സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് എട്ട്് ലക്ഷം തട്ടിയ യുവാവിനെ പിടികൂടി

പത്തനംതിട്ട- തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്‌കൂളുകളില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. ആറന്‍മുള എരുമക്കാട് ഇടയാറന്‍മുള പരുത്തുപാറ രാധാനിലയം വീട്ടില്‍ രാകേഷ് കുമാര്‍ (36) ആണ് ഇലവുംതിട്ട പോലീസിന്റെ പിടിയിലായത്.
കുളനട ഉള്ളന്നൂര്‍ പൊട്ടന്‍മല സോണി നിവാസില്‍ സോണി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇയാളുടെ ഭാര്യയുടെ സഹോദരി രമ്യാ മോഹന് ജോലി തരപ്പെടുത്തികൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി പണം തട്ടിയത്. 2018 ഒക്ടോബര്‍ 20 മുതല്‍ 2020 ഡിസംബര്‍ 18 വരെയുള്ള കാലഘട്ടത്തിലാണ് പണം കബളിപ്പിച്ചെടുത്തത്. ആദ്യം പരാതിക്കാരനായ സോണിയുടെ വീട്ടില്‍വച്ച് മൂന്നു ലക്ഷം രൂപയും, രണ്ടാമത് പ്രതിയുടെ വീട്ടില്‍വച്ച് അഞ്ചുലക്ഷം രൂപയും കൈപ്പറ്റി. പിന്നീട് ദേവസ്വം ബോര്‍ഡിന്റെ വ്യാജ ലെറ്റര്‍പാഡില്‍ ഇന്റര്‍വ്യൂവിനുള്ള കത്ത് തയാറാക്കി നല്‍കി. എന്നാല്‍ ജോലി നല്‍കുകയോ കൈപ്പറ്റിയ തുക തിരികെ നല്‍കുകയോ ചെയ്തില്ല.
ഇലവുംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ബി. അയൂബ്ഖാന്റെ നേതൃത്വത്തില്‍ എസ്.ഐ മാനുവല്‍ നടത്തിയ വിശദമായ അന്വേഷണത്തില്‍ അപ്പോയിന്റ്‌മെന്റ് ഉത്തരവ് ആണെന്ന് വിശ്വസിപ്പിച്ച് 2021 ജൂണ്‍ 22 ന് നല്‍കിയ കത്ത് പോലീസ് കണ്ടെടുത്തു. കേസിലെ വാദിയുടെയും സഹോദരിയുടെയും പിതാവിന്റെയും വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളില്‍ നടത്തിയ ഇതുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ രേഖകളും പോലീസ് പിടിച്ചെടുത്തു. ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡിന്റെ തിരുവനന്തപുരം ആസ്ഥാനത്ത് അന്വേഷിച്ചപ്പോള്‍, ബോര്‍ഡുമായി പ്രതിക്ക് ബന്ധമൊന്നുമില്ലെന്നും വ്യക്തമായി.
ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഊര്‍ജ്ജിതമാക്കിയ അന്വേഷണത്തില്‍ പ്രതിയെ കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി.  പത്തനംതിട്ട ഡിവൈ.എസ്.പി  കെ.സജീവിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ എസ്.ഐ ശ്രീകുമാര്‍, സി.പി.ഒമാരായ ജയകൃഷ്ണന്‍, ഷഫീക്, ശ്രീലാല്‍, വിജേഷ് എന്നിവരാണുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Latest News