തബൂക്ക്- ആറു മാസം മുൻപ് വാഹനാപകടത്തിൽ മരിച്ച തമിഴ്നാട് ത്രിച്ചിനപ്പള്ളി ശ്രീനാദപുരം സ്വദേശി രാജാ ജഗദീഷിന്റെ (30) മൃതദേഹം തബൂക്കിൽ സംസ്കരിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബർ 15 ന് തബൂക്ക് ഷർമ്മയിൽവെച്ച് ജഗദീഷ് സഞ്ചരിച്ച കാറിൽ സ്വദേശി പൗരൻ ഓടിച്ച ട്രെർ ഇടിച്ചായിരുന്നു അപകടം. തുടർ നടപടികൾ പൂർത്തിയാക്കാൻ ബന്ധുക്കൾ ആരുമെത്താത്തതിനാൽ മൃതദേഹം അൽബദ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. നാട്ടിൽ ബന്ധുക്കൾ തമിഴ്നാട് എസ്ഡിപിഐ നേതൃത്വവുമായി ബന്ധപ്പെടുകയും അവർ തബൂക് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരെ വിവരമറിയിക്കുകയുമായിരുന്നു. സോഷ്യൽ ഫോറം തബൂക്ക് കോഡിനേറ്റർ മജീദ് വെട്ടില, ഫോറം പ്രവർത്തകരായ ലത്തീഫ് ഉപ്പിനങ്ങാടി, ഷാജഹാൻ കുളത്തൂപ്പുഴ എന്നിവർ നടപടിക്രമങ്ങൾക്ക് നേതൃത്വം വഹിച്ചു.
മരണപ്പെട്ട വ്യക്തിയെ സ്പോൺസർ ഏതാനും മാസങ്ങൾക്കു മുമ്പെ ഹുറൂബാക്കിയിരുന്നു. നടപടിക്രമങ്ങൾക്കായി സ്പോൺസറെ സമീപിച്ചപ്പോൾ സഹകരിക്കാൻ തയാറല്ലായിരുന്നു. ദീർഘകാലം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചതിന്റെ ആശുപത്രി ബില്ലും അടയ്ക്കാനുണ്ടായിരുന്നു. തുടർന്ന് സോഷ്യൽ ഫോറം പ്രവർത്തകർ ജിദ്ദ ഇന്ത്യൻ കോൻസുലേറ്റിന്റെ സഹായം തേടുകയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു. ബന്ധ പ്പെട്ട രേഖകൾ തയാറാക്കുന്നതിനും മറ്റു നടപടികൾക്കും അബ്ദുൽ ബഷീർ ഉപ്പിനങ്ങാടി മേൽനോട്ടം വഹിച്ചു.
നാട്ടിലേക്ക് കൊണ്ടുപോവാൻ മൃതദേഹം ഏറ്റെടുക്കുന്നതിന് ആശുപത്രിയിലെത്തിയപ്പോഴാണ് കോവിഡ് പോസിറ്റിവാണെന്നും നാട്ടിലയക്കാൻ സാധിക്കില്ലെന്നും അധികൃതർ അറിയിച്ചത്. വീണ്ടും കുടുംബവുമായി ബന്ധപ്പെടുകയും ഇവിടെ തന്നെ മറവ് ചെയ്യുന്നതിനുള്ള സമ്മതം വാങ്ങുകയുമായിരുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാക്കി 500 കിലോമീറ്റർ അകലെ കോവിഡ് രോഗികളെ മറവ് ചെയ്യുന്ന സകാക്കയിലെത്തിച്ച് മൃതദേഹം മറവ് ചെയ്യുകയായിരുന്നു. നടപടികൾ പൂർത്തിയാക്കാനാവശ്യമായി വന്ന സാമ്പത്തിക ബാധ്യത ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ വിഭാഗവും സോഷ്യൽ ഫോറവും സംയുക്തമായാണ് വഹിച്ചത്. സോഷ്യൽ ഫോറം പ്രവർത്തകൻ അയ്യൂബ് മംഗലാപുരത്തിന്റെ ഇടപെടൽ മൂലം ഹോസ്പിറ്റലിൽ അടയ്ക്കേണ്ട തുക നീങ്ങിക്കിട്ടി.
ഇതിന് വേണ്ടി സഹായിച്ച കോൺസുലേറ്റിനും സോഷ്യൽഫോറം പ്രവർത്തകർക്കും ഉണ്ണി മുണ്ടുപറമ്പിലിനും രാജ ജഗദീഷിന്റ കുടുംബം നന്ദി അറിയിച്ചു.






