- അസീർ പ്രവിശ്യയിൽ ഓഗസ്റ്റ് 29 മുതൽ നടപ്പാക്കും
- തുടക്കത്തിൽ ഗേൾസ് സ്‌കൂളുകളിൽ തുടർന്ന് ബോയ്‌സ് സ്‌കൂളിലും
റിയാദ് - വിദ്യാഭ്യാസ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കാൻ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് നീക്കം.
ഗേൾസ് സ്‌കൂളുകളിലാണ് ആദ്യ ഘട്ടത്തിൽ സമ്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കുക. പ്രവിശ്യ സൗദിവൽക്കരണ പദ്ധതിയുടെ ഭാഗമായാണ് ഗേൾസ് സ്‌കൂളുകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടം അസീർ പ്രവിശ്യയിൽ നടപ്പാക്കും. അസീർ പ്രവിശ്യയിൽ ഓഗസ്റ്റ് 29 മുതൽ ഗേൾസ് സ്‌കൂളുകളിൽ സൗദിവൽക്കരണം നിർബന്ധമാക്കും. ഇതിനു ശേഷം മറ്റു പ്രവിശ്യകളിലും പദ്ധതി നടപ്പാക്കും.
അടുത്ത ഘട്ടത്തിൽ ബോയ്‌സ് സ്‌കൂളുകളിലും സമ്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കും. അസീർ പ്രവിശ്യയിൽ ഗേൾസ് സ്‌കൂളുകൾ അടക്കം എട്ടു മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും അസീർ ഗവർണറേറ്റും ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. വിഞ്ചുകൾ-റിക്കവറി വാനുകൾ-ഡൈനകൾ, ചരക്ക് നീക്ക മേഖലയിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ, തപാൽ ഏജൻസികൾ, ഇൻഷുറൻസ് കമ്പനി ഓഫീസുകൾ എന്നീ മേഖലകളിൽ ഈ വർഷവും ട്രാവൽ ഏജൻസികൾ, സന്നദ്ധ സംഘടനകൾ, സാമൂഹിക വികസന സമിതികൾ, മാളുകൾ എന്നീ മേഖലകളിൽ അടുത്ത വർഷവും സമ്പൂർണ സൗദിവൽക്കരണം നിർബന്ധമാക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.






