സ്ത്രീയെ പിന്തുടര്‍ന്ന് റബര്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കോട്ടയം - വീട്ടമ്മയെ റബര്‍തോട്ടത്തിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. കോട്ടയത്ത് ബിസിനസ് നടത്തുന്ന പാലാ സ്വദേശിനിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് കോട്ടയം ഒളശ്ശ  വേലംകുളം വീട്ടില്‍ രാഹുല്‍ രാജീവിനെ പാലാ പോലീസ് പിടികൂടിയത്്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണു കേസിനാസ്പദമായ സംഭവം.
ബിസിനസ് ആവശ്യത്തിനായി  വീട്ടമ്മയുടെ അടുക്കലെത്തിയ പ്രതി  ഗൂഗിള്‍പേ ചെയ്യാനെന്ന വ്യാജേന വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ കരസ്ഥമാക്കി. തുടര്‍ന്ന് ഫോണ്‍ വിളിച്ച് വീട്ടമ്മയുടെ കുടുംബ സാഹചര്യവും താമസസ്ഥലവും മറ്റും മനസിലാക്കി. സംഭവ ദിവസം  വീട്ടമ്മ കയറിയ അതേ ബസില്‍ പിന്തുടരുകയായിരുന്നു. സ്ത്രീ ഇറങ്ങേണ്ട ബസ് സ്റ്റോപ്പിന് മുമ്പിറങ്ങിയ പ്രതി ജംഗ്ഷനില്‍ ഉണ്ടായിരുന്ന ഓട്ടോയില്‍ ബസിനെ പിന്തുടര്‍ന്നു.

ബസിറങ്ങി ഇടവഴിയിലൂടെ വീട്ടിലേക്ക് പോയ സ്ത്രീയെ അടുത്തുള്ള റബ്ബര്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോവുകയായിരുന്നു. വീട്ടമ്മ ബഹളം വെച്ച് കയ്യിലിരുന്ന ഫോണില്‍ നിന്നും ഭര്‍ത്താവിനെ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ വീട്ടമ്മയുടെ ഫോണ്‍ പ്രതി ബലമായി പിടിച്ചുവാങ്ങി. ഈ സമയം  അവിടെനിന്നും  ഓടി രക്ഷപ്പെട്ട് റോഡില്‍ എത്തിയ വീട്ടമ്മയെ  ബൈക്ക് യാത്രക്കാരാണ് രക്ഷപ്പെടുത്തിയത്. വീട്ടമ്മയില്‍ നിന്നും വിവരങ്ങള്‍ മനസ്സിലാക്കിയ  യുവാക്കള്‍ പ്രതിയെ റബര്‍ തോട്ടത്തില്‍ തെരഞ്ഞെങ്കിലും പ്രതി അവിടെനിന്നും ഓടി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് വീട്ടമ്മയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പോലീസ്  പ്രതിയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍  കുറ്റം സമ്മതിച്ചു.

സംഭവസ്ഥലത്തുനിന്നും ഒരു കിലോമീറ്ററോളം ഓടി മറ്റൊരു റോഡില്‍ എത്തിയ പ്രതി റോഡിലൂടെ വന്ന ഒരു ഓട്ടോയില്‍ കയറി അയര്‍ക്കുന്നത്തെത്തി. അവിടെ ബാറില്‍ കയറി മദ്യപിച്ചു. തുടര്‍ന്നു  പോലീസ് അന്വേഷിക്കുന്നതറിഞ്ഞ്  ഫോണ്‍ ഓഫ് ചെയ്ത് തന്റെ ഭാര്യ ഗര്‍ഭിണിയാണെന്നും ഗുരുതരാവസ്ഥയില്‍ ഹോസ്പിറ്റലില്‍ ആണ് എന്നും പറഞ്ഞ് ബാറില്‍ ഉണ്ടായിരുന്ന യുവാക്കളുടെ ബൈക്കില്‍ കോട്ടയം മെഡിക്കല്‍കോളേജ് പരിസരത്തെത്തി രക്ഷപ്പെട്ടു. അവിടെനിന്നും നടന്ന് പുലര്‍ച്ചെ വീട്ടിലെത്തുകയായിരുന്നു. വീട്ടമ്മയുടെ ഫോണ്‍ നഷ്ടപ്പെട്ടതിനാല്‍ പ്രതിയെ കുറിച്ച് യാതൊരു വിവരവും പോലീസിന് ആദ്യം ലഭിച്ചിരുന്നില്ല. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ  പ്രതിയുടെ ഫോണ്‍ നമ്പര്‍  മനസിലാക്കിയ പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഒളശ്ശയിലുള്ള  വീട്ടില്‍ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയുടെ വീട്ടില്‍നിന്നും വീട്ടമ്മയുടെ ഫോണും ഊരിമാറ്റിയ നിലയില്‍ സിമ്മും കണ്ടെത്തി. കോട്ടയത്തുനിന്നും സയന്റിഫിക് സ്‌ക്വാഡ് എത്തി  സംഭവസ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തി.
     

 

Latest News