Sorry, you need to enable JavaScript to visit this website.

സമാധാനമില്ലാത്ത പാർട്ടികളും ബജറ്റും

'കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ' - എന്നാണ് വള്ളത്തോളിന്റെ പക്ഷം. വെറുതെ തിളയ്ക്കുന്നതു പതിവായാൽ തലയുടെ 'പിരി ലൂസാണെന്ന'് അന്യർ തെറ്റിദ്ധരിക്കും. ഇപ്പോഴിതാ, കാര്യമാത്രപ്രസക്തമായ രീതിയിൽ ചോര തിളയ്ക്കുവാൻ ഒരു അവസരം ഒരു മുൻ ദേശീയ പാർട്ടി ഒരുക്കിത്തന്നിരിക്കുന്നു. 'ജി23' എന്നു പേരിട്ട പദ്ധതിയാണ്. 'ഏതാനും ദിവസങ്ങൾ മാത്രം, വേഗമാകട്ടെ'- എന്നു ചില ലോട്ടറി പരസ്യങ്ങളിൽ കാണുന്നതു തന്നെ ഇവിടെയും കാണാം. ലോക്‌സഭ-രാജ്യസഭ ഫെയിം പി.ജെ. കുര്യൻ മാഷിന്റെ മേൽപടി പദ്ധതിയുടെ നെടുതൂണുകൾ ഗുലാം നബി ആസാദും ശശി തരൂരുമാണ്. ബാക്കി 21 പേർ ആരെന്നത് വ്യക്തമല്ല; 'കൈയാലപ്പുറത്തെ തേങ്ങ'യുടെ 'പൊസിഷൻ' എടുത്തു നിൽപാകാം. 'ചാണ്ടി മുറുകുമ്പോൾ തൊമ്മൻ അയയുന്നു'വെന്ന ചൊല്ലുപോലെ 23 നു പകരം 33 പേരായാലും മുൻപന്തിയിൽ കുര്യൻജിയോ കുമ്പളങ്ങിയിലെ തോമസ് മാഷോ ഉണ്ടാകുമെന്നു കരുതണ്ട. 'മാഡ'ത്തിനു മനോവേദനയുണ്ടാകും. ഇനി ജി23 ന്റെ കാര്യം. മൂന്നു ദിവസം മുമ്പാണ് എല്ലാവരും ചേർന്ന് മൂന്നു പേരടങ്ങുന്ന കോൺഗ്രസ് ഫാമിലിക്ക് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചത്. എന്നിട്ടു കോഴികൂകും മുമ്പേ ഗുലാം നബി ആസാദ്ജിയുടെ വീട്ടിൽ ചെന്നു യോഗം ചേർന്നുവത്രേ! ആസാദ് മൂപ്പരെ ഇത്രക്കു പ്രതീക്ഷിച്ചില്ല. ഇന്ദിരാജിയുടെ കാലം മുതൽക്കേ കഴിച്ചുപോന്ന 'ഉപ്പും ചോറും' മറന്നുപോയി. തരൂർജിയാകട്ടെ 2009 നു ശേഷമാണ് മൂവർണ പതാകയുടെ കീഴിൽ കാറ്റുകൊള്ളാൻ എത്തിയത്. മൻമോഹന്റെ സർക്കാരിൽ ലേശം മന്ത്രിയായി കഴിഞ്ഞുകൂടുകയും ചെയ്തു. അധികാരം നൽകി അനുഗ്രഹിച്ച മാഡത്തിനെതിരെയാണ് ഇപ്പോൾ 'ചലനം ചലനം ചലനം' എന്ന പാട്ടുപാടി പാർട്ടിയെ വിളിച്ചുണർത്താൻ ശ്രമിക്കുന്നത്. തികഞ്ഞ നന്ദികേട്!
യുവജനങ്ങൾക്ക് രാജ്യസഭാ സീറ്റ് കൊടുക്കണമെന്നു പറഞ്ഞ് പി.ജെ. കുര്യൻ കൈ കഴുകിച്ചാൽ അതിനു ശേഷം പരാതിയില്ലെന്നും മാഡകുടുംബം തന്നെ പാർട്ടി ഭരിച്ചാൽ മതി എന്നും വ്യംഗ്യാർഥം.
പ്രിയങ്കാജി നേരിട്ടറങ്ങി നയിച്ച തെരഞ്ഞെടുപ്പിലാണ് യോഗി തൂത്തുവാരിയത്. അവശേഷിച്ച വനിതാ സ്ഥാനാർഥികളിൽ ഒരെണ്ണമാണ് കരകയറിയതത്രേ! കെട്ടിവെച്ച പണം പോയതു നിമിത്തം റോഡിലിറങ്ങാതെ അടങ്ങിയൊതുങ്ങി ഗൃഹവാസത്തിലാണ് ബാക്കി വനിതകൾ. 'ജയിച്ചവൾ നയിക്കും' എന്നോ മറ്റോ ഒരു പുതിയ മുദ്രാവാക്യം യു.പിയിൽ പൊട്ടിപ്പുറപ്പെടാം. ഒരു 'വീരശൃംഖലക്ക്' അർഹതയുണ്ടെങ്കിലും പണ്ടേ തന്നെ പെണ്ണുങ്ങളോട് അക്കാര്യത്തിൽ കടുത്ത അവഗണനയാണുണ്ടായിരുന്നത് എന്നു ചരിത്രം പരിശോധിച്ചാലറിയാം. റെക്കോർഡ് തോൽവിക്കുള്ള ശൃംഖല പ്രിയങ്കാജിക്കു തന്നെ നൽകണം.
മുൻപറഞ്ഞ 23 കാരോടു ഇനിയും ഏറെ ഖദർധാരികൾ കൂട്ടുചേരുമെന്നാണ് സൂചന. 'ആം ആദ്മി' നാലു ദിക്കുകളിലേക്കും പടരുന്നതിന്റെ സൂചന വേറെയും.

