Sorry, you need to enable JavaScript to visit this website.

ഒഐസിക്കെതിര ഇന്ത്യ; പാക്കിസ്ഥാനിലെ യോഗത്തിന് ഹുര്‍റിയത്തിനെ ക്ഷണിച്ചതില്‍ പ്രതിഷേധം

ന്യൂദല്‍ഹി- അടുത്ത ആഴ്ച ഇസ്ലാമാബാദില്‍ നടക്കാനിരിക്കുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍ (ഒഐസി) വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലേക്ക് ഓള്‍ പാര്‍ട്ടി ഹുര്‍റിയത് കോണ്‍ഫറന്‍സിലെ ക്ഷണിച്ചതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചു. തീവ്രവാദത്തിലും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകളെ ഒഐസി പ്രോത്സാഹിപ്പിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ ഇന്ത്യ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇത് രാജ്യത്തിന്റെ ഐക്യത്തേയും പരമാധികാരത്തേയും അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

സുപ്രധാന വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നുന്നതിനു പകരം ഒരു അംഗരാജ്യത്തിന്റെ രാഷ്ട്രീയ അജണ്ടയ്ക്ക് അനുസരിച്ച് ഒഐസി നീങ്ങുന്നത് ദൗര്‍ഭാഗ്യകരമാണെന്നും പാക്കിസ്ഥാനെ പേരെടുത്തു പറയാതെ ബഗ്ചി പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെ കുറിച്ചു പറയാന്‍ കുത്സിത താല്‍പര്യക്കാര്‍ക്ക് ഈ വേദി ദുരുപയോഗം ചെയ്യാന്‍ അനുവദിക്കരുതെന്ന് ഒഐസിയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്നു ബഗ്ചി പറഞ്ഞു. 

ഒഐസിയുടെ കൗണ്‍സില്‍ ഫോറിന്‍ മിനിസ്റ്റേഴ്‌സ് യോഗം മാര്‍ച്ച് 22, 23 തീയതികളിലാണ് ഇസ്ലാമാബാദില്‍ നടക്കുന്നത്. യോഗത്തിലേക്ക് ഓള്‍ പാര്‍ട്ടി ഹുര്‍റിയത് കോണ്‍ഫറന്‍സ് അധ്യക്ഷന്‍ മിര്‍വായിസ് ഉമര്‍ ഫാറൂഖിനേയും ഒഐസി ക്ഷണിച്ചിട്ടുണ്ട്.

Latest News