Sorry, you need to enable JavaScript to visit this website.

വാദി ലജബിലേക്ക് സഞ്ചാരികളുടെ പ്രവാഹം

മരുഭൂമിയിലെ പറുദീസ എന്നറിയപ്പെടുന്ന വാദി ലജബ് സൗദി അറേബ്യയിലെ മനോഹരമായ താഴ്‌വരയാണ്. പ്രകൃതി സൗന്ദര്യം ഏറ്റവും മികച്ച രീതിയിൽ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഒന്നാണ്  വാദി ലജബ്. ദശലക്ഷക്കണക്കിന് വർഷത്തെ ഭൂകമ്പവും അഗ്‌നിപർവത പ്രവർത്തനങ്ങളുണ്ടായതും വാദി ലജബ് മലയിടുക്കുകളുടെ രൂപീകരണത്തിന് കാരണമായി.  സൗദിയിലെ പ്രധാന  ചരിത്ര സ്ഥലമായിട്ടാണ് വാദി ലജബിനെ കാണുന്നത്. ഉയർന്ന പാറക്കെട്ടുകളുടെ മതിലുകൾ, ഇടുങ്ങിയ പാതകൾ, ജലധാരകൾ, സമൃദ്ധമായ സസ്യജാലങ്ങൾ, പാറകൾ, വന്യജീവികൾ, ചെറിയ വെള്ളച്ചാട്ടങ്ങൾ, ശുദ്ധജല കുളങ്ങൾ എന്നിവ സന്ദർശകരെ ആകർഷിക്കുന്നു. 30 മീറ്ററിലധികം ഉയരമുള്ള ഈത്തപ്പനകൾ പോലുള്ള ഉയരമുള്ള മരങ്ങളുടെ തണലിൽ വിനോദ സഞ്ചാരികൾക്ക് ഈ പ്രദേശം ആകർഷണീയമാവുന്നു . താഴ്‌വരയിലെ സന്ദർശകർക്ക് പ്രദേശത്തിന്റെ പ്രകൃതി ഭംഗിയിലും അതുല്യമായ ഭൂമിശാസ്ത്രപരമായ ഘടനയിലും അത്ഭുതകരമായ നിമിഷങ്ങൾ ചെലവഴിക്കാനാകും.
ജിസാനിൽ നിന്ന് 120-125 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വാദി ലജബ് തെക്കൻ സൗദി അറേബ്യയിലെ മനോഹരമായ മലയിടുക്കാണ്. ജിസാൻ നഗരത്തിൽ നിന്ന് വാദിയിലേക്കുള്ള യാത്രക്ക് ഏകദേശം 2 മണിക്കൂർ എടുക്കും. വാദി ലജബിലേക്ക് പോവുന്നത്  മലകളോട് ചാരിയുള്ള റോഡിലൂടെയാണ്. വാദിലജബിലേക്കുള്ള യാത്രയിൽ  അതിമനോഹരമായ കാഴ്ചയാണ് വിനോദ സഞ്ചാരികൾക്ക് കാണാൻ കഴിയുന്നത്. റോഡിന്റെ രണ്ടു ഭാഗങ്ങളും കൂറ്റൻ മലകളുടെ ഇടയിലൂടെയാണ്. 
സൗദി അറേബ്യയിലെ ജിസാനടുത്ത് കുത്തനെ വശങ്ങളുള്ള രണ്ട് ഉയർന്ന പാറക്കെട്ടുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു താഴ്‌വരയാണ്  വാദി ലജബ്. അഞ്ച് കിലോമീറ്റർ നീളവും 3 മുതൽ 30 കിലോമീറ്റർ വരെ വീതിയുമുള്ള മലയിടുക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 300-800 മീറ്ററിലധികം ഉയരമുള്ള ഇടുങ്ങിയ പാതയും ഉയർന്ന ഉയരവും കൂടിയതുകൊണ്ട്  സഞ്ചാരികൾക്ക് അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ പ്രദാനം ചെയ്യുന്നു. ഇഴജന്തുക്കളുടെയും ഇടതൂർന്ന പായലിന്റെയും പച്ച ആവരണം താഴ്‌വരയുടെ ഇരുവശവും മൂടികിടക്കുന്നു. ആ ഭാഗങ്ങൾ  തൂങ്ങിക്കിടക്കുന്നത് കാണുമ്പോൾ പൂന്തോട്ടത്തിന്റെ രൂപവും ഭംഗിയുമാണ്.  ഏകദേശം 200 മീറ്റർ ഉയരത്തിൽ, ഒലിവ്, ഈത്തപ്പന എന്നിവ എളുപ്പത്തിൽ കാണാൻ കഴിയും.   