Sorry, you need to enable JavaScript to visit this website.

വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്, ഷെഡ്യൂള്‍ പ്രഖ്യാപിച്ച് സിയാല്‍

നെടുമ്പാശ്ശേരി- മാര്‍ച്ച് 27ന് ഇന്ത്യയില്‍നിന്നു അന്താരാഷ്ട്ര ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (സിയാല്‍) വേനല്‍ കാല സമയ പട്ടിക പ്രഖ്യാപിച്ചു. 2022 മാര്‍ച്ച് 27 മുതല്‍ ഒക്ടോബര്‍ 29 വരെ ആണ് കാലാവധി. കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിലെ വേനല്‍ കാല സമയ പട്ടികയില്‍ പ്രതിവാരം 1190 സര്‍വീവുകളാണ് ഇടം പിടിച്ചിട്ടുള്ളത്.

വേനല്‍കാല സമയപട്ടിക പ്രാബല്യത്തില്‍  വരുന്നതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു 20 എയര്‍ലൈനുകള്‍  രാജ്യാന്തര സര്‍വീസുകള്‍ നടത്തും. ഇതില്‍ 16 എണ്ണം വിദേശ വിമാന കമ്പനികള്‍ ആണ്. ഇന്ത്യന്‍ വിമാന കമ്പനി ആയ ഇന്‍ഡിഗോ ആണ് രാജ്യന്തര സര്‍വീസുകളില്‍ മുന്നില്‍. ഇന്‍ഡിഗോ ആഴ്ചയില്‍ 42 ഡിപാര്‍ച്ചര്‍ സര്‍വീസ് നടത്തും. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് 38, എയര്‍ ഏഷ്യ ബെര്‍ഹാദ് 21, ഇതിഹാദ് 21, എമിറേറ്റ്‌സ് 14, ഒമാന്‍ എയര്‍ 14, ഖത്തര്‍ എയര്‍ 14, സൗദി അറേബ്യന്‍ 14, കുവൈറ്റ് എയര്‍ 8, തായ് എയര്‍ ഏഷ്യ 4, ശ്രീലങ്കന്‍ 10, ഗള്‍ഫ് എയര്‍ 7, ഫ്‌ളൈ ദുബായ് 3, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് 7, സ്‌പൈസ് ജറ്റ് 6 എന്നിങ്ങനെ ആണ് പ്രമുഖ എയര്‍ലിനുകളുടെ  പ്രതിവാര പുറപ്പെടല്‍ സര്‍വീസുകള്‍. ദുബായിലേക്കു മാത്രം ആഴ്ചയില്‍ 44 വിമാനങ്ങള്‍ പറക്കും. അബുദാബിയിലേക്ക് 42, ലണ്ടനിലേക്ക് 3, ബാങ്കോക്കിലേക്ക്  4 എന്നിങ്ങനെ പ്രതിവരാ സര്‍വീസുകള്‍ ഉണ്ട്. 

ആഭ്യന്തര വിമാന സര്‍വീസുകളുടെ  കാര്യത്തിലും പുതിയ വേനല്‍കാല സമയ പട്ടികയില്‍ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ 13 നഗരങ്ങളിലേക്ക് കൊച്ചിയില്‍നിന്ന് വിമാനങ്ങള്‍ ഉണ്ടാവും. ആഴ്ചയില്‍ ദല്‍ഹിയിലേക്ക് 63, മുംബൈയിലേക്ക് 55, ഹൈദരാബാദിലേക്ക്  39, ചെന്നൈയിലേക്ക്  49, ബാംഗ്ലൂരിലേക് 79, കല്‍ക്കട്ടയിലേക്ക് 7 സര്‍വീസുകള്‍ ഉണ്ടാവും. പൂനെ, തിരുവനന്തപുരം മൈസൂര്‍, കണ്ണൂര്‍, ഹുബ്ലി,അഗതി അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് പ്രതിദിന സര്‍വീസ് ഉണ്ടാകും.

കോവിഡ് കാലഘട്ടത്തില്‍ യാത്ര സുഗമമാകാന്‍ സിയാല്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായി വിമാന കമ്പനികളുടെ വിശ്വാസം വര്‍ധിച്ചതാണ് വേനല്‍കാല സമയ പട്ടികയിലെ സര്‍വീസുകളുടെ എണ്ണം കൂടാന്‍ കാരണമായത് എന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ. എസ് അറിയിച്ചു. ബഹുമാനപ്പെട്ട ചെയര്‍മാന്റെയും ഡയറക്ടര്‍ ബോര്‍ഡിന്റെയും നേതൃത്വത്തില്‍  സിയാലില്‍നിന്നു എല്ലാ പ്രമുഖ നഗരങ്ങളിലേക്കും വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ശ്രമം നടത്തിയിരുന്നു. കൊച്ചിയെ ദിക്ഷിണ ഇന്ത്യയിലെ വിമാന സര്‍വീസ് ഹബ് ആക്കാന്‍ ഇത് കരുത്ത് പകരും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ- സുഹാസ് കൂട്ടിച്ചേര്‍ത്തു.

Latest News