തളിപ്പറമ്പ്- പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതിന് രണ്ട് പോക്‌സോ കേസുകളിലായി നാല് പേര്‍ അറസ്റ്റിലായി. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന 16 കാരിയെ രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ച കേസില്‍ പന്നിയൂര്‍ കാരക്കൊടി സ്വദേശികളായ എം.സിദ്ധിഖ് (32), മുഹമ്മദ് മുഹാദ് (20) എന്നിവരെയും ഏഴ് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് കെ.പി. അബ്ദുല്‍ ജുനൈദിനെയും ഇതുമായി ബന്ധപ്പെട്ട കുറ്റത്തിന് ത്വയിബ് എന്നയാളെയുമാണ് തളിപ്പറമ്പ് സി.ഐ എ.വി. ദിനേശന്‍ അറസ്റ്റ് ചെയ്തത്.
രണ്ട് വര്‍ഷമായി അനുഭവിക്കുന്ന പീഡനം 16 കാരി സ്‌കൂള്‍ അധ്യാപികയോട് പറയുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. കടയുടമയായ കെ.പി. അബ്ദുല്‍ ജുനൈദ് കടയില്‍ ഏഴു വയസ്സുകാരിയായ പെണ്‍കുട്ടിയെ കയറി പിടിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറയുകയായിരുന്നു. സംഭവം അറിഞ്ഞ് പ്രതിയെ തിരിച്ചറിയാന്‍ സമീപവാസിയായ ത്വയിബ് പെണ്‍കുട്ടിയെ സ്‌കൂളില്‍നിന്ന് ബൈക്കില്‍ കയറ്റി പ്രതിയുടെ അടുത്തേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രതികളെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.