Sorry, you need to enable JavaScript to visit this website.

ലെവിയിൽനിന്ന് മോചനം സാധ്യമോ?

സ്വദേശികളും വിദേശികളുമായവർ ആവശ്യത്തിലുമേറെ ഗാർഹിക തൊഴിലാളികളെ കൊണ്ടുവന്ന് അതൊരു ബിസിനസ് ആക്കി മാറ്റിയിരുന്നതിന് കടിഞ്ഞാണിടുകയാണ് ഗാർഹിക തൊഴിലാളികൾക്ക് ലെവി ഏർപ്പെടുത്തിയതിലൂടെ ലക്ഷ്യമിടുന്നത്. ആവശ്യത്തിൽ കൂടുതലുള്ള തൊഴിലാളികളുടെ എണ്ണം കുറക്കാനും അതുവഴി ഇഖാമ, തൊഴിൽ നിയമ ലംഘനങ്ങൾ തടയാനും തൊഴിലാളികളുടെ ഒളിച്ചോട്ടവും അതുവഴിയുള്ള മനുഷ്യക്കടത്ത് തടയാനും ഇതു സഹായിക്കും.

സൗദി അറേബ്യയിൽ കഴിയുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം തൊഴിലാളി ലെവിയും ആശ്രിത ലെവിയും വലിയ ബാധ്യതയാണെങ്കിലും തൊഴിൽ, സാമൂഹിക രംഗം ശുചീകരിക്കുന്നതിന് ഇത് ഏറെ സഹായകമായിട്ടുണ്ട്. എണ്ണ ഇതര വരുമാനം വർധിപ്പിക്കാനുള്ള ഉറവിടങ്ങളിലൊന്നായി ലെവിയെ കാണാമെങ്കിലും തൊഴിൽ രംഗത്തെ പരിഷ്‌കരണം തന്നെയാണ് അധികൃതർ പ്രധാനമായും ഇതുവഴി ലക്ഷ്യമിടുന്നത്. ഗാർഹിക തൊഴിലാളികൾക്കു കൂടി ലെവി ബാധകമാക്കിയതോടെ ഇക്കാര്യം കൂടുതൽ ബോധ്യമായിരിക്കുകയാണ്. ഇളവ് നൽകിയിരുന്ന മേഖല കൂടി ലെവിയുടെ പരിധിയിൽ വന്നതോടെ സർക്കാർ ജീവനക്കാരൊഴികെ സർവ മേഖലയിലും ലെവി ബാധകമായി. ലെവിയിൽനിന്ന് ഇനിയൊരു പിന്നോക്കത്തിനുള്ള സാധ്യത വിരളമാണെന്നു കൂടി വേണം ഇതിൽനിന്നു മനസ്സിലാക്കാൻ. സർക്കാർ സാമ്പത്തിക ഭദ്രത കൈവരിക്കുന്നതോടെ കുറഞ്ഞ പക്ഷം ആശ്രിത ലെവിയുടെ കാര്യത്തിലെങ്കിലും ഒരു പുനഃപരിശോധനയുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു പലരും. കാരണം ആശ്രിത ലെവി പല കുടുംബങ്ങൾക്കും താങ്ങാവുന്നതിലുമപ്പുറം ആണ് സാമ്പത്തിക ബാധ്യതയുണ്ടാക്കിയത്. അതുകൊണ്ടു തന്നെ ഒട്ടേറെ പേർക്കു കുടുംബങ്ങളെ നാട്ടിലേക്ക് അയക്കേണ്ടി വരുന്നു. അതിനൊരു മാറ്റം ഉണ്ടാവുമെന്ന പ്രതീക്ഷയിൽ കഴിയുന്നതിനിടെയാണ് ഗാർഹിക മേഖലയിലേക്കു കൂടി ലെവി വ്യാപിപ്പിച്ചത്. ഇതോടെ പ്രതീക്ഷ അസ്ഥാനത്തായി. 


