Sorry, you need to enable JavaScript to visit this website.

കലഹിച്ച് മരിക്കുന്ന പാർട്ടി

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്കു ശേഷം കോൺഗ്രസിൽ കലഹം മൂർഛിച്ചിരിക്കുകയാണ്. അപ്പോഴും പാർട്ടി നയങ്ങളിലോ, നേതൃ ഘടനയിലോ എന്തെങ്കിലും മാറ്റം സംഭവിക്കാനുള്ള സാധ്യത വളരെ വിദൂരം. കഴിഞ്ഞ പ്രവർത്തക സമിതി യോഗം സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വം മാറേണ്ടെന്ന് തീരുമാനിച്ചു പിരിഞ്ഞു. യോഗത്തിൽ നേതൃമാറ്റം ആരും ആവശ്യപ്പെട്ടില്ലെന്നാണ് പാർട്ടിയുടെ ഔദ്യോഗിക വക്താക്കൾ പറഞ്ഞത്. നേരത്തെ വിമത ശബ്ദം ഉയർത്തിയ ജി 23 വിഭാഗം നേതാക്കളും നേതൃമാറ്റം ആവശ്യപ്പെട്ടില്ലത്രേ. എന്നാൽ യോഗത്തിന് പിന്നാലെ ഗാന്ധി കുടുംബത്തിനെതിരെ വെടിപൊട്ടിച്ചുകൊണ്ട് മുതിർന്ന നേതാവും ജി23 ന്റെ ബുദ്ധികേന്ദ്രവും പ്രമുഖ അഭിഭാഷകനുമായ കപിൽ സിബൽ രംഗത്തെത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയെ കടന്നാക്രമിക്കുകയാണ് ഒരു ദേശീയ പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം. പ്രസിഡന്റ് അല്ലാതിരുന്നിട്ടും പാർട്ടി അധ്യക്ഷന്റെ ചുമതല വഹിക്കുന്നത് ഇപ്പോൾ രാഹുൽ ആണെന്ന് അദ്ദേഹം പറയുന്നു. ആ നിലയിൽ പാർട്ടിയുടെ പരാജയത്തിന്റെ ഉത്തരവാദത്തം പരോക്ഷമായി രാഹുലിന് മേൽ ആരോപിക്കുകയാണ് അദ്ദേഹം. പ്രവർത്തക സമിതി യോഗത്തിൽ ഗാന്ധി കുടുംബത്തിനെതിരെ വിരൽ ചൂണ്ടാൻ തന്റെ സംഘത്തിലുള്ളവർ പോലും തയാറാവാത്ത സാഹചര്യത്തിലാണ് കപിൽ സിബൽ മാധ്യമങ്ങളിലൂടെ പരസ്യ വിമർശനം നടത്തുന്നത്. 


കോൺഗ്രസ് ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നം ധീരമായ ചടുലമായ വെല്ലുവിളികൾ ഏറ്റെടുക്കാൻ ത്രാണിയുള്ള ഒരു നേതൃത്വം ഇല്ലാത്തതാണ്. നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും ചടുല നേതൃത്വത്തിൽ ദീർഘവീക്ഷണത്തോടെ തന്ത്രങ്ങൾ മെനഞ്ഞ്, ഓരോ തെരഞ്ഞെടുപ്പിലും ഹിന്ദുവികാരം പരമാവധി അനുകൂലമാക്കാൻ പറ്റുന്ന അജണ്ടകൾ സെറ്റ് ചെയ്ത് അതിദ്രുതം ബി.ജെ.പി നീങ്ങുമ്പോൾ കോൺഗ്രസ് വെറും കാഴ്ചക്കാരുടെ റോളിലേക്ക് ചുരുങ്ങുന്നു. ശക്തമായ പ്രാദേശിക കക്ഷികളുള്ള സംസ്ഥാനങ്ങളിൽ മാത്രമേ ബി.ജെ.പിക്ക് ഇപ്പോൾ കാര്യമായ വെല്ലുവിളി നേരിടുന്നുള്ളൂ. കോൺഗ്രസാവട്ടെ ശക്തിയുള്ള സ്ഥലങ്ങളിൽ പോലും തോൽവി ഏറ്റുവാങ്ങുകയാണ്.


