കാണാതായ അച്ഛനും മകളും ഡാമില്‍ മരിച്ച നിലയില്‍, ബൈക്ക് മറിഞ്ഞെന്ന് നിഗമനം

കോട്ടയം - പാമ്പാടി മീനടത്തുനിന്നു കഴിഞ്ഞ ദിവസം കാണാതായ അച്ഛന്റെയും പതിനേഴുകാരിയായ മകളുടെയും മൃതദേഹം കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവിലാണ് പാമ്പാടി മീനടം ചെമ്പന്‍കുഴിയില്‍ കുരുവിക്കൂട്ടില്‍ വിനീഷ് (49), മകള്‍ പാര്‍വതി (17) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ തിങ്കളാഴ്ച പുലര്‍ച്ചെ ഡാമില്‍ നിന്നു ഇരുവരും സഞ്ചരിച്ച ബൈക്കും മൃതദേഹവും കണ്ടെത്തുകയായിരുന്നു. ബൈക്ക് അപകടം ഉണ്ടായതാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അച്ഛനെയും മകളെയും കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരും സഞ്ചരിച്ച ബൈക്ക് അടിമാലിക്കു സമീപം ഡാമില്‍നിന്നു കണ്ടെത്തിയത്. ഇവര്‍ക്കായി പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് രണ്ടു പേരും സഞ്ചരിച്ച ബൈക്ക് ഡാമില്‍നിന്നു കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹങ്ങളും കണ്ടെടുത്തു.  
വിനീഷും മകളും ഞായറാഴ്ചയാണ് കുഴിത്തുളിവിലുള്ള അമ്മയെ കാണുന്നതിന് ബൈക്കില്‍ വീട്ടില്‍നിന്നു യാത്ര തിരിച്ചത്. രണ്ടു പേരെയും കാണാതെ വന്നതോടെ ബന്ധുക്കള്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. 
ബൈക്ക് കണ്ടെടുത്തതോടെ അടിമാലി പോലീസ് വിവരം പാമ്പാടി പോലീസിനു കൈമാറി. തുടര്‍ന്ന്  ബൈക്ക് കണ്ടെത്തിയ സ്ഥലം കേന്ദ്രീകരിച്ച് പോലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയായിരുന്നു.
അപകടമുണ്ടായത് എങ്ങനെയാണെന്ന് അടക്കമുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. വിശദമായ അന്വേഷണം നടത്തണമെന്നു ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

Latest News