Sorry, you need to enable JavaScript to visit this website.

സോണിയ പൊട്ടിച്ച ബോംബ്

ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഭരണകക്ഷിയും ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമ ഭീമന്മാരും കുത്തക കമ്പനികളും ചേർന്ന് നടത്തുന്ന അവിശുദ്ധ ഇടപെടൽ തടയാനായില്ലെങ്കിൽ അത് ഇന്ത്യൻ ജനാധിപത്യത്തെ അർഥശൂന്യമാക്കുമെന്ന് ദ റിപ്പോർട്ടേഴ്‌സ് കലക്ടീവിന്റെ അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലോക്‌സഭയിൽ സോണിയാഗാന്ധി പ്രകടിപ്പിച്ച ആശങ്ക ഈ റിപ്പോർട്ടിലൂടെ കടന്നുപോകുമ്പോൾ വ്യക്തമാകും.

 

'ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ, ഫെയ്സ്ബുക്ക് പോലെയുള്ള സമൂഹ മാധ്യമങ്ങൾ വ്യവസ്ഥാപിതമായ സ്വാധീനവും ഇടപെടലും നടത്തുന്നത്  അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. രാജ്യത്തിന്റെ വൈവിധ്യവും ജനാധിപത്യവും സംരക്ഷിക്കാൻ അധികാരത്തിൽ ഇരിക്കുന്ന ഭരണകക്ഷി ശ്രമിക്കണം.'
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഏറെ നാളുകൾക്ക് ശേഷം പാർലമെന്റിൽ നടത്തിയ ശ്രദ്ധേയമായ ഈ പ്രസംഗം ഇന്ത്യൻ രാഷ്ട്രീയത്തിൽ കുറച്ചുകാലമായി ഒളിഞ്ഞും തെളിഞ്ഞും തുടർന്നുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസത്തെ തുറന്നുകാട്ടി. ജീവിതത്തിന്റെ സമസ്ത മേഖലകളിലും സാമൂഹിക മാധ്യമങ്ങൾ ചെലുത്തുന്ന വൻതോതിലുള്ള ഇടപെടലും സ്വാധീനവും നിരവധി അക്കാദമിക പഠനങ്ങൾക്ക് മാത്രമല്ല, സാമൂഹിക വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. എന്നാൽ പാർലമെന്റിൽ കൃത്യമായ കാഴ്ചപ്പാടോടെ ഇത്തരമൊരു വിമർശനം ഉണ്ടാകുന്നത് ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും. നേരത്തെ ട്വിറ്ററും രാഹുൽ ഗാന്ധിയും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ യുക്തിപൂർണമായ തുടർച്ച തന്നെയാണിത്. 


സോണിയയുടെ പ്രസംഗം ഹ്രസ്വമായിരുന്നെങ്കിലും ഭരണകക്ഷി ബെഞ്ചുകൾക്ക് അസ്വസ്ഥജനകമായിരുന്നുവെന്ന് പ്രതികരണങ്ങളിൽനിന്ന് വ്യക്തമായി. എഴുതിത്തയാറാക്കിയ പ്രസംഗം മൂന്നു മിനിട്ട് പിന്നിടുമ്പോൾ തന്നെ സ്പീക്കർ ഓം ബിർളയുടെ ഇടപെടലുണ്ടായി. 'താങ്കൾക്ക് ഉന്നയിക്കാനുള്ള ആവശ്യമെന്താണെന്ന് പറയൂ' എന്നായിരുന്നു സ്പീക്കറുടെ ചോദ്യം. ഉടൻ തന്നെ സോണിയ തന്റെ പ്രസംഗത്തിന്റെ അവസാന ഭാഗത്തേക്ക് കടക്കുകയും ഭരണകക്ഷിക്ക് ഇക്കാര്യത്തിൽ പ്രത്യേക ബാധ്യതയുണ്ട് എന്ന ഓർമപ്പെടുത്തലോടെ സാമൂഹിക മാധ്യമ ഭീമന്മാരെ നിയന്ത്രിക്കാൻ സർക്കാർ ശ്രമിക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തു. സ്പീക്കറുടെ ചോദ്യം വരെ നിശ്ശബ്ദമായി പ്രസംഗം കേട്ട സഭ, അതിന് ശേഷം അൽപം ബഹളമയമാകുകയും ഭരണകക്ഷി ബെഞ്ചുകളിൽനിന്നുയർന്ന ശബ്ദശല്യം കാരണം സോണിയ ഏതാനും നിമിഷം പ്രസംഗം നിർത്തുകയും  ചെയ്തു. 


