ബ്രസ്സല്‍സ്- പ്രൈമറി സ്‌കൂളില്‍ വെച്ച് അപമാനിച്ച അധ്യാപികയെ മൂന്ന് പതിറ്റാണ്ടിനുശേഷം കുത്തിക്കൊന്നു. ബെല്‍ജിയത്തിലാണ് സംഭവം. രണ്ടു വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ കാരണം അധ്യാപിക മരിയ വെര്‍ലിന്‍ഡനോട് ഉണ്ടായിരുന്ന പകയാണെന്ന് 37കാരനായ പ്രതി ഗുണ്ടര്‍ ഉവെന്റ്‌സ് സമ്മതിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
1990 കളുടെ തുടക്കത്തില്‍ ഏഴ് വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ കുറിച്ച് അധ്യാപിക ക്ലാസില്‍ വെച്ച് നടത്തിയ പരാമര്‍ശങ്ങള്‍ തന്നെ വേദനിപ്പിച്ചിരുന്നുവെന്ന് പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
2020ല്‍ ആന്റ്‌വെര്‍പ്പിനടുത്തുള്ള ഹെറന്റലിലെ വീട്ടിലെത്തിയാണ് 59 കാരിയായ മരിയയെ ക്രൂരമായി കൊലപ്പെടുത്തിയത്. 101 തവണയാണ് അധ്യാപികക്ക് കുത്തേറ്റിരുന്നത്. നൂറുകണക്കിന് ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ചിട്ടും പോലീസിന് കൊലയാളിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സാക്ഷികള്‍ മുന്നോട്ടുവരണമെന്ന് മരിയയുടെ ഭര്‍ത്താവ് അഭ്യര്‍ഥിച്ചിരുന്നു. പണമടങ്ങിയ പഴ്‌സ് നഷ്ടപ്പെടാതിരുന്നതിനാല്‍ കവര്‍ച്ചയല്ല കൊലയാളിയുടെ ലക്ഷ്യമെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.
കൊലപാതകം നടന്ന് പതിനാറ് മാസങ്ങള്‍ക്ക് ശേഷം പ്രതി ഒരു സുഹൃത്തിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാള്‍ പോലീസിനു വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊലപാതകം നടന്ന സ്ഥലത്തുനിന്നും കണ്ടെത്തിയ തെളിവുകളുമായി താരതമ്യപ്പെടുത്താന്‍ പ്രതി ഉവെന്റ്‌സിന്റെ ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.
ഭവനരഹിതരെ സഹായിച്ചിരുന്ന ഭക്തനായ ക്രിസ്ത്യാനിയാണ് ഉവെന്റ്‌സെന്ന് ബെല്‍ജിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.