ഗാർഹിക തൊഴിൽ മേഖല കൂടി ലെവിയുടെ പരിധിയിൽ വന്നതോടെ അതു വിദേശികളിൽ വലിയ ഞെട്ടലാണുണ്ടാക്കിയത്. ലെവി ഇളവിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി നിരവധി പേർ ഈ ഗണത്തിലുള്ള വിസ സംഘടിപ്പിച്ച് ഇവിടെ പലവിധത്തിലുള്ള ജോലി ചെയ്തിരുന്നു. ഇതിൽ വൻകിട ബിസിനസുകാർ മുതൽ ഓഫീസുകളിൽ ജോലി ചെയ്തിരുന്നവർ വരെയുണ്ടായിരുന്നു. ഗാർഹിക തൊഴിലാളി വിസകൾക്ക് ലഭിച്ചിരുന്ന ഇളവുകളായിരുന്നു ഇതിനു കാരണം. എല്ലാ തൊഴിൽ മേഖലകളിലും നിയമം കർശനമാക്കിയതോടെ ഇവരുടെ എണ്ണത്തിൽ കുറവ് വന്നിരുന്നുവെങ്കിലും ഗാർഹിക തൊഴിൽ വിസയുടെ മറവിൽ മറ്റു ജോലികൾ ചെയ്ത് പിടിച്ചുനിന്നിരുന്നവർ നിരവധിയായിരുന്നു. ഇനിയിപ്പോൾ ഇതു പ്രയാസകരമായി മാറും. കാരണം സ്വദേശികൾക്കു കീഴിൽ നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുണ്ടെങ്കിൽ ഓരോ തൊഴിലാളികൾക്കും വർഷം തോറും 9600 റിയാൽ ലെവിയായി നൽകണം. വിദേശികൾക്കു കീഴിൽ രണ്ടിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുണ്ടെങ്കിൽ അവരും ഇതേ തുക ലെവിയായി നൽകണം. സൗദിയിൽ 32.9 ലക്ഷം ഗാർഹിക തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇതിൽ 24.6 ലക്ഷം പുരുഷ തൊഴിലാളികളും 8,35,000 സ്ത്രീ തൊഴിലാളികളുമാണ്. വീട്ടുവേലക്കാർ, ഹൗസ് ഡ്രൈവർമാർ, ഹൗസ് മാനേജർ, പാചകക്കാർ, സപ്ലൈയർമാർ, കാവൽക്കാർ, വീടുകളിലെ തോട്ടം തൊഴിലാളികൾ, ൈടലർമാർ, ഹോം നഴ്‌സുമാർ തുടങ്ങിയവരാണ് ഗാർഹിക തൊഴിലാളികളുടെ ഗണത്തിൽ വരുന്നത്.


സ്വദേശികളും വിദേശികളുമായവർ ആവശ്യത്തിലുമേറെ ഗാർഹിക തൊഴിലാളികളെ കൊണ്ടുവന്ന് അതൊരു ബിസിനസ് ആക്കി മാറ്റിയിരുന്നതിന് കടിഞ്ഞാണിടുകയാണ് ഗാർഹിക തൊഴിലാളികൾക്ക് ലെവി ഏർപ്പെടുത്തിയതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യത്തിൽ കൂടുതലുള്ള തൊഴിലാളികളുടെ എണ്ണം കുറക്കാനും അതുവഴി ഇഖാമ, തൊഴിൽ നിയമ ലംഘനങ്ങൾ തടയാനും തൊഴിലാളികളുടെ ഒളിച്ചോട്ടവും അതുവഴിയുള്ള മനുഷ്യക്കടത്ത്തടയാനും ഇതു സഹായിക്കും. മനുഷ്യക്കടത്തിലൂടെ തൊഴിൽ രംഗത്ത് ഏറെ ചൂഷണം നിലനിന്നിരുന്നു. ലെവി നടപ്പാക്കലോടെ ഇതിനെല്ലാം ഒരു പരിധി വരെ അറുതി വരുത്താനാവുമെന്നു തന്നെയാണ് അധികൃതരുടെ പ്രതീക്ഷ. ആഴ്ചയിലെ അവധി ഉൾപ്പെടെ തൊഴിലാളി ആനുകൂല്യങ്ങൾക്ക് ഗാർഹിക തൊഴിലാളികളും അർഹരാണെന്ന പ്രഖ്യാപനത്തോടെ അവരുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് ഈ രംഗത്ത് ലെവി കൊണ്ടുവന്നിട്ടുള്ളത്. രോഗികളുടെ സംരക്ഷണം ഉൾപ്പെടെ അനിവാര്യ കാരണങ്ങളോടെ നാലിൽ കൂടുതൽ തൊഴിലാളികളെ ആവശ്യമുള്ളവർക്കും വേലക്കാരികളെ സപ്ലൈ ചെയ്യുന്ന മാൻപവർ കമ്പനികൾക്കും ലെവിയിൽനിന്ന് ഇളവ് നൽകി മാനുഷിക പരിഗണന കാണിച്ചിട്ടുണ്ട്. നിലവിൽ നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ളവർക്ക് ലെവി ഈടക്കുന്നതിന് ഒരു വർഷത്തെ കാലതാമസവും നൽകിയിട്ടുണ്ട്. ചുരുക്കത്തിൽ ഗാർഹിക തൊഴിലാളികളെ കൊണ്ടുവന്ന് അതു കച്ചവടമാക്കിയവർക്കു മാത്രമേ ലെവി പ്രതികൂലമായി ബാധിക്കുകയുള്ളൂ. കൂടാതെ അവരവരുടെ വീടുകളിലെ ജോലികൾ സ്വന്തമായി ചെയ്യാൻ പ്രേരിപ്പിക്കുകയെന്ന ഘടകവും ഇതിലുണ്ട്. അധിക ബാധ്യതകളൊന്നുമില്ലാതെ കുറഞ്ഞ ചെലവിൽ ഗാർഹിക തൊഴിലാളികളെ കൊണ്ടുവരാനുള്ള സാഹചര്യം മാറിയതോടെ സാമ്പത്തിക ശേഷിയുള്ള സ്വദേശികൾ പോലും ആവശ്യത്തിലുമേറെ ഗാർഹിക തൊഴിലാളികളെ കൊണ്ടുവരാൻ ഇനി മടിക്കും. 


