വാക്‌സിൻ സ്വീകരിക്കാത്തവർ ഉംറ ചെയ്യാൻ വ്യവസ്ഥകൾ ബാധകം

മക്ക - വാക്‌സിൻ സ്വീകരിക്കാത്തവർക്ക് ഉംറ കർമം നിർവഹിക്കാനും ഇരു ഹറമുകളിലും നമസ്‌കാരങ്ങൾ നിർവഹിക്കാനും അനുമതി നൽകിയിട്ടുണ്ടെങ്കിലും ഇതിന് വ്യവസ്ഥകൾ ബാധകമാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. കൊറോണ വൈറസ് ബാധിച്ചവരോ കോവിഡ് രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടവരോ ആകാൻ പാടില്ല എന്നതാണ് വ്യവസ്ഥകൾ എന്ന് ഇതേ കുറിച്ച സൗദി പൗരന്മാരിൽ ഒരാളുടെ അന്വേഷണത്തിന് മറുപടിയായി ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. വാക്‌സിൻ സ്വീകരിക്കാത്തവർക്ക് ഉംറ കർമം നിർവഹിക്കാനും വിശുദ്ധ ഹറമിൽ നമസ്‌കാരം നിർവഹിക്കാനും സാധിക്കുമോയെന്നായിരുന്നു സൗദി പൗരന്റെ അന്വേഷണം. 
വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും പ്രവേശിക്കുന്നവരുടെ ഇമ്മ്യൂൺ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തുന്ന രീതി റദ്ദാക്കിയിട്ടുണ്ടെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. ഉംറ പെർമിറ്റ് ലഭിക്കാൻ വിദേശങ്ങളിൽ നിന്ന് വരുന്നവർ വാക്‌സിൻ സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതില്ല. അഞ്ചും അതിൽ കൂടുതലും പ്രായമുള്ള കുട്ടികളെ ഇരു ഹറമുകളിലും പ്രവേശിക്കാൻ അനുവദിക്കുന്നുണ്ടെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. 

Latest News