Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലേക്ക് റഷ്യയിൽനിന്ന് 30 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ

ന്യൂദൽഹി- ഇന്ത്യയിലേക്ക് 30 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാനുള്ള കരാറിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡും റഷ്യൻ ഓയിൽ കമ്പനിയും തമ്മിൽ കരാർ ഒപ്പിട്ടു. എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ, ഇന്ത്യയിലെ എണ്ണക്കമ്പനികൾക്ക് റഷ്യൻ കമ്പനികളിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിന് വിലക്കില്ല.         
    ഊർജമേഖലയിൽ ഇന്ത്യയുടെ ഇടപാടുകൾ രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നാണ് സർക്കാർ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇന്ത്യ അസംസ്‌കൃത ക്രൂഡ് ഓയിൽ റഷ്യയിൽ നിന്നു വാങ്ങുന്നത് ഉപരോധങ്ങളുടെ ലംഘനമല്ലെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, ചരിത്ര പുസ്തകങ്ങളിൽ അധിനിവേശത്തിന് കൂട്ടു നിന്നു എന്ന് രേഖപ്പെടുത്തപ്പെട്ടേക്കാം എന്നാണ് ഇതു സംബന്ധിച്ച ചോദ്യത്തിന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പ്രതികരിച്ചത്. 
    ഇന്ത്യയ്ക്ക് നിലവിൽ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിൽ തടമസില്ല. അമേരിക്കയും മറ്റു യൂറോപ്യൻ രാജ്യങ്ങളും റഷ്യക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ഇക്കാര്യത്തിൽ ബാധമാകില്ല. ഉപരോധം കടുപ്പിച്ചപ്പോഴാണ് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ നൽകുന്ന നിലപാടിലേക്ക് റഷ്യ ചുവടു മാറ്റിയത്. 
    അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യക്ക് ലഭ്യമായ ഏറ്റവും മികച്ച നിബന്ധനകളിലും വ്യവസ്ഥകളിലുമാണ് റഷ്യ ക്രൂഡ് ഓയിൽ നൽകുന്നത്. ഊർജ ആവശ്യത്തിന്റെ 80 ശതമാനത്തിനും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം മികച്ച ഇടപാടാണിത്. റഷ്യയുടെ യുക്രയ്്ൻ അധിനിവേശത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില 140 ഡോളർ വരെ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ ഇന്ധനവില വൻതോതിൽ ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ ലഭ്യമാകുമ്പോൾ വിലക്കയറ്റം പിടിച്ചു നിർത്താനാകുമെന്നാണ് പ്രതീക്ഷ.
 

Latest News