സമീപ ദിവസങ്ങളിൽ പുറത്തുവന്ന ശ്രദ്ധേയമായ ചില മാധ്യമ റിപ്പോർട്ടുകളാണ് സോണിയയുടെ പ്രസംഗത്തിന് ആധാരമായത്. അതിൽ പ്രധാനം ദ റിപ്പോർട്ടേഴ്‌സ് കലക്ടീവ് എന്ന മാധ്യമ സംഘടനയുടെ ഒരു വസ്തുതാന്വേഷണ റിപ്പോർട്ടാണ്. ഈ റിപ്പോർട്ട് അടിസ്ഥാനമാക്കി അൽജസീറ തയാറാക്കിയ വിശദമായ റിപ്പോർട്ടായിരുന്നു മറ്റൊന്ന്. സോണിയയുടെ പ്രസംഗം വരുംമുമ്പ് തന്നെ രാഷ്ട്രീയ ലോകവും മാധ്യമ ലോകവും ശ്രദ്ധിച്ച റിപ്പോർട്ടുകളായിരുന്നു ഇത്.


ഫെയ്‌സ്ബുക്കും ട്വിറ്ററും അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ ഇന്ത്യൻ ജനാധിപത്യത്തെയും സാമുദായിക അന്തരീക്ഷത്തെയും എങ്ങനെ നശിപ്പിക്കുന്നു എന്നത് ഹ്രസ്വമായ പ്രസംഗത്തിൽ സോണിയ ചൂണ്ടിക്കാട്ടുകയായിരുന്നു. ഭരണകക്ഷിക്ക് അനുകൂലമായും കോൺഗ്രസിന് എതിരേയുമുള്ള നിരന്തരമായ പരസ്യ കാമ്പയിനുകൾക്ക് ഫെയ്‌സ് ബുക്ക് വേദിയാകുന്നതായ ആരോപണം നേരത്തെ തന്നെ ഉള്ളതാണ്. ഇത്തരം കാര്യങ്ങൾ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങൾ സ്വയം ഏർപ്പെടുത്തിയിട്ടുള്ള ചട്ടങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചാണ് പണം നൽകിയുള്ള രാഷ്ട്രീയ പരസ്യങ്ങൾ വ്യാപകമായത്. ഇത്തരം പല പരസ്യങ്ങളും വാർത്താസ്വഭാവത്തോടെ തയാറാക്കുകയും വാർത്ത വിന്യസിക്കുന്നതുപോലെ, ഒരു പരസ്യമാണെന്ന് വ്യക്തമാകാത്ത തരത്തിൽ വിന്യസിക്കുകയും ചെയ്തു. അവയുടെ ലിങ്കുകൾ എപ്പോഴും തുറക്കാൻ പറ്റുന്ന ഗ്രാഫിക്കൽ ഇന്റർഫെയ്‌സ്, ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ പ്ലാറ്റ്‌ഫോമിൽ ഉടനീളം വിന്യസിച്ചു. പല തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനെ അനാവശ്യ വിവാദത്തിൽ കൊണ്ടുചാടിക്കാനും വർഗീയ ധ്രുവീകരണം ശക്തമാക്കി ബി.ജെ.പി വോട്ട് ബാങ്കിന് പോറലേൽക്കാതെ സൂക്ഷിക്കാനും ഇത്തരം 'വാർത്താപരസ്യ'ങ്ങൾക്ക് കഴിഞ്ഞു.


2019 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഫെയ്‌സ്ബുക്കിൽ പ്രത്യക്ഷപ്പെട്ട ഇത്തരം പരസ്യങ്ങളുടെ പഠനം നടത്തിയാണ് ദ റിപ്പോർട്ടേഴ്‌സ് കലക്ടീവ് ഈ ദുരുപയോഗം പുറത്തു കൊണ്ടുവന്നത്.  2019 ഫെബ്രുവരി മുതൽ 2020 നവംബർ വരെ ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വന്ന മുഴുവൻ രാഷ്ട്രീയ പരസ്യങ്ങളുടെയും (5,36,070 പരസ്യങ്ങൾ) ഡാറ്റ അവർ വിശകലനം ചെയ്തു. ഫെയ്‌സ്ബുക്കിന്റെ പരസ്യ ലൈബ്രറിയായ ആപ്ലിക്കേഷൻ പ്രോഗാമിംഗ് ഇന്റർഫെയ്‌സി (എ.പി.എൽ) ലൂടെയുള്ള വിവരങ്ങൾ വിലയിരുത്തിയപ്പോൾ 2019 ലെ ദേശീയ തെരഞ്ഞെടുപ്പ്, ഒമ്പത് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് എന്നിവ ഉൾപ്പെടെ, 22 മാസം ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് മത്സരത്തെ ഫെയ്‌സ്ബുക്ക് അതിന്റെ അഡ്വർടൈസിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് സ്വാധീനിക്കുകയും അതുവഴി തന്ത്രപരമായി എതിരാളികൾക്ക് മേൽ ബി.ജെ.പിക്ക് മുൻതൂക്കം നൽകുകയും ചെയ്തതായി തെളിഞ്ഞു. 