ലെവിയുടെ ഗുണഗണങ്ങൾ ഈ മേഖലയിൽ മാത്രമല്ല, മറ്റു മേഖലകളിലും അുഭവിച്ചറിഞ്ഞതോടെ ലെവിക്ക് സ്ഥായീഭാവം കൈവരികയായിരുന്നു. വിദേശ തൊഴിലാളികൾക്ക് ലെവി എന്ന ആശയം ഉടലെടുക്കുന്നത് 2014 ൽ ആണ്. തുടക്കത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ സൗദി ജീവനക്കാരേക്കാൾ കൂടുതലുള്ള വിദേശ തൊഴിലാളികൾക്കു മാത്രമായിരുന്നു ലെവി. പ്രതിമാസം 200 റിയാൽ തോതിൽ വർഷത്തിൽ 2400 ആയിരുന്നു ലെവി നടപ്പാക്കുമ്പോഴത്തെ നിരക്ക്. അതിനു മുൻപ് വർക്ക് പെർമിറ്റ് നിരക്ക് എന്ന നിലയിൽ വിദേശ തൊഴിലാളികൾക്ക് അടയ്‌ക്കേണ്ടിയിരുന്നത് വർഷത്തിൽ 100 റിയാൽ മാത്രമായിരുന്നു. 2017 ജൂലൈയിൽ വിദേശ തൊഴിലാളികളുടെ ആശ്രിതർക്കും ലെവി നടപ്പാക്കി. 2018 ജനുവരി മുതൽ സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവൻ തൊഴിലാളികൾക്കും ലെവി ബാധകമാക്കി. അന്ന് സൗദി ജീവനക്കാരേക്കാളും കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 400 റിയാൽ വീതം വർഷം 4800 റിയാലും സൗദി ജീവനക്കാരുടെ എണ്ണത്തേക്കാൾ കുറവുള്ള വിദേശികൾക്ക് പ്രതിമാസം 300 റിയാൽ തോതിൽ വർഷത്തിൽ 3600 റിയാലുമാണ് അടയ്‌ക്കേണ്ടിയിരുന്നത്.

പിന്നീട് 2019 ൽ പ്രതിമാസം 600 റിയാൽ തോതിൽ 7200 റിയാലും 2020 ൽ പ്രതിമാസം 800 റിയാൽ തോതിൽ വർഷത്തിൽ 9600 റിയാലായും ഉയർത്തി. 2017 ൽ ആശ്രിത ലെവി തുടക്കത്തിൽ ആളൊന്നിന് 100 റിയാലായിരുന്നത് നിലവിൽ 400 റിയാലാണ്. ഇന്നിപ്പോൾ സർക്കാരിന്റെ എണ്ണ ഇതര വരുമാനത്തിന്റെ ഉറവിടങ്ങളിൽ പ്രധാന ഉറവിടമാണ് ലെവി. ഇതു രാജ്യത്തിന് സാമ്പത്തിക കരുത്തേകിയെന്നു മാത്രമല്ല, തൊഴിൽ, സാമൂഹിക മേഖലകൾ ശുചീകരിക്കുന്നതിനും സഹായകമായി എന്നു വേണം വിലയിരുത്താൻ. ഇന്നിപ്പോൾ മുൻകാലങ്ങളിലുണ്ടായിരുന്നതു പോലെ അനധികൃത തൊഴിലാളികൾ ഒരിടത്തുമില്ല. ആശ്രിത ലെവിയിലൂടെ സാമ്പത്തിക ശേഷിയുള്ളവർക്കു മാത്രമേ കുടുംബങ്ങളെ കൂടെ നിർത്താനാവൂ എന്നു വന്നതോടെ രാജ്യത്തിന് ബാധ്യതയായി മാറിക്കൊണ്ടിരുന്ന കുറഞ്ഞ വരുമാനക്കാരുടെ കുടുംബാംഗങ്ങളുടെ തള്ളിക്കയറ്റവും നിയന്ത്രിക്കാനായി. അതിനാൽ ലെവി ലൈവായി തന്നെ തുടരാനാണ് സാധ്യത. 
 

Latest News