60 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഇന്റലിജന്‍സ് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂദല്‍ഹി- 60 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഗാസിയാബാദിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സിലെ മുതിര്‍ന്ന രഹസ്യാന്വേഷണ ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു. ഒരു കേസുമായി ബന്ധപ്പെട്ട് ഒരു കോടി രൂപ കൈക്കൂലി ചോദിച്ചതിന് ഒരു ബിസിനസുകാരനാണ് മുതിര്‍ന്ന ഓഫീസറായ മോഹിത് ധന്‍കറിനെതിരെ സിബിഐയില്‍ പരാതി നല്‍കിയത്. ഒരു സ്വകാര്യ വ്യക്തിയെ ഇടനിലക്കാരനാക്കിയാണ് ധന്‍കര്‍ ഒരു കോടി രൂപ ആവശ്യപ്പെട്ടത്. പരാതിക്കാരന്റെ അച്ഛനെതിരായ ഒരു കേസ് അനുകൂലമാക്കി നല്‍കാമെന്നായിരുന്നു ധന്‍കറുടെ വാഗ്ദാനമെന്നും സിബിഐ പറയുന്നു. 

പരാതി ലഭിച്ച സിബിഐ ഇടനിലക്കാരനെ വലയിലാക്കി. ധന്‍കറിനു വേണ്ടി ആദ്യ ഘഡുവായ 60 ലക്ഷം രൂപ സ്വീകരിക്കുന്നതിനിടെ കയ്യോടെ പിടികൂടുകയായിരുന്നു. തൊട്ടു പിന്നാലെ ധന്‍കറിനേയും അറസ്റ്റ് ചെയ്തു. ധന്‍കറിന്റെ ഓഫീസിലും വീട്ടിലും സിബിഐ സംഘം റെയ്ഡ് നടത്തി വരികയാണ്.

Latest News