക. പ്രതിപക്ഷ മഹാസഖ്യമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. നിലവിലുള്ള സഹചര്യത്തിൽ ബി.ജെ.പിയെ താഴെയിറക്കാനാകുമെന്നും കോൺഗ്രസ് ലക്ഷ്യമിടുന്നു.
മാറ്റത്തിനു സമയമായി എന്ന മുദ്രാവാക്യവുമായി നടക്കുന്ന പ്ലീനറി സമ്മേളനത്തിൽ നിരവധി ചർച്ചകളും പ്രമേയ അവതരണങ്ങളും നടക്കും. പാർട്ടിയുടെ അടുത്ത അഞ്ചു വർഷത്തെ കർമ പദ്ധതിക്കും രൂപം നൽകും. ഞായറാഴ്ച്ചയാണ് സമ്മേളനം സമാപിക്കുക. പുതിയ പ്രവർത്തക സമിതിയേയും സമ്മേളനത്തിൽ തെരഞ്ഞെടുക്കും.






