Sorry, you need to enable JavaScript to visit this website.

അമ്മയും കാമുകനും പഠനം നിര്‍ത്താന്‍ നിര്‍ബന്ധിക്കുന്നു, പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍

നവിമുംബൈ- അമ്മയും അവരോടൊപ്പം താമസിക്കുന്ന കാമുകനും പഠനം നിര്‍ത്താനും ബാറില്‍ ജോലി ചെയ്യാനും നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ച് പതിനേഴുകാരി പരാതി നല്‍കി. പന്‍വേലിലെ കലുന്ദ്രെയില്‍ നിന്നുള്ള  പെണ്‍കുട്ടിയാണ് പോലീസിനെ സമീപിച്ചത്.  
അമ്മയ്ക്ക് ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് കുടുംബം പോറ്റുന്നതിനായി പഠനം നിര്‍ത്താന്‍ അമ്മയും അവരുടെ ലോണ്‍ ഏജന്റായി ജോലി നോക്കുന്ന പങ്കാളിയും നിര്‍ബന്ധിച്ചതെന്ന്  എഫ്‌ഐആറില്‍ പറയുന്നു.
ബാറില്‍ ജോലി ചെയ്യാനുള്ള നിരന്തര സമ്മര്‍ദ്ദം കാരണം കഴിഞ്ഞ മാസം പെണ്‍കുട്ടി വീടുവിട്ടിരുന്നു. ഇതിനു പിന്നാലെ മകളെ കാണാനില്ലെന്ന് കാണിച്ച് അമ്മ പരാതി നല്‍കി. ബേലാപൂരിലെ ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നു പെണ്‍കുട്ടിയുടെ താമസം. മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ മാന്‍ഖുര്‍ദിലുള്ള മുത്തശ്ശിയുടെ വീട്ടിലേക്ക് അയച്ചു. കുറച്ചു ദിവസം അവിടെ താമസിച്ച ശേഷം അമ്മായിയുടെ വീട്ടിലേക്ക് മാറി. പരീക്ഷ ആരംഭിക്കാനിരുന്നതിനാല്‍  പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന നിര്‍ദേശം അമ്മ നിരസിച്ചതായും പറയുന്നു.   വിദ്യാഭ്യാസ ചെലവ്  താങ്ങാന്‍ കഴിയില്ലെന്നായിരുന്നു അമ്മയുടെ മറുപടി.  
തുടര്‍ന്ന് അമ്മായി പെണ്‍കുട്ടിയെ  ഖാര്‍ഘറിലുള്ള  കുട്ടികളുടെ അഭയകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചാണ്  പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം വിവരിച്ചതും പന്‍വേല്‍ സിറ്റി പോലീസില്‍ പരാതി രജിസ്റ്റര്‍ ചെയതതും.  
അഞ്ച് വര്‍ഷം മുമ്പാണ് പെണ്‍കുട്ടിയുടെ പിതാവ് മരിച്ചത്.  അമ്മ  ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നതിനാല്‍ മുമ്പ് ട്യൂഷന്‍ ടീച്ചറായി ജോലി ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ ജോലി കുറവാണ്. ഇതാണ് പെണ്‍കുട്ടിയെ ജോലിക്ക് പോകാന്‍ നിര്‍ബന്ധിക്കാനുള്ള കാരണമെന്ന് പോലീസ് പറഞ്ഞു. ആവശ്യമുള്ളപ്പോഴെല്ലാം പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചാണ് അമ്മയേയും അവരുടെ പങ്കാളിയേയും വിട്ടയച്ചതെന്ന്  പന്‍വേല്‍ സിറ്റി പോലീസ് സ്‌റ്റേഷനിലെ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ഗിരി പറഞ്ഞു.

അമ്മയുടെ പങ്കാളിക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി ബോര്‍ഡ് പരീക്ഷ എഴുതുകയാണെന്നും അതിനുശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.

 

Latest News