Sorry, you need to enable JavaScript to visit this website.

പ്രായമായെന്ന് കരുതി അച്ഛൻ വീട്ടിലിരിക്കണോ, കെ.വി തോമസിന് സീറ്റ് നിഷേധിച്ചതിൽ മകൻ

കൊച്ചി- പ്രായമായെന്ന് കരുതി അച്ഛൻ വീട്ടിലിരിക്കണോ എന്ന് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.വി തോമസിന്റെ മകൻ ബിജു തോമസ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ബിജു തോമസിന്റെ പ്രതികരണം. അതേസമയം, മകന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും തനിക്ക് പങ്കില്ലെന്നും വ്യക്തമാക്കി കെ.വി തോമസും രംഗത്തെത്തി. 
രാജ്യസഭയിലേക്ക് കോൺഗ്രസ് പരിഗണിക്കുന്ന ജെബി മേത്തർക്കെതിരെയും ബിജു തോമസിന്റെ പരിഹാസമുണ്ട്. 
ബിജു തോമസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്: 

നേതൃ ദാരിദ്ര്യമുള്ള കോൺഗ്രസ്. കുറച്ച് നാളായി കോൺഗ്രസ്സ്, ഉറച്ച സംസ്ഥാനങ്ങൾ വരെ കഷ്ടപ്പെട്ടു തോൽക്കുകയാണ്.
ഏറ്റവും അടുത്ത് പഞ്ചാബിൽ വാങ്ങിയെടുത്ത തോൽവിയാണ്. ആറ് മാസം മുമ്പ് വരെ ഉറച്ച വിജയത്തിൽ നിന്നാണ് തോൽവി നേടിയെടുത്തത്, അത് തന്നെ കേരളത്തിലും നടത്താൻ കഴിഞ്ഞു. 
ഒട്ട് മിക്ക മാധ്യമങ്ങളും ഇത് നേതൃ ദരിദ്രമായി ചിത്രീകരിക്കുമ്പോൾ, വിശ്വാസം വന്നില്ല. പക്ഷെ ഇന്നത്തെ കോൺഗ്രസ്സ് നേതൃത്വം നോക്കുമ്പോൾ അത് സത്യമാണോ എന്ന് സംശയം. ഉദാഹരണത്തിന് ഇന്നത്തെ രാജ്യ സഭാ സ്ഥാനാർത്ഥി. ജെബി മേത്തർ, സംസ്ഥാന കോൺഗ്രസ് വനിതാ കമ്മറ്റി പ്രസിഡനഡ് ആയിട്ട് മൂന്ന് മാസമായിട്ടില്ല, അതിന് മുമ്പ് അവർ ആലുവ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻനായിട്ട് ഒരു വർഷം കഷ്ടിയായി, അപ്പോഴേക്കും ദേ രാജ്യസഭാ സ്ഥാനാർത്ഥി. പ്രായം നാൽപത്തിനാല്. എനിക്ക് ജെബിയെ അറിയാം, നല്ല പ്രവർത്തകയാണ്, പക്ഷെ ഇത്രയതികം സ്ഥാനങ്ങൾ ഒരാളെ കൊണ്ട് താങ്ങാനാവുമോ ... 
പക്ഷെ അദ്ഭുതമില്ല, കാരണം കേരളത്തിന്റെ നേതൃത്വം നോക്കുക. സംസ്ഥാന പ്രസിഡന്റ് എംപിയാണ്. വർക്കിംഗ് പ്രസിഡന്റുമാരും, എംപിയോ എം.എൽ.എയോ ആണ്.
ഇതിനൊക്കെ കാരണം കോൺഗ്രസിൽ ഈ സ്ഥാനങ്ങൾക്ക് അർഹമായ നേതാക്കളില്ല. അത് കാരണം ഒരേയാള് തന്നെ പല സ്ഥാനങ്ങളും വഹിക്കണം. അവരുടെ അത്യാഗ്രഹമല്ല.
ഇക്കഴിഞ്ഞ ഒരു മാസമായി എന്റെ അപ്പന്റെ ഫേസ് ബുക്ക് പേജിൽ തെറിയുടെ പൊങ്കാലയായിരുന്നു. കാരണം രാജ്യസഭാ സ്ഥാനാർത്ഥിയാകാനുള്ള താല്പര്യം നേതൃത്വത്തെ അറിയിച്ചു. കഴിഞ്ഞ മൂന്നു വർഷമായി മറ്റൊരു സ്ഥാനവും വഹിക്കുന്നില്ല, നല്ലൊരു ഭരണാധികാരിയും, പാർട്ടിയുടെ താഴെ തട്ടിൽ നിന്ന് പ്രവർത്തിച്ച് തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകനാണ്. സത്യസന്ധമായി കാര്യങ്ങൾ അറിയിച്ചു. അതിന് വേണ്ടി പ്രവർത്തിച്ചു, അല്ലാതെ ഒരു ദിവസം ഹെലികോപ്റ്ററിൽ വന്നിറങ്ങിയതല്ല.
അന്ന് കണ്ട ഏറ്റവും വിഷമിപ്പിച്ച പോസ്റ്റ് ഒരു മഹിളാ കോൺഗ്രസ് പ്രവർത്തകയുടെയായിരുന്നു. അവർ ഞങ്ങൾ മക്കളോട് തന്ന ഉപദേശം, പ്രായമായ സ്വന്തം അപ്പനെ കൊന്ന് കോൺഗ്രസിനെ രക്ഷിക്കാനായിരുന്നു. അങ്ങെനെയാണങ്കിൽ ഇക്കാര്യം രാഹുൽ ഗാന്ധിയോട് പറയുമോ, കാരണം സോണിയാ ഗാന്ധിക്ക് എന്റെ അപ്പന്റെ പ്രായമാണ്, കെ സുധാകരനും അതേ  പ്രായമാണ്. ഉമ്മൻ ചാണ്ടിക്ക് അതിലും കൂടുതലാണ്. പ്രായമായാൽ കൊല്ലുന്നതാണോ യുവാക്കളുടെ സംസ്‌ക്കാരം. സമൂഹത്തിന് ഒരു ഉപകാരവും ഇല്ലാതെ വെറുതെ വീട്ടിലിരിക്കണോ.

എന്നാൽ ബിജു തോമസിന്റെത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും തനിക്ക് പങ്കില്ലെന്നും കെ.വി തോമസ് പറഞ്ഞു. എന്റെ വീട്ടിൽ ഞങ്ങൾക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉള്ളവരാണ്. അത് ഞാൻ ബഹുമാനിക്കുന്നു.
പക്ഷെ ഞാൻ എന്നും വിധേയനായ കോൺഗ്രസ്സ് പ്രവർത്തകനായിരിക്കും. എന്റെ മൂന്നു മക്കളും രാഷ്ട്രീയത്തിലില്ല, അവർ സ്വന്തം നിലയിൽ വ്യത്യസ്ത മേഖലയിൽ പ്രവർത്തിക്കുന്നു. ബിജു ദുബായിൽ ബാങ്ക് ഡയറക്‌റാണ്, രേഖ സ്വന്തമായി ബിസിനസ്സ് ചെയുന്നു, ഇളയ മകൻ ജോ ഡോക്ടറാണെന്നും കെ.വി തോമസ് പറഞ്ഞു. 

Latest News