പ്രവാസികള്‍ക്കും ആഹ്ലാദം; അറാംകൊ ഓഹരി വിലയില്‍ 70 ശതമാനം വര്‍ധന

റിയാദ് - രണ്ടു വര്‍ഷത്തിനിടെ സൗദി അറാംകൊ ഓഹരി വിലയില്‍ 70.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കോവിഡ് മഹാമാരി വ്യാപനത്തിന്റെ തുടക്കത്തില്‍ 2020 മാര്‍ച്ചില്‍ അറാംകൊ ഓഹരി വില 27 റിയാലിലേക്ക് ഇടിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഓഹരി വില 46 റിയാലിലേക്ക് ഉയര്‍ന്നു. ഒരു വര്‍ഷത്തിനിടെ കമ്പനി ഓഹരി വില ഏറ്റവും ഇടിഞ്ഞത് 2021 ജൂലൈ ഏഴിന് ആയിരുന്നു. അന്ന് അറാംകൊ ഓഹരി വില 34.4 റിയാലായിരുന്നു. ഇതിനു ശേഷം കമ്പനി ഓഹരികള്‍ 21.8 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്.
2019 ഡിസംബര്‍ 11 ന് സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിന്റെ തുടക്കത്തില്‍ അറാംകൊ ഓഹരി വില 35.2 റിയാലായിരുന്നു. കമ്പനി ഓഹരി വില ഏറ്റവും ഇടിഞ്ഞത് 2020 മാര്‍ച്ച് ഒമ്പതിന് ആയിരുന്നു. അന്ന് 27 റിയാലായാണ് ഓഹരി വില ഇടിഞ്ഞത്. ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗില്‍ നല്‍കിയതിനെക്കാള്‍ കുറവായിരുന്നു ഇത്.

ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ ധാരാളം പ്രവാസികള്‍ക്ക് അറാംകോ ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. ഷെയര്‍ വില കൂടിയതിനു പുറമെ, ഇതിനകം മോശമല്ലാത്ത തുക ഡിവിഡന്‍ഡായും ലഭിച്ചു.

 

 

Latest News