തലശ്ശേരി- വര്‍ത്തമാനകാലത്ത് അഭ്യസ്ഥവിദ്യരായ പെണ്‍കുട്ടികളെ പോലും വിവാഹ കമ്പോളത്തില്‍ വിലപേശി വില്‍ക്കുന്ന കാഴ്ചയാണ് നാം കാണുന്നതെന്നും പകമൂലം കൊല ചെയ്യപ്പെടുന്നതും. നൈരാശ്യം മൂലം പിന്നീട് ആത്മഹത്യയിലേക്കും നയിക്കപ്പെടുകയാണെന്നും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.പി.സതീദേവി അഭിപ്രായപ്പെട്ടു.
പ്രണയപ്പകമൂലം കാമുകന്‍ കാമുകിയെ സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ടും, പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയും ജീവനെടുക്കുന്ന കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തലശ്ശേരി ജഗന്നാഥ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ശ്രീനാരായണ ഗുരുവിന്റെ സാമൂഹ്യ ദര്‍ശനം എന്ന വിഷയത്തില്‍ നടന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീദേവി.
ധരിക്കുന്ന വസ്ത്രം, കഴിക്കുന്ന ഭക്ഷണം, കൊണ്ടു നടക്കുന്ന ആചാരങ്ങള്‍ എന്നിവയുടെ പേരില്‍ മനുഷ്യര്‍ ഇപ്പോള്‍ വേട്ടയാടപ്പെടുകയാണ്. നൂറ്റാണ്ടുകള്‍ക്കപ്പുറം 1912ല്‍ ചെറായില്‍ വെച്ചാണ് ശ്രീ നാരായണ ഗുരു സ്ത്രീ സമത്വത്തിന്നായി ആഹ്വാനം ചെയ്തത്.സ്ത്രീകളെ അടുക്കളയില്‍ നിന്നും മോചിപ്പിക്കാന്‍ അവരെ വിദ്യാഭ്യാസപരമായും, തൊഴില്‍പരമായും ഉയര്‍ത്തിക്കൊണ്ടുവരാനും, സാമൂഹ്യ അനാചാരങ്ങളില്‍ നിന്നും മോചിപ്പിക്കാനും ഗുരു തന്നെ മുന്നോട്ട് വന്നു. പ്രാകൃതമായ ദുരാചാരങ്ങളാണ് സ്ത്രീകളെ പിറകോട്ടടിപ്പിച്ചത്.സ്ത്രീകളെ കേവലം ഉപഭോഗവസ്തുക്കളായി കാണുന്ന സാമുഹ്യ വ്യവസ്ഥയെ തന്നെ ഗുരു മാറ്റിമറിച്ചു. വിവാഹ രീതി തന്നെ നവീകരിച്ചു. സ്ത്രീധന സമ്പ്രദായത്തെ,
സ്വന്തം സന്താനങ്ങളെ വാങ്ങുകയും, വില്‍ക്കുകയും ചെയ്യുന്നതിന് തുല്യമാണെന്ന് ഗുരു ഓര്‍മ്മിപ്പിച്ചു. അന്ന് നിലനിന്ന ബഹുഭാര്യാത്വത്തെ ഗുരു ശക്തമായി എതിര്‍ത്തു. ഒത്തുകൂടുമ്പോള്‍, ഇമ്പമാര്‍ന്നതാണോ നമ്മുടെ കുടുംബ ബന്ധങ്ങളെന്ന് പറയാന്‍ ഇന്ന് നമുക്കാവുമോ?.കോ വിഡ് കാലത്ത് വീട്ടിനകത്ത് അടച്ചിട്ട കാലത്താണ് കലഹങ്ങളും, സത്രി പീഢനങ്ങളും, വര്‍ദ്ധിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതു കൊണ്ടാവാം നവകേരളം, സ്ത്രീപക്ഷമായിരിക്കണമെന്ന് മുഖ്യമന്ത്രിക്ക് തന്നെ പറയേണ്ടി വന്നിട്ടുള്ളതെന്ന് അഡ്വ.സതീദേവി പറഞ്ഞു.
തലശ്ശേരി നഗരസഭാ ചെയര്‍പെഴ്‌സണ്‍ ജമുനാ റാണി അദ്ധ്യക്ഷത വഹിച്ചു.
ശ്രീനാരായണ ഗുരുവിനെപ്പോലെ കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയേറെ സാമൂഹ്യ മാറ്റം വരുത്തിയ മറ്റൊരു സാമൂഹ്യ പരിഷ്‌ക്കര്‍ത്താവിനെ കാണാനാവില്ലെന്ന് സമ്മേളനത്തില്‍ സംസാരിച്ച തലശ്ശേരി സബ് കലക്ടര്‍ അനുകുമാരി ഐ.എ.എസ് പറഞ്ഞു.
സിന്ധു വിശ്വന്‍ കോട്ടയം മുഖ്യഭാഷണം നടത്തി.മാതൃസമിതി അദ്ധ്യക്ഷ രാഭായി ടീച്ചര്‍ സ്വാഗതവും, ജ്ഞാനോദയ യോഗം ഡയറക്ടര്‍ രാജീവന്‍ മാടപ്പീടിക നന്ദിയും പറഞ്ഞു.