തൊടുപുഴ-വെളളിയാഴ്ച പാതിരാവില്‍ ചീനിക്കുഴിയിലെ നാലംഗ കുടുംബം പിതാവിന്റെ ക്രൂരതയില്‍ എരിഞ്ഞടങ്ങിയത് 35 വര്‍ഷം മുമ്പ് നടന്ന ഒടിയപാറ കൂട്ടക്കൊലയെ ഓര്‍മിപ്പിച്ചു. ദമ്പതികളും രണ്ട് മക്കളും അന്ന് കൊല്ലപ്പെട്ടതിന്റെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല.
1987 ഓഗസ്റ്റ് ഒന്നിനാണു നാടിനെ നടുക്കി ഒടിയപാറ മൈലാടൂര്‍ സ്‌കറിയ(30), ഡെയ്സി(26), മക്കള്‍ ടീന(നാല്), സെബാസ്റ്റ്യന്‍ (നാലുമാസം) എന്നിവര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഡെയ്സിയുടെയും രണ്ടു മക്കളുടെയും മൃതദേഹങ്ങള്‍ വീടിനുള്ളില്‍നിന്നും സ്‌കറിയയുടെ മൃതദേഹം കിണറ്റില്‍നിന്നുമാണു കണ്ടെത്തിയത്. പോലീസ് അന്വേഷണം നടത്തിയെങ്കിലും തുമ്പുണ്ടാക്കാന്‍ കഴിഞ്ഞില്ല. സ്‌കറിയ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതാണെന്നു പറഞ്ഞു ലോക്കല്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്‌കറിയ ശ്വാസംമുട്ടിയാണു മരിച്ചതെന്നു രേഖപ്പെടുത്തിയിരുന്നു. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ അതൃപ്തരായ ഡെയ്സിയുടെ ബന്ധുക്കള്‍ രാഷ്ട്രപതിയടക്കമുള്ള ഉന്നതാധികാരികള്‍ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
മൂന്നു മാസം കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പുരോഗതി ഉണ്ടായില്ല. തുടര്‍ന്നു ഡെയ്സിയുടെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു ഹരജി സമര്‍പ്പിച്ചു. അന്വേഷണ രേഖകള്‍ പരിശോധിച്ച ഹൈക്കോടതി കേസ് ശരിയായ രീതിയിലല്ല അന്വേഷിച്ചതെന്നു വിലയിരുത്തി 1990 ല്‍ അന്വേഷണം സി.ബി.ഐക്ക് വിട്ടു. എന്നാല്‍ സി.ബി.ഐക്കും തുമ്പുണ്ടാക്കാന്‍ കഴിഞ്ഞില്ല. 35 വര്‍ഷത്തിന് ശേഷവും ദൂരൂഹത അവശേഷിക്കുന്നു.
കുടുംബത്തിലെ ചിലരുമായി സ്വത്ത് തര്‍ക്കമുണ്ടായിരുന്നുവെന്നും അതാണ് കൂട്ടക്കൊലയിലേക്ക് നയിച്ചതെന്നും ആരോപണമുണ്ടായിരുന്നു. വണ്ണപ്പുറം ടൗണിന് ഏതാനും കി.മീ അകലെയുളള ഒടിയപാറ അന്ന് കുഗ്രാമമായിരുന്നു. സംഭവദിവസം അജ്ഞാത സംഘം ജീപ്പില്‍ ഇവിടെയെത്തിയതായി സമീപത്തെ പെട്ടിക്കടക്കാരന്‍ മൊഴി നല്‍കിയിരുന്നു. കൂട്ടക്കൊല നടന്ന് ദിവസങ്ങള്‍ക്കകം കൊലയാളികളെ എത്തിച്ചതായി പറയുന്ന ജീപ്പ് ഡ്രൈവര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. സ്‌കറിയയുടെ സമീപവാസിയായ യുവാവ് തൊടുപുഴയില്‍ ഹോട്ടലില്‍ ജോലി ചെയ്തിരുന്നു. സംഭവ ദിവസം ഇയാള്‍ സ്‌കറിയയുടെ വീടിന് മുന്നിലൂടെ പോകുമ്പോള്‍ എന്തോ കണ്ടതായി പറയുന്നു. ഈ യുവാവിനെ പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
അക്കാലത്തെ ഒരു കേന്ദ്രമന്ത്രിക്ക് ആരോപണ വിധേയരായ കുടുംബവുമായി അടുപ്പമുണ്ടായിരുന്നു. ഈ മന്ത്രിയുടെ ഇടപെടലില്‍ കേസ് തേഞ്ഞുമാഞ്ഞു പോകുകയായിരുന്നെന്നും പറയപ്പെടുന്നു.






