Sorry, you need to enable JavaScript to visit this website.

രണ്ടു വർഷം നീണ്ട ദുരിതത്തിന് വിട; കർണാടക സ്വദേശി നാട്ടിലേക്ക് മടങ്ങി

അൽഹസ- രണ്ടു വർഷം നീണ്ട ദുരിത ജീവിതത്തിനു വിട നൽകി കർണാടക സ്വദേശി നാട്ടിലേക്കു മടങ്ങി. ഇന്ത്യൻ സോഷ്യൽ ഫോറം അൽഹസ ബ്ലോക്കിന്റെ ഇടപെടലിലാണ്, കാൻസർ രോഗിയായ ഉപ്പയെ കാണാൻ കർണാടക ഗുൽബർഗ സ്വദേശി ത്വയ്യിബ് നാട്ടിലേക്ക് തിരിക്കാനായത്. രണ്ടു വർഷം മുമ്പാണ് ഇയാൾ അൽഹസയിലെ റഷാദിയയിൽ കമ്പനിയിൽ ജോലിക്കായി എത്തിയത്. എന്നാൽ തൊഴിൽ കരാർ പൂർത്തിയായി രണ്ടു വർഷമായപ്പോൾ ഉപ്പയുടെ രോഗം മൂർഛിച്ചതിനെ തുടർന്ന് നാട്ടിലേക്ക് ലീവിന് അയക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടു. 
ഹോസ്പിറ്റൽ രേഖകളും ഫോട്ടോയും കാണിച്ചിട്ടും ലീവിന് വിടാനോ എക്‌സിറ്റ് നൽകാനോ, കൊടുക്കാനുള്ള ശമ്പളം നൽകാനോ കമ്പനി തയാറായില്ല, ഇതിനെ തുടർന്ന് സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ഹസയിൽ പരാതി കൊടുത്തെങ്കിലും സ്‌പോൺസറുടെ സ്ഥലം അബ്‌ഖൈക്കിൽ ആയതിനാൽ ശ്രമം വിഫലമായി. പിന്നീട് ഇന്ത്യൻ സോഷ്യൽ ഫോറം അൽഹസ ബ്ലോക്ക് പ്രസിഡന്റ് മുസ്തഫ പട്ടാമ്പിയുമായി ബന്ധപ്പെടുകയായിരുന്നു. 
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സോഷ്യൽ ഫോറം അൽഹസ വെൽഫെയർ ഇൻചാർജ് സുജി അബ്ദുറഹ്മാന്റെയും മൊഹീനുദ്ധീൻ ജിന്നയുടെയും നേതൃത്വത്തിൽ ത്വയ്യിബിന്റെ താമസസ്ഥലത്തെത്തി അടിയന്തര സഹായങ്ങൾ എത്തിച്ചു. നാട്ടിൽ വിടാത്തതിനാൽ കമ്പനിക്കെതിരെ പരാതി കൊടുത്തത് അറിഞ്ഞ കമ്പനി കരാർ കാലാവധി കഴിഞ്ഞതിനാലും ഇഖാമ കാലാവധി തീർന്നതിനാലും പതിനായിരം റിയാൽ നൽകിയാൽ നാട്ടിലയക്കാമെന്ന് പറഞ്ഞ് ജോലിയിൽ നിന്നും റൂമിൽ നിന്നും പുറത്താക്കി. 
പെരുവഴിയിലായ ത്വയ്യിബിനെ സോഷ്യൽ ഫോറം ഇടപെട്ട് താമസസ്ഥലം ശരിയാക്കി നൽകി. ഏറെ വൈകാതെ തന്നെ ദമാമിലെ കോടതിയിൽ നിന്നു ത്വയ്യിബിന് അനുകൂലമായ വിധി ഉണ്ടാകുകയും കമ്പനിയുമായി സംസാരിച്ചു രേഖകൾ ശരിയാക്കിയതിനാൽ നാട്ടിലേക്ക് പോകുവാനുള്ള വഴി തെളിയുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ച ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് പോയ ത്വയ്യിബ് തന്റെ തിരിച്ചുപോക്കിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത എല്ലാവർക്കും നന്ദി അറിയിച്ച് സന്തോഷത്തോടെയാണ് മടങ്ങിയത്.

Latest News