എന്നാൽ ഈ അവസ്ഥക്ക് കാരണക്കാർ സോണിയയോ, രാഹുലോ അല്ലെങ്കിൽ നെഹ്‌റു കുടുംബമോ മാത്രമാണെന്ന് പറയുന്നതിൽ അർഥമില്ല. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി വലിയ പരാജയം നേരിട്ടപ്പോൾ കോൺഗ്രസ് അധ്യക്ഷ പദം രാജിവെച്ചയാളാണ് രാഹുൽ ഗാന്ധി. താനോ നെഹ്‌റു കുടുംബത്തിൽനിന്നുള്ള വേറൊരാളോ പാർട്ടി പ്രസിഡന്റാവാനില്ലെന്നും ആ ഉത്തരവാദിത്തം മറ്റാരെങ്കിലും ഏറ്റെടുക്കണമെന്നും മുതിർന്ന നേതാക്കളോട് അദ്ദേഹം പറയുകയും ചെയ്തു. എന്നാൽ ഇപ്പോൾ രാഹുലിനെ വിമർശിക്കുന്ന കപിൽ സിബൽ അടക്കം ഒരാളും വെല്ലുവിളി ഏറ്റെടുക്കാൻ അന്ന് മുന്നോട്ടു വന്നില്ല. പകരം അധ്യക്ഷ പദത്തിൽ തുടരാൻ രാഹുലിനെ നിർബന്ധിക്കുകയായിരുന്നു അവരെല്ലാം. രാഹുലും തന്റെ നിലപാടിൽ ഉറച്ചുനിന്നതോടെ രോഗിയും ക്ഷീണിതയുമായ സോണിയ ഗാന്ധിയിൽ അഭയം തേടുകയായിരുന്നു നേതാക്കൾ.

സമ്മർദങ്ങൾക്കൊടുവിൽ താൽക്കാലിക പ്രസിഡന്റായി സോണിയ ചുമതലയേറ്റു. ഒരു വർഷത്തിനകം സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും ആ മഹാസംഭവം ഇതുവരെ നടന്നിട്ടില്ല.
രാഹുലിന്റെ സ്ഥാനത്യാഗം പാർട്ടിയിലെ സീനിയർ നേതാക്കളോടുള്ള ഒരു പ്രതിഷേധം കൂടിയായിരുന്നു. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് നടന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് അസംബ്ലി തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ചത് രാഹുൽ ആയിരുന്നു. അതിനു മുമ്പ് നടന്ന ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പിലും മെച്ചപ്പെട്ട പ്രകടനം നടത്താൻ കോൺഗ്രസിന് കഴിഞ്ഞു. ആ സാഹചര്യത്തിൽ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തിരിച്ചുവരവ് രാഹുൽ പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷേ അതുണ്ടായില്ല. അസംബ്ലി തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളിൽ പോലും പാർട്ടി ദയനീയമായി പിന്നോട്ടു പോയി. ഇതിന് കാരണക്കാർ പാർട്ടിയിലെ മറ്റു നേതാക്കൾ അല്ലാതെ മറ്റാരുമല്ല. തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തിന് പിന്തുണ നൽകാൻ ആരും തയാറായില്ല. റഫാൽ അടക്കം മോഡി സർക്കാരിന്റെ അഴിമതികൾക്കെതിരെ കടന്നാക്രമണം അഴിച്ചുവിട്ടുകൊണ്ടായിരുന്നു രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഒപ്പം ന്യായ് പദ്ധതി പോലുള്ള സാധാരണ ജനങ്ങൾക്ക് ഗുണമുണ്ടാകുന്ന വാഗ്ദാനങ്ങളും മുന്നോട്ടുവെച്ചു. പക്ഷേ ഈ വിഷയങ്ങൾ വളരെ അഗ്രസീവായി പ്രചാരണത്തിൽ ഉന്നയിക്കുന്ന ഒരു മുതിർന്ന കോൺഗ്രസ് നേതാവിനെ പോലും കണ്ടില്ല. ഫലമോ, രാഹുലിന്റെ അഴിമതി ആരോപണങ്ങളിൽ കോൺഗ്രസ് നേതാക്കൾക്ക് പോലും വിശ്വാസമില്ലെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. ഫലത്തിൽ രാഹുലിന്റെ പ്രചാരണം തിരിച്ചടിച്ചു.


