മുച്ചിലോട്ടമ്മയുടെ തിരുമുടിക്ക് പകരം പാർട്ടികൊടി; സി.പി.എം പാർട്ടി കോൺഗ്രസിനെതിരെ വാണിയ സമുദായം

കണ്ണൂർ - പാർട്ടി സമ്മേളനങ്ങളുടെ പ്രചാരണത്തിനായി തെയ്യക്കോലങ്ങളെ വികൃതമായി ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു. സി.പി.എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി മുച്ചിലോട്ട് ഭഗവതിയുടെ കോലം വികൃതമാക്കി പ്രദർശിപ്പിച്ചതിനെതിരെ വാണിയ സമുദായ സമിതിയാണ് രംഗത്തെത്തിയത്. ഇവ മാറ്റാൻ തയ്യാറായില്ലെങ്കിൽ നിയമപരമായ നടപടി തേടാനാണ് തീരുമാനം.
      വടക്കേ മലബാറിൽ കണ്ണൂർ, കാസർക്കോട്, കോഴിക്കോട് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 108 ഓളം വരുന്ന മുച്ചിലോട്ട് കാവുകളിലൂടെ ലക്ഷക്കണക്കിന് വാണിയ സമുദായംഗങ്ങൾ കുലദേവതയായി ആരാധിച്ചുവരുന്നതാണ് മുച്ചിലോട്ട് ഭഗവതി. പരമ്പരാഗതമായ രീതിയിൽ ആചാരാനുഷ്ഠാനങ്ങളോടെയാണ് കാവുകളിൽ മുച്ചിലോട്ട് ഭഗവതിയെ ആരാധിച്ചു വരുന്നതും വ്രതാനുഷ്ഠാനത്തോടെ തിരുമുടി കളിയാട്ട കാലങ്ങളിൽ കെട്ടിയാടുന്നതും. സമുദായത്തിന്റെ കുലദേവതയായ മുച്ചിലോട്ട് ഭഗവതിയെ, പരമ്പരാഗതമായ രീതിയിൽ പൂർണ്ണമായ ആചാരനുഷ്ഠാനത്തോടെ സംരക്ഷിക്കപ്പെടുമെന്ന് വിശ്വാസികൾക്ക് നിർബന്ധമാണ്. എന്നാൽ കുറച്ചു വർഷങ്ങളിലായി മുച്ചിലോട്ട് ഭഗവതിയുടെ കോലം, രാഷ്ട്രീയ പാർട്ടികളും പോഷക സംഘടനകളും അവരുടെ സമ്മേളനങ്ങളുടെ പ്രചരണത്തിന്റെ ഭാഗമായി തെരുവോരങ്ങളിൽ ഫ്‌ളക്‌സ് ബോർഡുകളിലും മറ്റും വളരെ വികൃതമായ രൂപത്തിൽ വ്യാപകമായി പ്രദർശി ഷിച്ചുവരുന്നുണ്ടെന്ന് സമുദായ സമിതി ഭാരവാഹികൾ ആരോപിക്കുന്നു.
കണ്ണൂരിൽ നടക്കുന്ന സി.പി.എമ്മിന്റെ 23 -ാമത് പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി കണ്ണൂർ ജില്ലയുടെ പല ഭാഗങ്ങളിലായി ഇങ്ങനെ മുച്ചിലോട്ടമ്മയുടെ കോലം വളരെ വികൃതമായി പ്രദർശിപ്പിച്ചിട്ടുണ്ട്.  പാപ്പിനിശ്ശേരി, കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ തിരുമുടിക്ക് പകരം പാർട്ടി കൊടികൾ വെച്ചാണ് പ്രദർശിപ്പിച്ചിട്ടുള്ളത്.
വാണിയ സമുദായത്തിന്റെ കുലദേവതയായ മുച്ചിലോട്ടമ്മയുടെ കോലം ഈ വിധത്തിൽ പ്രദർശിപ്പിക്കുന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാൻ സാധിക്കാത്തതാണ്. ഇതുമായി ബന്ധപ്പെട്ട് സമുദായ സമിതി സി.പി.എം ജില്ല കമ്മിറ്റിക്ക് രേഖാമൂലം പരാതി നൽകിയിരുന്നു. എന്നാൽ ഇതിന് ശേഷവും മറ്റു പലയിടങ്ങളിലും ഇത്തരം കട്ടൗട്ടുകൾ പ്രത്യക്ഷപ്പെട്ടു.
വാണിയ സമുദായ സമിതി, രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന സംഘടനയാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും പ്രവർത്തിക്കുന്നവർ ഈ സംഘടനയിലുണ്ട്. എന്നാൽ ഈ വിഷയത്തിൽ സമുദായ അംഗങ്ങൾ ഒറ്റക്കെട്ടാണ്. മുച്ചിലോട്ടു ഭഗവതിയുടെതെന്നല്ല, ജനങ്ങൾ ആരാധിക്കുന്ന ഒരു തെയ്യക്കോലത്തിന്റെയും ചിത്രം വികൃതമായി പരസ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നാണ് തങ്ങളുടെ നിലപാട്. നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തിന്ന് കോട്ടം വരുത്താതെ ക്ഷേത്ര ചിട്ടകളും തെയ്യക്കോലങ്ങളും ക്ഷേത്രത്തിനകത്ത് തന്നെ സംരക്ഷിക്കപ്പെടേണ്ടതാണ്. സമുദായ സമിതി രാഷ്ട്രീയ പാർട്ടികൾക്ക് എതിരല്ല. എന്നാൽ, ഈ വിഷയം ബന്ധപ്പെട്ടവരെ പലതവണ ബോദ്ധ്യപ്പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. തെരുവോരങ്ങളിൽ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ഇത്തരം ബോർഡുകൾ എടുത്തു മാറ്റണമെന്നും വാണിയ സമുദായ സമിതി ആവശ്യപ്പെട്ടു. ഇതിന് തയ്യാറാവാത്ത പക്ഷം നിയമനടപടികളെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് വാണിയ സമുദായ സമിതി കേരള സംസ്ഥാന പ്രസിഡണ്ട് വി. വിജയൻ, സെക്രട്ടറിമാരായ ഷാജി കുന്നാവ്, ബാബു , വാരം എന്നിവർ അറിയിച്ചു.

Latest News