ഉക്രൈനില്‍ ഷെല്ലാക്രമണത്തില്‍ മരിച്ച  നവീനിന്റെ മൃതദേഹം ബംഗളൂരുവിലെത്തിച്ചു

ബംഗളുരു- ഉക്രൈനില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം ബംഗളൂരുവിെലത്തിച്ചു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹമെത്തിച്ചത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം ജന്മനാടായ ഹവേരിയിലേക്ക് കൊണ്ടുപോയി.ഉക്രൈനിലെ രണ്ടാമത്തെ പ്രധാന നഗരമായ ഖാര്‍കീവ് മെഡിക്കല്‍ സര്‍വകലാശാലയില്‍ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു നവീന്‍. ഖാര്‍കീവില്‍ മാര്‍ച്ച് ഒന്ന് ചൊവ്വാഴ്ച രാവിലെ ഭക്ഷണം വാങ്ങാനായി സൂപ്പര്‍മാര്‍ക്കറ്റില്‍ വരി നില്‍ക്കുമ്പോഴാണ് റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ നവീന്‍ കൊല്ലപ്പെട്ടത്.അപകടം സംഭവിക്കുന്നതിന് ഏതാനും മിനുട്ട് മുമ്പും മകനുമായി സംസാരിച്ചിരുന്നെന്നും പിതാവ് പറഞ്ഞു. ആക്രമണം ഉണ്ടായതിന് പിന്നാലെ, നവീന്റെ സുഹൃത്താണ് ശേഖറിനെ വിളിച്ച് മരണവിവരം അറിയിക്കുന്നത്. ഉടന്‍ തന്നെ ബന്ധുക്കള്‍ വിദേശകാര്യമന്ത്രാലയത്തെ ബന്ധപ്പെട്ടു. അവരും വിവരം സ്ഥിരീകരിച്ചു.കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ് 21കാരനായ നവീന്‍. എല്ലാദിവസവും നവീനുമായി കുടുംബം വീഡിയോ കോളിലൂടെ സംസാരിക്കുമായിരുന്നു എന്നാണ് പിതാവ് ശേഖര്‍ ഗ്യാന ഗൗഡര്‍ പറഞ്ഞത്. 
 

Latest News