Sorry, you need to enable JavaScript to visit this website.

കെ-റെയിൽ സമരക്കാർക്കു നേരെയുള്ള  അതിക്രമം അവസാനിപ്പിക്കണം -പ്രവാസി

ജിദ്ദ- ജനങ്ങളെ മുഖവിലക്കെടുക്കാതെ ഭരണകൂടം ഏകപക്ഷീയമായി അടിച്ചേൽപിക്കുന്ന കെ-റെയിൽ പദ്ധതിക്കെതിരെ സമരം ചെയ്യുന്നവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്ന സർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രവാസി സാംസ്‌കാരിക വേദി വെസ്റ്റേൺ പ്രൊവിൻസ് സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. സമരക്കാർക്കു നേരെയുള്ള അതിക്രമം അവസാനിപ്പിക്കണം.
സിൽവർ ലൈൻ വിരുദ്ധ സമരത്തിൽ പങ്കെടുത്ത സ്ത്രീകളെയും കുട്ടികളെയും വയോധികരെയും ക്രൂരമായി മർദിച്ച പിണറായി സർക്കാരിന്റെ നടപടി തികഞ്ഞ സ്വേഛാധിപത്യമാണ്. ജനവാസ പ്രദേശങ്ങളിലെ സ്വകാര്യ ഭൂമികളിൽ അതിക്രമിച്ചു കയറി സർവേ നടത്തുകയും പ്രതിഷേധിക്കുന്നവരെ അസഭ്യം പറയുകയും അമ്മമാരെ കുട്ടികൾക്ക് മുമ്പിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതും വൃദ്ധരായ ആളുകളെ പോലും കോളറിനു പിടിച്ച് ഗുണ്ടാ അക്രമങ്ങൾക്ക് സമാനമായ രീതിയിൽ ഭീകര അന്തരീക്ഷമാണ് പിണറായി സർക്കാർ കേരളത്തിൽ സൃഷ്ടിക്കുന്നത്. 
മതിയായ വനിതാ പോലീസുകാരുടെ സാന്നിധ്യം പോലുമില്ലാതെ പൊതുജനത്തിന് മുന്നിൽ വെച്ച് ഇത്തരം അതിക്രമങ്ങൾ ചെയ്യാനുള്ള അനുമതി ആഭ്യന്തര മന്ത്രി പിണറായി വിജയൻ നൽകിയിട്ടുണ്ട് എന്നു ബോധ്യപ്പെടുത്തുന്ന പ്രതികരണങ്ങളാണ് സമീപ ദിവസങ്ങളിൽ അദ്ദേഹത്തിൽ നിന്ന് ഉണ്ടായിട്ടുള്ളത്. ഇടതുപക്ഷ നേതാക്കളും പ്രവർത്തകരും ചെയ്യുന്ന സകല അതിക്രമങ്ങൾക്കും പരിരക്ഷ നൽകുകയും ജനകീയ സമരങ്ങളെ അതിക്രമങ്ങൾ കൊണ്ട് നേരിടാനുമാണ് ആഭ്യന്തര മന്ത്രി പോലീസിനെ ഉപയോഗിക്കുന്നത്. 
ഇത്തരം നിലപാടുകൾക്കെതിരെ മൗനം കൊണ്ട് അവഗണിക്കുന്ന പൊതു സമൂഹത്തിന്റെ നിലപാടും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. സർക്കാർ ജനവിരുദ്ധ പദ്ധതികൾ അടിച്ചേൽപിക്കുമ്പോൾ അതിനെതിരെ സമരം ചെയ്യുക എന്നത് ജനങ്ങളുടെ അവകാശമാണ്. അതിനെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താമെന്നത് സർക്കാറിന്റെ വ്യാമോഹം മാത്രമാണ്. ജനങ്ങൾക്ക് വേണ്ടാത്ത ഒന്നിനെ ജനങ്ങൾക്കുമേൽ അടിച്ചേൽപിക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളെ ജനങ്ങളൊന്നിച്ച് ചെറുത്തു തോൽപിക്കണമെന്ന് പ്രവാസി സാംസ്‌കാരിക വേദി എക്സിക്യൂട്ടീവ് പ്രസ്താവനയിൽ പറഞ്ഞു.
 

Latest News