മൂന്ന് വയസ്സുകാരനെ കെട്ടിയിട്ട് മര്‍ദിച്ചു, അങ്കണവാടി ആയക്കെതിരെ പരാതി

കണ്ണൂര്‍- മൂന്ന് വയസുകാരനായ അങ്കണവാടി വിദ്യാര്‍ഥിയെ ആയ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. കണ്ണൂര്‍ കീഴുന്നപാറയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് പോലീസില്‍  പരാതി നല്‍കി.
മുഹമ്മദ് ബിലാല്‍ എന്ന കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. കുട്ടി വീട്ടിലെത്തിയപ്പോള്‍ കൈകളില്‍ മുറിവും ചുവന്ന പാടുകളും കണ്ട മാതാവ് കാര്യം അന്വേഷിച്ചപ്പോള്‍, വികൃതി കാട്ടിയതിന് ആയ അടിച്ചുവെന്ന് കുട്ടി മറുപടി നല്‍കി. ഇതേ ക്ലാസില്‍ പഠിക്കുന്ന വീട്ടിനടുത്തുള്ള മറ്റൊരു കുട്ടിയോട് ചോദിച്ചപ്പോള്‍ ആ കുട്ടിയും ആയ അടിച്ച കാര്യം സ്ഥിരീകരിച്ചു.
അങ്കണ വാടിയിലെ അധ്യാപിക സ്ഥലത്തില്ലാത്തതിനാല്‍ ആയയാണ് കുട്ടികളെ നോക്കിയിരുന്നത്. പറഞ്ഞത് അനുസരിക്കാതെ, ആയയെ കുട്ടി പോടാ എന്ന് വിളിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ കുട്ടിയെ അടിച്ചതെന്നാണ് പറയുന്നത്.
കൈയിലുണ്ടായിരുന്ന പച്ചമുളകെടുത്ത് കുട്ടിയുടെ ചുണ്ടില്‍ തേയ്ക്കാനുള്ള ശ്രമവും ഇവര്‍ നടത്തിയെന്നും പറയുന്നു. അതേസമയം, കുട്ടിയെ കെട്ടിയിട്ടില്ലെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് ആയ പറയുന്നത്.
കുട്ടിയുടെ പിതാവ് അര്‍ഷാദ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരിക്കുകയാണ് . വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ ശേഖരിച്ചു.

 

Latest News