തൃശൂര്‍ -വിധവയായ 68 കാരിയെ പീഡിപ്പിച്ച പ്രതിക്ക് 10 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ. വീട്ടുജോലി വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി വൃദ്ധയെ ഒഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അടൂര്‍ വിളയില്‍ സ്വദേശിയും ഇപ്പോള്‍പൂത്തൂര്‍ ചെറുകന്ന് ഐക്യനഗറില്‍ താമസക്കാരനുമായ ചന്ദ്രന്നെ ( 58) യാണ് ശിക്ഷിച്ചത്.
തൃശൂര്‍ ഒന്നാം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ി് സി. എസ്. അമ്പിളിയാണ് ശിക്ഷ വിധിച്ചത്. പിഴയടക്കാത്തപക്ഷം ഒരു മാസം അധികത്തടവ് അനുഭവിക്കേണ്ടിവരും.
2018 ഒക്ടോബര്‍ നാലിന് പുത്തൂര്‍ ചെറുകുന്നില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം.
പുത്തൂരുള്ള ഒരു വീട്ടില്‍ വീട്ടുജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതി വൃദ്ധയെ കൊണ്ടുപോയത്. ഭര്‍ത്താവ് മരിച്ച വൃദ്ധക്ക് മക്കളില്ല. പൂത്തൂരെത്തിയ ശേഷം വീട്ടിലേക്കുള്ള വഴിയെന്നു പറഞ്ഞ് സമീപത്തുള്ള കുന്നിന്‍ മുകളിലേക്ക് വൃദ്ധയെ കൊണ്ടു പോവുകയും വിജനമായ കുന്നിന്‍മുകളില്‍വെച്ച് വൃദ്ധയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ശേഷം വൃദ്ധയുടെ ബാഗും, അതിലുണ്ടായിരുന്ന മൊബൈല്‍ ഫോണും, രൂപയും പ്രതി തട്ടിയെടുത്ത് കടന്നു കളഞ്ഞു.
അവശയായ വ!ൃദ്ധ കുന്നിനുതാഴെ ഇറങ്ങിവന്നപ്പോഴേക്കും പ്രതി പരിസരത്തുനിന്നും ഓടി രക്ഷപ്പെട്ടിരുന്നു. കരഞ്ഞുകൊണ്ട് കുന്നിറങ്ങി വന്ന വൃദ്ധയോട് സമീപവാസികള്‍ വിവരമാരായുകയായിരുന്നു. നാണക്കേട് മൂലം വൃദ്ധ പീഡനത്തെ സംബന്ധിച്ച് ആദ്യം ആരോടും പറഞ്ഞിരുന്നില്ല. തുടര്‍ന്ന് ഒല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അടൂര്‍ സ്വദേശിയായ പ്രതി ഐക്യനഗറിലുള്ള സഹോദരിക്കൊപ്പമാണ് താമസിച്ചിരുന്നത്.
പ്രതി മോഷ്ടിച്ച മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങള്‍ കണ്ടെത്തുന്നതിന് പോലീസ് സൈബര്‍സെല്‍ മുഖേനെ അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് 2018 ഒക്ടോബര്‍ 10ന് പുത്തൂരുള്ള കള്ള് ഷാപ്പിനരികെ പ്രതിയെ കണ്ടെത്തിയതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടറായ റെമിന്‍ പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. ഒല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടറായ ബെന്നി ജേക്കബ്ബ്, സബ് ഇന്‍സ്‌പെക്ടറായ സിനോജ് എസ്. എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്.






