Sorry, you need to enable JavaScript to visit this website.

ചാണകം വാണിജ്യ അടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത് പ്രോല്‍സാഹിപ്പിക്കും- മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട- ചാണകം വാണിജ്യ അടിസ്ഥാനത്തില്‍ കൃഷിക്ക് ഉപയോഗിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുളനട ക്ഷീരവികസന യൂണിറ്റിന്റെ   ബ്ലോക്ക് ക്ഷീരസംഗമം കോട്ട എസ്എന്‍ഡിപി മന്ദിരം ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

 ചാണകം വേണ്ടരീതിയില്‍ ഉപയോഗിക്കുന്നത് ക്ഷീരകര്‍ഷകര്‍ക്ക് വരുമാനം വര്‍ധിക്കാന്‍ ഇടയാക്കും. ചാണകം ഉണക്കി പായ്ക്കറ്റിലാക്കി കൃഷിക്ക് ഉള്‍പ്പെടെ ഉപയോഗിക്കാന്‍ സാധിക്കും. വാണിജ്യ അടിസ്ഥാനത്തില്‍ ഇതുമായി ബന്ധപ്പെട്ട് ക്ഷീരകര്‍ഷകര്‍ക്ക് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. കര്‍ഷകര്‍ക്ക് വിപണി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ നല്‍കിയിട്ടുണ്ട്. എല്ലാ പഞ്ചായത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വെറ്ററിനറി ആശുപത്രി തുടങ്ങാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഫീല്‍ഡ് തലത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കേണ്ടതുണ്ട്. പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത ഉറപ്പാക്കാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്. ക്ഷീര കര്‍ഷകരുടെ ശാക്തീകരണത്തിനായി കാലിതീറ്റയ്ക്കും പുല്‍ കൃഷിക്കും ഉള്‍പ്പെടെ വിവിധ സബ്സിഡികള്‍ സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. ക്ഷീരകര്‍ഷകരുടെ ഉന്നമനത്തിന് സര്‍ക്കാര്‍ അര്‍ഹമായ പരിഗണന നല്‍കിയിട്ടുള്ളതായും മന്ത്രി പറഞ്ഞു. ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച കര്‍ഷകനെ മന്ത്രി ആദരിച്ചു.

ജില്ലാ പഞ്ചായത്ത് റിവോള്‍വിംഗ് ഫണ്ട് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ നിര്‍വഹിച്ചു.

Latest News