നിരവധി ഉദാഹരണങ്ങൾ റിപ്പോർട്ടേഴ്‌സ് കലക്ടീവിന്റെ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്ന് രാഹുൽ ഗാന്ധിയുടെ ഒരു പ്രസ്താവന സംബന്ധിച്ചതാണ്. 2019 ഏപ്രിൽ 11 ന് ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് ഒരു മാസം മുമ്പ് കോൺഗ്രസിന്റെ അന്നത്തെ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പരസ്യമാണ് അതിലൊന്ന്. ബി.ജെ.പി തീവ്രവാദത്തോട് മൃദുസമീപനമാണ് കാണിക്കുന്നതെന്ന് ആരോപിച്ച് രാഹുൽ നടത്തിയ പ്രസംഗത്തിൽ, ഇന്ത്യ കൊടുംഭീകരനെന്ന് വിശേഷിപ്പിച്ച പാക് ഭീകരൻ മസൂദ് അസ്ഹറിനെ 'അസർ ജി' എന്ന് ബഹുമാനത്തോടെ വിളിച്ചു എന്നായിരുന്നു പരസ്യം.


തികച്ചും അപകീർത്തികരമായ ആ പരസ്യം വ്യാപകമായി പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതോടെ ഫെയ്‌സ്ബുക്ക് അത് നീക്കം ചെയ്തുവെങ്കിലും മറ്റൊരു വേഷത്തിൽ വീണ്ടുമത് പ്രത്യക്ഷപ്പെട്ടു. ന്യൂസ്‌ജെ (NEWJ) എന്ന ലോഗോയോടു കൂടി ഒരു ന്യൂസ് റിപ്പോർട്ട് ആയാണത് വേഷം മാറിവന്നത്. രാഹുൽ ഗാന്ധിയെ അപഹസിക്കുന്ന തരത്തിൽ 'മസൂദ് അസ്ഹറിനെ രാഹുൽ  അസർ ജി എന്നു വിളിച്ചപ്പോൾ' എന്ന തലക്കെട്ടോടെ പ്രചരിക്കുകയും നാല് ദിവസത്തിനുള്ളിൽ ആറര ലക്ഷം പേർ കാണുകയും ചെയ്തു.


മലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞാസിംഗ് ഠാക്കൂറിനെക്കുറിച്ചുള്ളതായിരുന്നു മറ്റൊന്ന്. മഹാരാഷ്ട്രയിലെ മുസ്‌ലിം ഭൂരിപക്ഷ നഗരമായ മലെഗാവിൽ ആറുപേർ കൊല്ലപ്പെട്ട സ്‌ഫോടനത്തിൽ സ്‌ഫോടക വസ്തുക്കൾ ഒളിപ്പിക്കാനുള്ള മോട്ടോർ സൈക്കിൾ ലഭ്യമാക്കിയ കേസിൽ നിന്നു പ്രജ്ഞാസിംഗിനെ കുറ്റവിമുക്തയാക്കിയെന്നായിരുന്നു ആ പരസ്യം. ഒറ്റ ദിവസം കൊണ്ട് 3,00,00 പേരിലേക്കാണ് വ്യാജ വാർത്ത എത്തിച്ചേർന്നത്. യഥാർത്ഥത്തിൽ, പ്രജ്ഞാസിംഗ് ആ കേസിൽ ഇപ്പോഴും വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.  ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചികിത്സാർത്ഥം ജാമ്യം നേടിയാണ് അവർ പുറത്തു വന്നതും തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതും.


