Sorry, you need to enable JavaScript to visit this website.

കേരളത്തില്‍  ബി.ജെ.പിയും എസ്.ഡി.പി.ഐയും ഉള്‍പ്പെടുന്ന സഖ്യം  രൂപമെടുക്കുന്നു-കാനം രാജേന്ദ്രന്‍

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കല്‍പറ്റയില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍. 

കല്‍പറ്റ-കേരളത്തില്‍ വലതുപക്ഷ പാര്‍ട്ടികളും ബി.ജെ.പിയും എസ്.ഡി.പി.ഐയും ഉള്‍പ്പെടുന്ന പുതിയ രാഷ്ട്രീയ സഖ്യം രൂപംകൊള്ളുകയാണെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വയനാട് പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പൊതുവികസനത്തെ ഒരുമിച്ചു എതിര്‍ക്കുന്ന യു.ഡി.എഫ്, ബി.ജെ.പി, എസ്.ഡി.പി.ഐ കൂട്ടായ്മയെയാണ് ഇപ്പോള്‍ പല സ്ഥലങ്ങളിലും കാണാന്‍ കഴിയുന്നത്. കെ റെയില്‍ വിരുദ്ധ സമരങ്ങളില്‍  കൊടികളൊക്കെ കൂട്ടിപ്പിടിച്ചിരിക്കുന്നതു ജനം കാണുന്നതാണ്. ഇതു അപകടകരമായ പ്രവണതയാണ്. ഈ കൂട്ടായ്മയെ ജനപക്ഷത്തുനിന്നു ഇടതുമുന്നണി ശക്തമായി ചെറുക്കും. നാടിന്റെ വികസനം ലക്ഷ്യമാക്കി സര്‍ക്കാര്‍ ഒരു പദ്ധതി മുന്നോട്ടുവെക്കുമ്പോള്‍ അതില്‍ കുറവുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ പ്രതിപക്ഷത്തിനു അവകാശമുണ്ട്. പക്ഷേ, കേരളത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട 19 എം.പിമാര്‍ ഡല്‍ഹിയില്‍ നിവേദനം നല്‍കിയത് കേരളത്തിന്റെ വികസന പ്രക്രിയയ്ക്കു എതിരായാണ്. സാധാരണ അങ്ങനെ ചെയ്യാറില്ല. തെറ്റായ സമീപനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വീകരിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതിയെ ബി.ജെ.പിയുമായി ലോഹ്യം കൂടാനുള്ള അവസരമായും പ്രതിപക്ഷം ഇതിനെ ഉപയോഗപ്പെടുത്തുകയാണ്. ജനകീയ സമരങ്ങളെ എല്‍.ഡി.എഫ് വര്‍ഗീയമെന്നു വിശേഷിപ്പിക്കാറില്ല. യഥാര്‍ഥ വര്‍ഗീയ ശക്തികളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും തിരിച്ചറിയാനുള്ള കഴിവ് ഇടതുപക്ഷത്തിനുണ്ട്. 

?കെ റെയില്‍ വിരുദ്ധ സമരങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിയുടെ പേരിലല്ല നടക്കുന്നത് 
പദ്ധതിക്കെതിരെ തെറ്റിദ്ധരിപ്പിക്കപ്പെട്ട സമൂഹമാണ് രംഗത്തുവരുന്നത്. പറഞ്ഞു മനസ്സിലാക്കുമ്പോള്‍ അവര്‍ക്കു കാര്യം തിരിയും. ജനങ്ങളുടെ പരാതികളും ഭൂമി നഷ്ടപ്പെടുന്നവരുടെ ആക്ഷേപങ്ങളും കേള്‍ക്കുകയില്ല എന്ന നിലപാട് സര്‍ക്കാരിനില്ല. ഒരു അലൈന്‍മെന്റ് ഫിക്‌സ് ചെയ്യുന്നതിന്റെ പ്രാഥമിക നടപടിയാണ് കല്ലിടല്‍. ഒരു വീടിന്റെ മുന്നില്‍ കല്ലിട്ടതുകൊണ്ടു അതിലേ ട്രെയിന്‍ ഓടിയില്ലല്ലോ. പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്കു ന്യായമായ വില ലഭിക്കണം. അവരെ പുനരധിവസിപ്പിക്കണം. അക്കാര്യം വീട്ടുടമളെ ബോധ്യപ്പെടുത്താനുള്ള സമയം ആകുന്നതേയുള്ളൂ.  പദ്ധതികള്‍ക്കായി വീടു നഷ്ടപ്പെടുന്നവരുടെ ആശങ്ക പരിഹരിക്കുന്നതിനു നിയമപരമായ വ്യവസ്ഥകളുണ്ട്. അതനുസരിച്ചാണ് ഭൂമി നഷ്ടപരിഹാരം കൊടുത്ത് ഏറ്റെടുക്കുന്നത്. സ്റ്റേക്ക് ഹോള്‍ഡേഴ്‌സിന്റെ പരാതികള്‍ പരിഹരിച്ചേ ഭൂമി ഏറ്റെടുക്കാന്‍ കഴിയൂ. 

