സോണിയാ ഗാന്ധിയുടെ നിലപാടിനെ മാനിക്കുന്നു; സി.പി.എം സെമിനാറില്‍ പങ്കെടുക്കില്ലെന്ന് തരൂര്‍

ന്യൂദല്‍ഹി - സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് നട ത്തുന്ന സെമിനാറുകളില്‍ പങ്കെടുക്കരുതെന്ന് ശശി തരൂരിനോട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിര്‍ദേശിച്ചു.
സോണിയയുടെ കാഴ്ചപ്പാടിനെ താന്‍ മാനിക്കുന്നുവെന്നും, സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന കാര്യം സംഘാടകരെ അറിയിച്ചതായും തരൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ദേശീയ തലത്തില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാര്‍ ആയതിനാലും, വിഷയം കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കുറിച്ചായതിനാലുമാണ് താന്‍ സെമിനാറില്‍ പങ്കെടുക്കുന്നതിന് സമ്മതിച്ചതെന്നും തരൂര്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ രണ്ട് പാര്‍ട്ടികള്‍ക്കും ഒരേ നിലപാടാണ് താനും. മുമ്പും സി.പി.എം സെമിനാറില്‍ പങ്കെടുക്കാനുള്ള ക്ഷണം സോണിയ ഗാന്ധിയുമായി ആലോചിച്ചശേഷം ഞാന്‍ വേണ്ടെന്ന് വെച്ചിരുന്നു. അതുതന്നെ ഇത്തവണയും ആവര്‍ത്തിക്കാമായിരുന്നു. എന്നാല്‍ ആഭ്യന്തര തര്‍ക്കങ്ങള്‍ ചിലര്‍ പരസ്യമായി വിളിച്ചുപറഞ്ഞതില്‍ ഖേദമുണ്ട്. ഭാവിയിലെങ്കിലും ബുദ്ധിയുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും തരൂര്‍ കുറിച്ചു.
സെമിനാറില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിക്കരുതെന്നും, ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം പറയുന്നത് അനുസരിക്കണമെന്നും തരൂരിനോട് സോണിയ നിര്‍ദേശിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയതിരുന്നു.
സി.പി.എം സെമിനാറുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ ശക്തിയായി ആവശ്യപ്പെട്ടിരുന്നു. നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയതായും സുധാകരന്‍ പറഞ്ഞു. എന്നാല്‍ തന്നെ ആരും വിലക്കിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷയാണ് അനുമതി നല്‍കേണ്ടതെന്നും തരൂര്‍ വെളിപ്പെടുത്തിയിരുന്നു.
തരൂരിന് പുറമെ, കെ.വി തോമസ്, രമേശ് ചെന്നിത്തല, ജയറാം രമേശ് എന്നിവര്‍ക്കും സി.പി.എം സെമിനാറുകളിലേക്ക് ക്ഷണം കിട്ടിയിരുന്നു. പാര്‍ട്ടി വിലക്ക് ലംഘിച്ച് സി.പി.എം സമ്മേളനങ്ങളില്‍ പങ്കെടുത്താല്‍ അച്ചടക്ക നടപടിയുണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കിയ സുധാകരന്‍, പക്ഷെ സോണിയ ഗാന്ധി അനുമതി നല്‍കിയാല്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്നും വ്യക്തമാക്കി. സോണിയ ഗാന്ധി വിലക്കിയാല്‍ സി.പി.എം സെമിനാറുകളില്‍ സംബന്ധിക്കില്ലെന്ന് കെ.വി. തോമസും പറഞ്ഞു.
സി.പി.എം സമ്മേളനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നത് വിലക്കിയ കെ.പി.സി.സി നടപടി ബി.ജെ.പിയെ സഹായിക്കാനാണെന്നും, സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്ക് അഭിപ്രായം പറയുന്നതിനുള്ള അവസരമാണ് നഷ്ടപ്പെടുത്തിയതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

 

Latest News