VIDEO പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ചു

മഥുര-ഉത്തര്‍പ്രദേശിലെ മഥുരയില്‍ മൃഗങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍  കൊണ്ടുപോകുകയായിരുന്ന പിക്കപ്പ് വാന്‍ െ്രെഡവറെ ഒരു കൂട്ടമാളുകള്‍ ക്രൂരമായി മര്‍ദിച്ചു. വാഹനത്തിനുള്ളില്‍ മൃഗങ്ങളുടെ എല്ലുകളും മറ്റും കണ്ടതിനെ തുടര്‍ന്നാണ് ഗ്രാമവാസികള്‍ വാഹനം തടഞ്ഞതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.ഗോമാംസം കടത്തുന്നുവെന്ന് ആരോപിച്ച്   30 വയസായ  മുസ്ലിം യുവാവിനെയാണ് ജനക്കൂട്ടം ആക്രമിച്ചത്. അതേസമയം, വാഹനത്തില്‍ പശുക്കളെയോ ഗോമാംസമോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു.
മൃഗങ്ങളുടെ ശവശരീരങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള ഗ്രാമ ശുചീകരണ യജ്ഞത്തിന്റെ ഭാഗമാണ് വാഹനമെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
വാഹനത്തില്‍ പശുക്കളോ ഗോമാംസമോ കയറ്റിയിരുന്നില്ല. മര്‍ദനമേറ്റ  യുവാവിനെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.
ആള്‍ക്കൂട്ടം യുവാവിനെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന വീഡിയോ  
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
വെറുതെ വിടണമെന്ന് യുവാവ് യാചിക്കുന്നതായി വീഡിയോയില്‍ കാണാം.  പക്ഷേ ആള്‍ക്കൂട്ടം തുകല്‍ ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദനം തുടരുകയായിരുന്നു.  ഒരാള്‍ ഇടപെട്ട് ആക്രമണം തടയാന്‍ ശ്രമിച്ചെങ്കിലും രോഷാകുലരായ ഗ്രാമവാസികള്‍ അയാളെ  തള്ളിമാറ്റി.
വിവിധ വകുപ്പുകള്‍ പ്രകാരം നിരവധി പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.
മഥുരയിലെ ഗോവര്‍ദ്ധന്‍  സ്വദേശിയായ രാമേശ്വര്‍ വാല്‍മീകിയാണ് മൃഗങ്ങളുടെ ശവശരീരങ്ങള്‍ വാഹനത്തില്‍ സമീപ ജില്ലയിലേക്ക് അയച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. വാല്‍മീകിക്ക് ജില്ലാ പഞ്ചായത്തില്‍നിന്ന് ഇതിനായുളള ലൈസന്‍സുണ്ട്.  പ്രാഥമിക അന്വേഷണത്തില്‍ പശുക്കളെയോ ഗോമാംസമോ  കണ്ടെത്തിയിട്ടില്ല. മര്‍ദനമേറ്റ യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ഹിന്ദുത്വ സംഘടനകളില്‍ പെടുന്ന 16 പേരെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും  മഥുര പോലീസ് സൂപ്രണ്ട് മാര്‍ത്താണ്ഡ പ്രകാശ് സിംഗ് പറഞ്ഞു.

 

 

Latest News