?കെ റെയിലുമായി  ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നാണ് താങ്കള്‍ നേരത്തേ പറഞ്ഞത്
കെ റെയില്‍ എല്‍.ഡി.എഫിന്റെ പദ്ധതിയാണെന്നും പിന്തുണയ്‌ക്കേണ്ടതുണ്ടന്നും സി.പി.ഐ സംസ്ഥാന കൗണ്‍സിലാണ് തീരുമാനിച്ചത്. ഏതു പുതിയ പദ്ധതി വരുമ്പോഴും ജനങ്ങളുടെ ഭാഗത്ത് കുറച്ച് ആശങ്ക ഉണ്ടാകാറുണ്ട്. അതു പരിഹരിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. ഇക്കാര്യം  സി.പി.ഐ പരസ്യമായി പറഞ്ഞതാണ്. പദ്ധതി കാര്യത്തില്‍ സി.പി.ഐ നിലപാടില്‍ സംശയം വെച്ചുപുലര്‍ത്തേണ്ടതില്ല.

?പദ്ധതിയുമായി ബന്ധപ്പെട്ടു മുതിര്‍ന്ന സി.പി.ഐ നേതാക്കളില്‍ ചിലരുടെ മക്കള്‍ താങ്കള്‍ക്കു കത്തെഴുതിയിരുന്നു
മുതിര്‍ന്ന സി.പി.ഐ നേതാക്കളുടെ മക്കള്‍ എന്നു പറയുന്നവരില്‍ കത്തെഴുതിയവരാരും പാര്‍ട്ടി മെംബര്‍മാരല്ല. കുടുംബാംഗങ്ങളുടെ ഉപദേശം കണക്കിലെടുത്തല്ല പാര്‍ട്ടി കമ്മിറ്റികള്‍ തീരുമാനനങ്ങള്‍ എടുക്കുന്നത്. കെ റെയിലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിയമാനുസൃതമാണ് നടത്തുന്നത്. അതിനു തടസ്സം നിന്നിട്ടു പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ല എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. കെ റെയിലുമായി ബന്ധപ്പെട്ടു മാത്രമല്ല, ഇതുപോലുള്ള എല്ലാ വിഷയങ്ങളിലും സത്യാവസ്ഥ  ജനങ്ങളെ ബോധ്യപ്പെടുത്തി വ്യക്തമായ നിലപാടുമായി മുന്നോട്ടുപോകുകയാണ്  എഎല്‍.ഡി.എഫ് ചെയ്യുന്നത്. ജനങ്ങള്‍ക്കു ഒപ്പംനില്‍ക്കുന്ന മുന്നണിയാണ് എല്‍.ഡി.എഫ്. ജനങ്ങളെ അകറ്റിനിര്‍ത്തിയല്ല ഇടതുമുന്നണിയുടെ സഞ്ചാരം. ജനങ്ങള്‍ മുന്നണിയെ പിന്തുണയ്ക്കുന്നുണ്ട്. അതിനാല്‍ ജനങ്ങളുമായി ആശയവിനിമയം നടത്താന്‍ എപ്പോഴും എല്‍.ഡി.എഫ് തയാറാകുന്നുണ്ട്. 