ഇടത്തരം വെള്ളച്ചാട്ടങ്ങളും നിരവധി കുളങ്ങളും മലയിടുക്കിന്റെ അടിത്തട്ടിലൂടെ കടന്നുപോകുന്ന അരുവികൾ  സൃഷ്ടിക്കപ്പെടുന്നു. സന്ദർശകർക്ക് പ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യവും അതിശയകരമായ ഭൂഗർഭ ശാസ്ത്രവും ആനന്ദിച്ചുകൊണ്ട്  അതിശയകരമായ നിമിഷങ്ങൾ ചെലവഴിക്കാൻ വാദി ലജബിൽ കഴിയും. മലമുകളിൽ കയറാൻ  കയറുകളാണ് ഉപയോഗിക്കുന്നത്. ഓരോ മലമുകളിലേക്ക്  മനോഹരമായ താഴ്‌വരയിലേക്കുള്ള സുഖപ്രദമായ സന്ദർശനത്തിനായി സ്ഥലത്തിന് ചുറ്റും വിശ്രമ സ്ഥലങ്ങളുണ്ട്. നവംബർ മുതൽ മാർച്ച് വരെയുള്ള ശൈത്യകാലമാണ് താഴ്‌വര സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ കാലയളവിൽ വാദി ലജബിലെ കാലാവസ്ഥ മനോഹരമാണ്.  മഴ സമയത്ത് നിരവധി കുളങ്ങളും അരുവികളും ഒഴുകുന്നത്  സന്ദർശകർക്ക് കാണാൻ കഴിയും.
വാദി ലജബിൽ സമൃദ്ധമായ പച്ചപ്പ്,  മോഹിപ്പിക്കുന്ന അരുവികൾ, പാറക്കെട്ടുകൾ, വാദി ലജബ് വെള്ളച്ചാട്ടങ്ങൾ എന്നിവയും നിരവധി വിനോദങ്ങളുണ്ട്. ഹൈക്കിംഗ്, റോക്ക് ക്ലൈംബിംഗ്, മീൻപിടിത്തം, ഡൈവിംഗ് എന്നിവ ഇവിടെ സാധ്യമാണ്. 
മലകളാൽ ചുറ്റപ്പെട്ട താഴ്‌വര ഒരു മികച്ച കാൽനട യാത്രാ സ്ഥലമാണ്.  ഇടവേളകളിൽ ഉയർന്നുവരുന്ന ഒരു ജലപ്രവാഹവും അപ്രത്യക്ഷമാകുന്നു. മലയിടുക്കിന്റെ വ്യതിരിക്തമായ ഭൂമിശാസ്ത്രപരമായ ഘടനകൾ പര്യവേക്ഷണം ചെയ്യാൻ കാൽനട യാത്രക്കാർക്ക് ഇവിടെ അവസരം ലഭിക്കും. ബസാൾട്ട്, മാർബിൾ, ഗ്രാനൈറ്റ് തുടങ്ങിയ വിവിധ തരം പാറകൾ അതിന്റെ വളവിലൂടെയുള്ള കാൽനട യാത്രയിൽ കാണാം. വിനോദ സഞ്ചാരികൾ സുരക്ഷാ പ്രധാനമായ വസ്ത്രങ്ങളും അപകടം പറ്റാതിരിക്കാനുള്ള ഉപകരണങ്ങളും കൈയിൽ കരുത്തേണ്ടതാണ്.  കൂടാതെ   ഹെഡ്‌ലാമ്പും ക്യാമറക്കും മറ്റു സാധനങ്ങൾക്കുമായി വെള്ളം നനയാത്ത  ബാഗും കൊണ്ടുപോകൽ നിർബന്ധമാണ്.
റോക്ക് ക്ലൈംബിംഗ് വേദിയായി ജസാൻ ടൂറിസം ഡെവലപ്‌മെന്റ് കൗൺസിലിന്റെ സാക്ഷ്യപത്രവും വാദി ലജാബ് നേടിയിട്ടുണ്ട്. മലകയറുന്നവർക്ക് മുകളിലോ താഴെയോ പ്രകൃതിദത്ത പാറക്കൂട്ടങ്ങളിലൂടെയോ സഞ്ചരിക്കുമ്പോൾ പ്രത്യേക അനുഭൂതിയാണുണ്ടാവുക. 
സഹിഷ്ണുത, ചടുലത, സന്തുലിതാവസ്ഥ എന്നിവയും മാനസിക നിയന്ത്രണവും ചുറ്റുമുള്ള  പാറ കയറ്റത്തിൽ അനുഭവപ്പെടുന്നു. ഓരോ ഭാഗത്തും മല കയറാൻ കയറുകൾ കൊണ്ടാണ് സജ്ജീകരണങ്ങൾ ചെയ്തിട്ടുള്ളത്.    മല കയറുന്നവർ  പതുക്കെയാണ്  തുടങ്ങേണ്ടത്. മലകയറി പരിചയമുള്ളവരോട് കാര്യങ്ങൾ അറിഞ്ഞതിനു ശേഷമേ മലകയറാൻ തുടങ്ങേണ്ടത്. മല കയറാൻ പോകുന്നവർ  സുരക്ഷാ ഉപകരണങ്ങൾ  കൈയിൽ കരുത്തേണ്ടതാണ്.  ഉയരങ്ങൾ കയറാൻ ഭയമുള്ളവർ ശ്രദ്ധിക്കണം. 
വിവിധതരം മത്സ്യങ്ങളുള്ള കുളങ്ങളാണ് വാദിയുടെ അരുവിയിൽ കാണുന്നത്. വാദിയുടെ അരുവിയിലൂടെ  ചെറിയ ചെറിയ  വെള്ളച്ചാട്ടങ്ങളും ആഴത്തിലുള്ള നിരവധി കുളങ്ങളും ഉണ്ടാകുന്നു.   താഴ്‌വരയിലുള്ള   മീൻ പിടിത്തം കൂടുതലായി ആസ്വദിക്കാൻ വിനോദ സഞ്ചാരികൾക്ക്  കഴിയും. പല പ്രദേശത്ത് നിന്നും വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്  വാദി ലജബിലേക്ക്.  സൗദി അറേബ്യയിൽ  നിർബന്ധമായും കാണേണ്ട ടൂറിസ്റ്റ് സ്‌പോട്ടാണ്  വാദി ലജബ്.

Latest News