  ****         ****                               ****

ലോക സമാധാനത്തിന് രണ്ടു കോടി രൂപ നീക്കിവെച്ച ഇന്ത്യയിലെ ഏക ബജറ്റാണ് കേരളത്തിൽ മന്ത്രി ബാലഗോപാൽ അവതരിപ്പിച്ചത്. മാധ്യമങ്ങളിൽ നിറയെ കൊലയും റേപ്പും ബാലപീഡനവുമാണെങ്കിലും പ്രശ്‌നമൊന്നുമില്ല. പോലീസിൽ പോലും പീഡനമുണ്ടെന്ന് വിരമിച്ച ഐ.പി.എസുകാരി ആർ. ശ്രീലേഖ. മൂന്നു കൊല്ലം മുമ്പ് അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസഡർ ടി.പി. ശ്രീനിവാസനെ കോവളത്ത് വെച്ച് ഒരു എസ്.എഫ്.ഐക്കാരൻ അടിച്ചു നിലത്തിട്ടു. കഴിഞ്ഞയാഴ്ച ലോ കോളേജിൽ മത്സരത്തിൽ ജയിച്ച കുറ്റത്തിന് കെ.എസ്.യുക്കാരി സഫീനയെ നിലത്തിട്ടു ചവിട്ടിത്തേച്ചു. ബജറ്റിലെ രണ്ടു കോടി ഇവിടെത്തന്നെ ചെലവാക്കുന്നതാണ് ഭേദം. ഭാവി വാഗ്ദാനങ്ങളായ വിദ്യാർഥികൾക്ക് മെച്ചപ്പെട്ട കളരി പരിശീലനം നൽകാം.

