മുംബൈ- പോലീസ് കോൺസ്റ്റബിൾ കൂടിയായ ഭാര്യയുടെ നഗ്നചിത്രങ്ങൾ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. മുംബൈയിലെ പോലീസുകാരിയുടെ ഭർത്താവിനെയാണ് അറസ്റ്റ് ചെയ്തത്. ബന്ധുക്കളെ ഉൾപ്പെടുത്തി ഭർത്താവ് വാട്‌സാപ് ഗ്രൂപ്പുണ്ടാക്കി നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് കേസ്. മുംബൈ സ്വദേശിയായ യുവതിയും പൂനെക്കാരനായ യുവാവും 2017-ലാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം യുവതി പോലീസിൽ ചേർന്നു. ഭർത്താവ് പൂനെയിലായിരുന്നു. മാസത്തിൽ ഒരിക്കലായിരുന്നു യുവതി ഭർത്താവിന് അടുത്തേക്ക് എത്തിയിരുന്നത്. ഇതിനിടെ വാട്‌സാപ്പിലൂടെ നഗ്ന ചിത്രങ്ങൾ അയക്കാൻ ഭർത്താവ് ആവശ്യപ്പെട്ടു. ഇതേചൊല്ലി കലഹമുണ്ടായതോടെ ഇതിന് യുവതി സമ്മതിക്കുകയും ചെയ്തു. ഈ ചിത്രങ്ങളാണ് ഭർത്താവ് വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് അയച്ചത്. ഭാര്യയെ അപകീർത്തിപ്പെടുത്താനായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. മുൻ സുഹൃത്തുമായി യുവതി നടത്തിയ ചാറ്റുകളും ഭർത്താവ് പങ്കുവെച്ചു. ഇത് തുടർന്നതോടെയാണ് യുവതി പരാതിയുമായി എത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ചുമാണ് ഇയാൾക്കെതിരെ കേസെടുത്തത്.