?സമരങ്ങളെ അടിച്ചമര്‍ത്തുന്ന രീതിയെ ഗവര്‍ണറും വിമര്‍ശിച്ചു
ജനകീയ സമരങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്ന പ്രചാരണം ശരിയല്ല. ജോലിക്കെത്തുന്ന ഉദ്യോഗസ്ഥനെ തടസ്സപ്പെടുത്തുന്നത് ജാമ്യം കിട്ടാത്ത വകുപ്പുനുസരിച്ചുള്ള കുറ്റമാണ്. ഇന്ത്യന്‍ ശിക്ഷാനിയത്തെക്കുറിച്ചു  അറിയാത്ത ആള്‍ അലല്ലോ ഗവര്‍ണര്‍. സമരത്തിനിടെ സംഘര്‍ഷം സ്വാഭാവികമാണ്. സ്ത്രീകളെയും കുട്ടികളെയും പോലീസ് വലിച്ചിഴയ്ക്കുന്നതുപോലുള്ള കാര്യങ്ങള്‍ ഒഴിവാക്കേണ്ടതാണ്. 

?കെ റെയില്‍ വിരുദ്ധ സമരം എല്‍.ഡി.എഫിനെതിരായ പ്രക്ഷോഭമോ
സമരം പദ്ധതിക്കെതിരാണോ അതോ എല്‍.ഡി.എഫിനെതിരാണോ എന്നു  സമരം ചെയ്യുന്നവരോടു ചോദിക്കണം. എനിക്കതു ഊഹിച്ചു പറയാനാകില്ല. അവരൊക്കെ ഈ നാട്ടില്‍ ഉള്ളവരാണല്ലോ. ജനകീയ സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയാണ് എല്‍.ഡി.എഫ് ഇവിടെ എത്തിയത്. ജനങ്ങളുടെ പിന്തുണയോടെയാണ് മുന്നണി അധികാരത്തില്‍ എത്തിയത്. തുടര്‍ഭരണം ഉണ്ടാകില്ലെന്നു പറഞ്ഞു നിങ്ങളില്‍ പലരും കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് പ്രവര്‍ത്തിച്ചിട്ടും ഞങ്ങള്‍ തന്നെ അധികാരത്തില്‍ വന്നു. ഓടു പൊളിച്ച് ഇറങ്ങിയവരല്ല ഇവിടെ ഇരിക്കുന്നത്. 


?സി.പി.ഐയ്‌ക്കെതിരെ ചിന്തയില്‍ ലേഖനങ്ങള്‍ വരുന്നുണ്ട്
സി.പി.എമ്മും സി.പി.ഐയും രണ്ടു പാര്‍ട്ടികളാണ്. അവ രണ്ടും തമ്മില്‍ പ്രത്യയശാസ്ത്രപരമായ തര്‍ക്കങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. മുന്നണിയില്‍ ഞങ്ങള്‍ യോജിക്കുന്നതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ്. ആ മിനിമം പരിപാടിയില്‍ കെ റെയില്‍ ഉണ്ട്. പ്രത്യയശാസ്ത്ര തര്‍ക്കം വേറെ നടക്കും. സജീവ രാഷ്ടീയ പാര്‍ട്ടികളൊക്കെ ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയും. 

