Sorry, you need to enable JavaScript to visit this website.

പ്രശാന്ത് കിഷോര്‍ ഉറ്റസുഹൃത്ത്, കൂലി വാങ്ങുന്നയാളല്ല, പുതിയ ദേശീയ ദൗത്യത്തെ കുറിച്ച് കെ.സി.ആര്‍

ഹൈദരാബാദ്- തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി നടത്തിയ കൂടിക്കാഴ്ചയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു.
കഴിഞ്ഞ ഏഴ് വര്‍ഷമായി അദ്ദേഹം തന്റെ ഉറ്റ സുഹൃത്താണെന്നും ദേശീയ രാഷ്ട്രീയത്തില്‍ മാറ്റം കൊണ്ടുവരാനാണ് കൈകോര്‍ത്തതെന്നും ചന്ദ്രശേഖര്‍ റാവു പറഞ്ഞു. ഞങ്ങളുടെ കൂടിക്കാഴ്ചയെ എന്തിനാണ് പാര്‍ട്ടികള്‍ ഭയപ്പെടുന്നതെന്ന് അദ്ദേഹം ചോദിച്ചു.
പ്രശാന്ത് കിഷോര്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നു. മറച്ചുവെക്കാന്‍ ഒന്നുമില്ല. ദേശീയ രാഷ്ട്രീയത്തില്‍ മാറ്റം കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി അദ്ദേഹം ഈ രാജ്യത്തിന്റെ ഭാഗമായ തെലങ്കാനയിലും പ്രവര്‍ത്തിക്കും. ഇതില്‍ എന്താണ് തെറ്റ്- കെ.സി.ആര്‍ ചോദിച്ചു.
പ്രശാന്ത് കിഷോര്‍ ഒരിക്കലും തന്റെ ജോലിക്ക് പണം വാങ്ങിയിട്ടില്ലെന്നും  ആരോപണം തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണെന്നും  മുഖ്യമന്ത്രി പറഞ്ഞു. പ്രശാന്ത് കിഷോര്‍ കൂലി വാങ്ങുന്ന തൊഴിലാളിയല്ല. ആളുകളുടെ പള്‍സ് അളക്കുന്നതില്‍ അദ്ദേഹം സമര്‍ത്ഥനാണ്. 12 സംസ്ഥാനങ്ങളില്‍ ബിജെപി ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി പ്രവര്‍ത്തിച്ച പ്രതിബദ്ധതയുള്ള വ്യക്തിയാണ് അദ്ദേഹം. രാജ്യത്തിന്റെ പുരോഗതിക്കായി ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നും കെ.സി.ആര്‍ കൂട്ടിച്ചേര്‍ത്തു. പ്രശാന്ത് കിഷോറുമായി തെലങ്കാന മുഖ്യമന്ത്രി 300 കോടി രൂപയുടെ കരാറുണ്ടാക്കിയെന്ന് അഭ്യൂഹം പരന്നിരുന്നു.

 

Latest News