VIDEO ഈ പയ്യന്റെ നട്ടപ്പാതിര ഓട്ടം വൈറല്‍; ദിവസവും 10 കിലോമീറ്റര്‍ ഓടാന്‍ കാരണമിതാണ്

ന്യൂദല്‍ഹി- ദല്‍ഹിക്കടുത്ത നോയ്ഡയിലെ ജോലി സ്ഥലത്തു നിന്നും താമസ സ്ഥലത്തേക്ക് ദിവസവും 10 കിലോമീറ്റര്‍ ഓടുന്ന 19കാരന്റെ കഥ വൈറലായി. സിനിമ സംവിധായകനും എഴുത്തുകാരനുമായ വിനോദ് കാപ്രിയാണ് കഴിഞ്ഞ ദിവസം പ്രദീപ് മെഹറ എന്ന 19കാരന്റെ ഓട്ടം വിഡിയോ പകര്‍ത്തി സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. നാലു മണിക്കൂറിൽ 12 ലക്ഷം പേരാണ് ഈ വിഡിയോ കണ്ടത്. നേരം പുലർന്നപ്പോഴേക്കും ഇത് 35 ലക്ഷമായി. നോയ്ഡയിലൂടെ കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഏറെ ദൂരം ഓടിക്കൊണ്ടിരിക്കുന്ന പയ്യന്‍ വിനോദിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തന്റെ കാറില്‍ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞെങ്കിലും കയറാന്‍ കുട്ടാക്കാതെ ഓട്ടം തുടര്‍ന്ന പ്രദീപിനോട് ഈ ഓട്ടത്തിന്റെ പിന്നിലെന്താണെന്ന് വിനോദ് ചോദിച്ചറിഞ്ഞപ്പോഴാണ് ഏവര്‍ക്കും പ്രചോദനമാകുന്ന കഥ ചുരുളഴിഞ്ഞത്. ഓട്ടം നിര്‍ത്താതെ തന്നെ പ്രദീപ് തന്നോടൊപ്പം നീങ്ങുന്ന കാറിലിരിക്കുന്ന വിനോദിനോട് ആ കഥ പറഞ്ഞു. 

നോയ്ഡ് സെക്ടര്‍ 16ലെ മക്‌ഡൊനള്‍ഡ്‌സിലാണ് പ്രദീപ് മെഹറ് ജോലി ചെയ്യുന്നത്. ഉത്തരാഖണ്ഡിലെ അല്‍മോറ സ്വദേശിയാണ്. നോയ്ഡയിലെ ബറോലയിലാണ് താമസം. സെക്ടര്‍ 16ല്‍ നിന്ന് ജോലി കഴിഞ്ഞ് ദിവസവും 10 കിലോമീറ്റര്‍ ഓടിയാണ് പ്രദീപ് ബറോലയിലെ താമസസ്ഥലത്തെത്തുന്നത്. അവിടെ മൂത്ത സഹോദരനൊപ്പമാണ് താമസം. എന്തിനാണ് പതിവായി ഇങ്ങനെ ഓടുന്നതെന്ന് വിനോദ് ചോദിച്ചു. ആര്‍മിയില്‍ ചേരാന്‍ എന്നായിരുന്നു പ്രദീപിന്റെ മറുപടി. സൈന്യത്തില്‍ ചേരാനുള്ള ശാരീരിക ക്ഷമത ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഇത് കേട്ട് ആശ്ചര്യം പ്രകടിപ്പിച്ച വിനോദ് ഒരിക്കല്‍ കൂടി പ്രദീപിന് കാറില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തു. ബാക്കി രാവിലെ ഓടാമെന്നും പറഞ്ഞു നോക്കി. എന്നാല്‍ മറ്റൊരു സമയം തനിക്ക് ഓടാനായി ലഭിക്കില്ലെന്നും ഇപ്പോഴെ സമയം കിട്ടൂ എന്നായിരുന്നു പ്രദീപിന്റെ മറുപടി. വിഡിയോ പിടിക്കുന്നുണ്ടെന്നും ഇതു വൈറലാകുമെന്നും വിനോദ് പറഞ്ഞപ്പോള്‍ തന്നെ ആര് തിരിച്ചറിയാനാണ്, വൈറലാകുമെങ്കില്‍ ആയിക്കോട്ടെ, താന്‍ തെറ്റൊന്നും കാണിച്ചിട്ടില്ലല്ലോ എന്നും പ്രദീപ് പറഞ്ഞു. ഇതുകേട്ട് വിനോദ് ഡിന്നര്‍ ഓഫര്‍ ചെയ്തു. താമസസ്ഥലത്ത് പോലി ഭക്ഷണമുണ്ടാക്കിയില്ലെങ്കില്‍ സഹോദരന്‍ പട്ടിണിയിലായകുമെന്നായിരുന്നു പ്രദീപിന്റെ മറുപടി. സഹോദരന് രാത്രി ഷിഫ്റ്റിലാണ് ജോലി, ഭക്ഷണമുണ്ടാക്കാന്‍ സമയം കിട്ടില്ല എന്നും പ്രദീപ് പറഞ്ഞു. ഈ ഓട്ടവും സംഭാഷണവും ചിത്രീകരിച്ച് വിനോദ് കാപ്രി ഞായറാഴ്ച വൈകീട്ട് ആറരയ്ക്കാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. തിങ്കളാഴ്ച നേരംവെളുത്തപ്പോഴേക്ക് 35 ലക്ഷം പേര്‍ ഇതു കണ്ടു.

Latest News