?സി.പി.ഐയ്ക്കു രാജ്യസഭാസീറ്റ് വിലപേശലിന്റെ ഭാഗമായി ലഭിച്ചതാണെന്നു എല്‍.ജെ.ഡി അധ്യക്ഷന്‍ പറയുന്നു
രാജ്യസഭാ സീറ്റ് കാര്യം എല്‍.ഡി.എഫ് തീരുമാനിച്ചതാണ്. ഇതിനുസരിച്ചു പാര്‍ട്ടി സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക നല്‍കിയശേഷം മറ്റൊരു വിവാദത്തിനു പിന്നാലെ പോകാന്‍ എന്നെ കിട്ടുകയില്ല. ശ്രേയാസ്‌കുമാറിന്റെ പ്രസ്താവനയ്ക്കു മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ല. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ടത് അടഞ്ഞ അധ്യായത്തിലെ വിഷയങ്ങളാണ്. അതേക്കുറിച്ച് ഇനി പറയേണ്ട കാര്യമില്ല. നിങ്ങളുടെ ഉദ്ദേശ്യമൊക്കെ എനിക്കു മനസ്സിലാകും. ഞാനീ കല്‍പറ്റയില്‍ വന്നിട്ട് ശ്രേയാംസ്‌കുമാറിനെതിരെ ഒരു വര്‍ത്തമാനം പറയണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. അതു നടക്കില്ല. ഞാനീ പണി തുടങ്ങിയിട്ടു 50 കൊല്ലമായി. 
മതരാഷ്ടവാദം ഉയര്‍ത്തുന്ന ബി.ജെ.പിക്കെതിരായ ഇടതുപക്ഷ-മതേതര-ജനാധിപത്യ ശക്തികളുടെ വിപുലമായ ഐക്യം വളര്‍ത്തണമെന്ന രാഷ്ട്രീയമാണ്  അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിലൂടെ സി.പി.ഐ മുന്നോട്ടുവെക്കുകയെന്നു കാനം പറഞ്ഞു. വയനാട് ഉള്‍പ്പെടെ ജില്ലകളില്‍ പാര്‍ട്ടിയുടെ അംഗബലം വര്‍ധിച്ചു.പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ഈ മാസം പൂര്‍ത്തിയാകും. ഏപ്രില്‍-മെയ് മാസങ്ങളിലായി 1,300 ലോക്കല്‍ സമ്മേളനങ്ങള്‍ ചേരും. ജൂണ്‍-ജൂലൈ മാസങ്ങളിലായി മണ്ഡലം സമ്മേളനവും ഓഗസ്റ്റ് -സെപ്റ്റംബര്‍ മാസങ്ങളില്‍ ജില്ലാ സമ്മേളനങ്ങളും പൂര്‍ത്തിയാക്കും. ഒക്ടോബര്‍ ഒന്നു മുതല്‍ നാലു വരെ തിരുവനന്തപുരത്താണ് സംസ്ഥാന സമ്മേളനം. ഒക്ടോബര്‍ 14 മുതല്‍ 18 വരെ വിജയവാഡയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ്.  പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയം ജൂലൈയില്‍ പ്രസിദ്ധീകരിക്കും. രണ്ടു മാസത്തെ ചര്‍ച്ചകള്‍ക്കുശേഷമാണ് പ്രമേയത്തിലെ ഭേദഗതികള്‍ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കുക. പാര്‍ട്ടി കോണ്‍ഗ്രസ് മാര്‍ഗരേഖ ഡല്‍ഹിയില്‍ ചേര്‍ന്ന നാഷണല്‍ കോണ്‍ഗ്രസ് നിശ്ചയിച്ച്  അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക സ്ഥാനങ്ങളില്‍  75 വയസ്സ് കഴിഞ്ഞവര്‍ തുടരേണ്ടതില്ല എന്നാണ് തീരുമാനം. ബ്രാഞ്ച് സെക്രട്ടറിമാരുടെ പ്രായം 45നു താഴെയായിരിക്കണമെന്നാണ് നിര്‍ദേശം. ഇക്കാര്യത്തില്‍ പ്രായോഗികതയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കും. പാര്‍ട്ടിയില്‍ യുവത്വം കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്. സംസ്ഥാന, ദേശീയ കൗണ്‍സിലുകളില്‍ 40 ശതമാനം അംഗങ്ങള്‍ 50 വയസ്സില്‍ താഴെയുള്ളവരാകണമെന്ന നിര്‍ദേശവും ഉണ്ട്. പാര്‍ട്ടിയെ കാലത്തിനൊത്ത പ്രസ്ഥാനമായി മാറ്റാനും അകത്തു  നവീകരണം സാധ്യമാക്കാനുമാണ് ശ്രമമെന്നും കാനം പറഞ്ഞു. പാര്‍ട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം പി.പി.സുനീര്‍, ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ. അബ്ദുല്ല സ്വാഗതവും പ്രസിഡന്റ് കെ.സജീവന്‍ നന്ദിയും പറഞ്ഞു. 

Latest News