ന്യൂദല്‍ഹി- പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് മുങ്ങി നടക്കുകയായിരുന്ന പ്രതി പോലീസ് സംഘത്തിനു നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. തിരിച്ചുവെടിവച്ച പോലീസ് പ്രതിയെ കീഴപ്പെടുത്തി അറസ്റ്റ് ചെയ്തു. ഔട്ടര്‍ നോര്‍ത്ത് ദല്‍ഹിയിലെ ഖേര പ്രഹ്‌ളാദ്പൂര് റോഡില്‍ വ്യാഴാഴ്ചയാണ് സംഭവം. പോലീസിന്റെ വെടിയേറ്റ് പ്രതിയുടെ കാല്‍മുട്ടിനു താഴെ പരിക്കുണ്ട്. പ്രതി മുഹമ്മദ് അഖ്തറില്‍ നിന്നും ഒരു പിസ്റ്റളും മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണും പിടികൂടിയതായി ഡിഎസ്പി ബ്രിജേന്ദ്ര കുമാര്‍ യാദവ് പറഞ്ഞു.
മാര്‍ച്ച് ഒമ്പതിനാണ് പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ഉപേക്ഷിച്ചത്. തൊട്ടടുത്ത ദിവസമാണ് പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയത്. പീഡനം നടന്നതായി പെണ്‍കുട്ടി വീട്ടുകാരോട് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് മാര്‍ച്ച് 12ന് പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടര്‍ന്ന് വൈദ്യ പരിശോധന നടത്തുകയായിരുന്നു. പീഡനം നടന്നതായി ആശുപത്രിയില്‍ സ്ഥിരീകരിക്കപ്പെട്ടതോടെ പോലീസ് കേസെടുത്ത് പ്രതിക്കായി തിരച്ചില്‍ നടത്തി വരികയായിരുന്നു. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഘം വ്യാഴാഴ്ച രോഹിണി സെക്ടര്‍ 29ല്‍ എത്തിയത്. പോലീസിനെ കണ്ടയുടന്‍ പ്രതി വെടിയുതിര്‍ക്കുകയായിരുന്നു. പീഡനത്തിന് പോക്‌സോ കേസ് ചുമത്തിയതിനു പുറമെ നിയമവിരുദ്ധമായ ആയുധം കൈവശം വച്ചതിനും പോലീസിനെ ആക്രമിച്ചതിനും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.