മേൽപറഞ്ഞ രണ്ട് പരസ്യങ്ങൾക്കും ന്യൂസ്‌ജെ എന്ന ഫെയ്‌സ്ബുക്ക് പേജ് പണം നൽകിയിരുന്നു. New Emerging World of Journalism Limited എന്നതിന്റെ ചുരുക്ക രൂപമായ ന്യൂസ്‌ജെ, മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ കീഴിലുള്ള ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് എന്ന് തിരിച്ചറിയുമ്പോൾ തന്നെ ഈ വാർത്താപരസ്യങ്ങൾ വന്ന രാഷ്ട്രീയ വഴി വ്യക്തമാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ ചെറിയ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ജനങ്ങൾക്കു വേണ്ടി ന്യൂസ് കണ്ടന്റുകൾ വിതരണം ചെയ്യുന്ന സ്റ്റാർട്ട് അപ്പ് എന്നാണ് ന്യൂസ്‌ജെ സ്വയം അവകാശപ്പെടുന്നത്, വാസ്തവത്തിൽ അവർ ചെയ്യുന്നത് ഫെയ്‌സ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും ആഡ് സ്‌പേസുകൾ വിലയ്ക്കു വാങ്ങി, ബി.ജെ.പിയെ പ്രൊമോട്ട് ചെയ്യാൻ വേണ്ടി വീഡിയോകളും മറ്റും ന്യൂസ് സ്റ്റോറികളെന്ന പേരിൽ പ്രചരിപ്പിക്കുകയാണെന്ന് റിപ്പോർട്ടേഴ്‌സ്  കലക്ടീവിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുക, ഹിന്ദു-മുസ്‌ലിം സംഘർഷത്തിന് വിത്തു പാകുക, പ്രതിപക്ഷ പാർട്ടികളെ അപകീർത്തിപ്പെടുത്തുക എന്നിവയാണ് ഇവർ സ്ഥിരമായി ചെയ്തിരുന്നതെന്ന് വിശകലനത്തിൽ കണ്ടെത്തി.


ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പ് ഫണ്ട് ചെയ്യുന്ന ഒരു സ്ഥാപനത്തെ എങ്ങനെയാണ് ബി.ജെ.പിയെ പച്ചയായി അനുകൂലിക്കുന്ന വാടക പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ നിയമപരമായ പഴുതുകൾ ഉപയോഗിച്ച് ഫേസ്ബുക്ക് അനുവദിച്ചതെന്നതാണ് ചോദ്യം. ഇത് ഇന്ത്യയിലെ ഭരണ നേതൃത്വവും ഇത്തരം ആഗോള സാമൂഹിക മാധ്യമ ഭീമന്മാരും തമ്മിലുള്ള അവിശുദ്ധ ബന്ധം തുറന്നുകാട്ടുന്നതാണ്. രാഹുൽ ഗാന്ധിയുടെ ഫോളോവേഴ്‌സിനെ ഇല്ലാതാക്കാൻ ട്വിറ്റർ തന്നെ ശ്രമിച്ചതായുള്ള ആരോപണങ്ങൾ അടുത്തിടെ പുറത്തു വന്നതും ഇതോട് ചേർത്തുവായിക്കേണ്ടത് തന്നെ. 
സോണിയാ ഗാന്ധിയുടെ ഹ്രസ്വമായ ലോക്‌സഭാ പ്രസംഗം മാരകമായ പ്രഹരശേഷിയുള്ള ഒരു ബോംബിന്റെ ചെറിയ ചില വശങ്ങൾ മാത്രമാണ് പുറത്തുവിട്ടത്. റിപ്പോർട്ടേഴ്‌സ് കലക്ടീവിന്റെ അന്വേഷണ റിപ്പോർട്ട് പൂർണമായും വായിക്കുമ്പോൾ ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ ഈ ആഗോള ഭീമന്മാർ എപ്രകാരമാണ് കശക്കിയെറിയുന്നത് എന്ന് വ്യക്തമാകും. ഭരണത്തുടർച്ചയുടെ രഹസ്യങ്ങളും വോട്ട് ബാങ്ക് സൂക്ഷിപ്പിന്റെ തന്ത്രങ്ങളും അത് പുറത്തു കൊണ്ടുവരുന്നു. ഭരണകക്ഷി തന്നെ ആസൂത്രണം ചെയ്യുന്ന ഒരു ഡിജിറ്റൽ യുദ്ധത്തെ തടയണമെന്ന സോണിയയുടെ ആവശ്യത്തിന് പരിഹാസച്ചിരി പരക്കുന്ന ചുണ്ടുകളുമായല്ലാതെ കേന്ദ്ര സർക്കാർ എന്തു മറുപടിയാണ് നൽകുക?

Latest News