 ****         ****     ****

ചാക്കിട്ടുപിടിത്തം ഇടതുകക്ഷികൾക്കു വശമില്ല. അത് മിനിഞ്ഞാന്ന് മഴയത്തുണ്ടായ ബി.ജെ.പി, ആം ആദ്മി, തൃണമൂൽ തുടങ്ങിയവർക്കു വിട്ടുകൊടുക്കാം. എന്നാൽ വെഞ്ഞാറമൂട്ടിലോ തൃശൂരിലോ ഏനാത്തിലോ വല്ല സഖാവും അനുസരണക്കേടു കാട്ടിയാൽ പുറത്തു പോകാതെ തരമില്ല. പിന്നെയും അകത്തു ചടഞ്ഞുകൂടിയാൽ ഫലം മാരകമായേക്കാം. അതിനാൽ സി.പി.എമ്മിന്റെ ഉള്ളിൽ പുകയും വെടിയും കാണുന്നിടത്ത് സദാ കൊച്ചേട്ടനുണ്ടാകും വട്ടിയുമായി. മറിച്ചും അങ്ങനെ തന്നെ. കൊച്ചേട്ടന്റെ വീടിനു പുറത്ത് ചട്ടിയുമായി വല്യേട്ടൻ. കുറച്ചുകാലമായി അതാണ് നടപ്പ്. വലത്തൂന്നു ചാടിയാൽ ഇടത്ത്. മറിച്ചും അതായത് ലോക പ്രസ്ഥാനത്തിൽ ഒരു സഖാവ് പോലും വഴിയറിയാതെ വല്ല പാർലമെന്ററി വ്യാമോഹക്കാരുടെയും വട്ടിയിൽ ചെന്നു വീഴരുത്. പക്ഷേ രാജയും ആനിയും നാഷണലും കാനം സംസ്ഥാനവുമാണ്. പിടിവിട്ടാൽ അറബിക്കടലിലാണ് പ്രസ്ഥാനം. 
അതിനാൽ തർക്കത്തിൽ അവർ ഒത്തുതീർന്നു. സംഘ്പരിവാര പ്രശ്‌നം പിന്നെയാകാം. അപ്പോഴാണ് അടുത്ത പ്രശ്‌നം ഉദയം ചെയ്തത്. കോൺഗ്രസുമായി ദേശീയ സഖ്യമോ ചർച്ചയോ വേണ്ട; പ്രാദേശികമായി സമയം കിട്ടുമ്പോഴൊക്കെ കുഞ്ഞുകുഞ്ഞു ചർച്ചകളാകാം. നേരംപോക്കിനു വേറൊന്നും വേണ്ട എന്നായി വല്യേട്ടൻ. പി.ബിയിൽ ഇക്കാര്യം പിണറായി സഖാവ് തന്നെ അവതരിപ്പിച്ചു. മറ്റുള്ളവർ കൈയടിക്കാതെ വേറെ ഗത്യന്തരമില്ലല്ലോ. സഖാവ് പിണങ്ങിയാൽ 'ഇല്ലത്തെ കാര്യം' വല്ലാത്ത കഷ്ടത്തിലാകും. എന്നാൽ കൊച്ചേട്ടന്റെ പാർട്ടിയുടെ നാഷണൽ കൗൺസിൽ വിട്ടില്ല. യോഗം കഴിഞ്ഞാൽ മാധ്യമ സമ്മേളനം. ഇത്തവണ അടിയന്തരം. കാര്യമുണ്ട്; കോൺഗ്രസിനെ സംരക്ഷിക്കണം; അന്നപാനീയങ്ങൾ പിന്നെ. അവരുംകൂടിയുളള ദേശീയ മുന്നണിക്കേ സംഘ്പരിവാര ഭരണത്തെ നേരിടാൻ എല്ലുറപ്പുണ്ടാകൂ. പത്രസമ്മേളനം കൊണ്ടും അരിശം തീരാഞ്ഞ്, പാർട്ടിയുടെ കേരള ജിഹ്വയായ ജനയുഗം വഴി വല്യേട്ടനെ ഒന്നു ചൊറിഞ്ഞു. മുഖപത്രത്തിന്റെ ജില്ലയായ കൊല്ലത്ത് താപനില സ്വതവേ തന്നെ മൂന്നു ഡിഗ്രി കൂടുതലാണ്. ചൊറിച്ചിൽ വിടുന്നില്ല. എതിർ ക്യാമ്പും ഉണർന്നു.  ചിന്ത തന്നെ 'മറുവെടി' പൊട്ടിച്ചു. ഇത് കീവും ഹാർകോവുമൊന്നുമല്ല. 'സി.പി.ഐ ചെങ്കൊടി പണ്ടേ ഉപേക്ഷിക്കേണ്ടതായിരുന്നു' എന്നാണ് കണ്ടെത്തൽ. 1967 മുതൽ തുടങ്ങിയതാണ് സി.പി.ഐയുടെ രോഗം എന്നും പരിശോധനയിൽ കണ്ടെത്തി. സ്വന്തം പല്ലുകൾ കടിച്ചു പൊടിച്ചു ഭസ്മാക്കുന്നതിനിടയിലും  വല്യേട്ടൻ കൊച്ചേട്ടന് തന്റെ കൂർമബുദ്ധിയുടെ പഴംകഥ പറഞ്ഞു കൊടുത്തു:- കൊക്കിനെ പിടിക്കാൻ പിന്നിലൂടെ ചെന്ന് അതിന്റെ തലയിൽ വെണ്ണ വെച്ചാൽ മതി. 
വെയിലത്ത് ഉരുകി വീണു കണ്ണു കാണാൻ മേലാതാകും. അന്നേരം ഒറ്റപ്പിടിത്തം -അതാണ് തീരുമാനം. ഈ 'വെണ്ണ നയം' ഏപ്രിലിൽ പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യും. സ്ഥലം കണ്ണൂരായതിനാൽ,  'തിരുവായ്ക്ക് എതിർവാ' ഉയരുകില്ല. അങ്ങനെ ഇന്ത്യയൊട്ടാകെ പ്രാദേശിക പാർട്ടികളുടെ ദേശീയ മുന്നണി ഉണ്ടായ ശേഷം വെയിലത്ത് എങ്ങോട്ടെന്നറിയതെ വിഷമിച്ചു നിൽക്കുന്ന കോൺഗ്രസ് കൊക്കിനെ എവിടെയെങ്കിലും കാണുന്നുണ്ടെങ്കിൽ തൽസമയം പിടിച്ചു പ്രാദേശിക നീക്കുപോക്കുണ്ടാക്കും. എപ്പടി?  

Latest News