റിയാദ് - ഉക്രൈൻ സംഘർഷവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് സമാധാനപരമായ മാർഗങ്ങളിൽ പരിഹാരം കാണാൻ ലക്ഷ്യമിട്ട് നടത്തുന്ന മുഴുവൻ ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണക്കുന്നതായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കി. ജപ്പാൻ പ്രധാനമന്ത്രി ഫൂമിയോ കിഷിഡയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഉക്രൈൻ സംഘർഷത്തിന് പരിഹാരം കാണാൻ നടത്തുന്ന ശ്രമങ്ങൾക്കുള്ള സൗദി പിന്തുണ കിരീടാവകാശി അറിയിച്ചത്. ജപ്പാൻ പ്രധാനമന്ത്രി സൗദി കിരീടാവകാശിയുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നു. സംഘർഷം അവസാനിപ്പിക്കാൻ സംവാദം അവലംബിക്കണം. സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കാൻ സഹായിക്കുന്ന നിലക്ക് യുദ്ധം അവസാനിപ്പിക്കാൻ ശ്രമിച്ച് നടത്തുന്ന മുഴുവൻ ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണക്കും.
ആഗോള പെട്രോൾ വിപണിയുടെ സന്തുലനവും സ്ഥിരതയും നിലനിർത്താൻ സൗദി അറേബ്യ അതിയായി ആഗ്രഹിക്കുന്നു. പെട്രോൾ വിപണിയുടെ സന്തുലനവും സ്ഥിരതയും നിലനിർത്തുന്നതിൽ ഒപെക് പ്ലസ് കരാറിന് വലിയ പങ്കുണ്ട്. ഈ കരാർ നിലനിർത്തേണ്ടത് പ്രധാനമാണെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
ജപ്പാനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധങ്ങളും സഹകരണവും സൗദി-ജപ്പാൻ വിഷൻ 2030 പദ്ധതിയുടെ ചട്ടക്കൂടിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും സൗദി കിരീടാവകാശിയും ജപ്പാൻ പ്രധാനമന്ത്രിയും വിശകലനം ചെയ്തു. ഉക്രൈൻ സംഘർഷവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾക്കു പുറമെ, മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും ഇരുവരും വിശകലനം ചെയ്തു.