Sorry, you need to enable JavaScript to visit this website.

ഇരുപത് വർഷം ഓടിയ വാണിജ്യ വാഹനങ്ങൾ നിരോധിക്കും

ന്യൂദൽഹി- ഇരുപത് വർഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്താൻ സർക്കാർ തീരുമാനം. 2020 മുതൽ ഇതു പ്രാബല്യത്തിൽ വരും. ഇതു പ്രകാരം 2000ൽ രജിസ്റ്റർ ചെയ്ത ടാക്‌സികൾ, മുച്ചക്ര വാഹനങ്ങൾ, ട്രക്കുകൾ, ബസുകൾ തുടങ്ങിയ വാണിജ്യ വാഹനങ്ങൾ 2020 ഏപ്രിൽ ഒന്നു മുതൽ നിരത്തിലിറക്കാൻ പാടില്ല. ഇതിനുശേഷം 20 വർഷ കാലാവധി പൂർത്തിയാക്കുന്ന വാണിജ്യ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ  സ്വമേധയാ റദ്ദാകും. പ്രധാനമന്ത്രിയുടെ ഓഫീസിൽ ചേർന്ന ഉന്നത തല യോഗമാണ് ഈ  നയത്തിന് അംഗീകാരം നൽകിയത്. ഇതു സ്വകാര്യ വാഹനങ്ങൾക്കു ബാധകമല്ല. മലിനീകരണ ചട്ടങ്ങൾ പാലിക്കുന്ന കാലത്തോളം സ്വകാര്യ കാറുകൾക്കും ബൈക്കുകകൾക്കും നിരത്തിലോടാം. 

പുതിയ നയം നടപ്പിലാകുന്നതോടെ ചുരുങ്ങിയത് ഏഴു ലക്ഷം വാണിജ്യ വാഹനങ്ങളെങ്കിലും നിരത്തിനു പുറത്താകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. 2000നു മുമ്പ് രജിസ്റ്റർ ചെയ്ത ഏതാണ്ട് 15 ലക്ഷത്തോളം വാഹനങ്ങളുണ്ടെന്നാണ് കണക്ക്. 2020 മുതൽ ഇവക്ക് നിരത്തിലിറങ്ങാനാവില്ല. കാലപ്പഴക്കം ചെന്ന ഈ വാഹനങ്ങൾ അമിതമായി മലിനീകരണമുണ്ടാക്കുന്നു എന്നതാണ് വിലക്കാൻ പ്രധാന കാരണം. നേരത്തെ 15 വർഷ കാലാവധിയാണ് ഈ വാഹനങ്ങൾക്ക് ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നത്്. ഇത് 20 വർഷമാക്കി വർധിപ്പിച്ചു. പല ഉടമകൾക്കും വാഹനങ്ങൾ മാറ്റാൻ സമയം ലഭിക്കില്ലെന്ന പരാതിയെ തുടർന്നാണിത്. 

മോട്ടോർ വാഹന നിയമം 59ാം വകുപ്പു പ്രകാരം വാഹനങ്ങളുടെ കാലാവധി നിശ്ചയിക്കാനുള്ള അധികാരം സർക്കാരിനുണ്ട്. കാലാവധി പൂർത്തിയാക്കിയ വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൽ വാങ്ങുന്നവർക്ക് നികുതി ഇളവു നൽകുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്്. ഇവർക്ക് ജിഎസ്ടി ഇളവ് നൽകുന്ന കാര്യം ജിഎസ്ടി കൗൺസിൽ പരിഗണിക്കും.
 

Latest News