തനിക്ക് പാർട്ടി നേതാക്കളിൽനിന്ന് പിന്തുണ കിട്ടുന്നില്ലെറിഞ്ഞുകൊണ്ടാണ് 2019 ലെ തോൽവിക്കു ശേഷം അധ്യക്ഷപദം വെച്ചൊഴിയാൻ രാഹുൽ തീരുമാനിച്ചത്. മാത്രമല്ല, സുപ്രധാന പദവികളിൽ തന്റെ വിശ്വസ്തരെ നിയോഗിക്കാനും രാഹുലിനായില്ല. രാജസ്ഥാനിലെ വിജയത്തിനു ശേഷം സചിൻ പൈലറ്റിനെയും മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയെയും മുഖ്യമന്ത്രിയാക്കാനായിരുന്നു രാഹുൽ ആഗ്രഹിച്ചത്. അതുവഴി പാർട്ടിയിൽ ഒരു തലമുറ മാറ്റവും ലക്ഷ്യമിട്ടു. എന്നാൽ സീനിയർ നേതാക്കൾ അതിന് സമ്മതിച്ചില്ല. മധ്യപ്രദേശിൽ കമൽനാഥും രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ടും മുഖ്യമന്ത്രിമാരായി. അതിനു ശേഷം രണ്ട് സംസ്ഥാനങ്ങളിലും കലഹം ഒഴിഞ്ഞിട്ടില്ല. ജ്യോതിരാദിത്യ ഒടുവിൽ ബി.ജെ.പിയിൽ പോയി. മധ്യപ്രദേശ് കോൺഗ്രസിന് നഷ്ടമാവുകയും ചെയ്തു. സചിൻ പൈലറ്റ് കോൺഗ്രസ് വിടാത്തതുകൊണ്ടു മാത്രം ഗെഹ്‌ലോട്ട് സർക്കാർ നിലനിൽക്കുന്നു.


ബി.ജെ.പിക്ക് ഇടം കിട്ടാതിരുന്ന പഞ്ചാബിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തോൽവിയുടെ പ്രധാന കാരണക്കാരൻ മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിംഗ് അല്ലാതെ മറ്റാരുമല്ല. രണ്ടാം ടേമിൽ അദ്ദേഹത്തിന്റെ ഭരണം അത്ര മികച്ചതായിരുന്നില്ല. മാത്രമല്ല, പൊതുജനങ്ങളുമായുള്ള ബന്ധവും കുറഞ്ഞു. വൈകുന്നേരം അഞ്ചു മണിക്കു ശേഷം മുഖ്യമന്ത്രിയെ പാർട്ടി നേതാക്കൾക്കോ, മറ്റു മന്ത്രിമാർക്കു പോലുമോ കാണാൻ കിട്ടാത്ത അവസ്ഥയായി. ഈ സാഹചര്യത്തിലാണ് ആം ആദ്മി പാർട്ടി പഞ്ചാബിൽ മുന്നേറുന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ ആപ് ജയിച്ചേക്കുമെന്ന സർവേ റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് കണ്ടിട്ടും തിരുത്തലിന് അമരീന്ദർ തയാറായില്ല. ഈ ഘട്ടത്തിലാണ് അദ്ദേഹത്തെ നീക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അമരീന്ദറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കിലും ഇതു തന്നെയാവുമായിരുന്നേനേ ഫലം.


മോഡി ദൽഹിയിൽ അധികാരത്തിൽ വന്നശേഷം രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 170 ലേറെ കോൺഗ്രസ് എം.പി, എം.എൽ.എമാർ ബി.ജെ.പിയിലേക്ക് കൂറുമാറി എന്ന് കപിൽ സിബൽ പരിതപിക്കുന്നുണ്ട്. ഇതിലും നെഹ്‌റു കുടുംബത്തിന് എന്തു ചെയ്യാനാവും? പണവും അധികാരവും പദവികളും മോഹിച്ചും സ്ഥാനമാനങ്ങൾ കിട്ടാത്തതിലുള്ള ഇഛാഭംഗത്തിലും പാർട്ടി വിട്ടുപോകുന്നവരെ ആർക്കും പിടിച്ചുനിർത്താനാവില്ല. ഇത്തരം കൂറുമാറ്റങ്ങൾ ഇന്ത്യയിൽ എല്ലാ പാർട്ടികളിലും സംഭവിച്ചിട്ടുമുണ്ട്. അധികാരവും പണവുമുള്ള പാർട്ടിയെന്ന നിലയിൽ ഇപ്പോൾ ഒഴുക്ക് ബി.ജെ.പിയിലേക്കാണെന്നു മാത്രം.
ബി.ജെ.പി ഉയർത്തുന്ന യഥാർഥ വെല്ലുവിളി എന്തെന്ന് തിരിച്ചറിയുകയും അതിനെ എങ്ങനെ ആശയപരമായി നേരിട്ട് ജനവിശ്വാസം തിരിച്ചുപിടിക്കാമെന്ന് ആലോചിക്കുകയുമാണ് പാർട്ടിയിൽ ഉറച്ചുനിൽക്കാൻ ആഗ്രഹിക്കുന്ന കോൺഗ്രസ് നേതാക്കൾ ഇപ്പോൾ ചെയ്യേണ്ടത്. ഒരു വശത്ത് ഭൂരിപക്ഷ സമൂഹത്തിലേക്ക് മുസ്‌ലിം, ന്യൂനപക്ഷ വിരോധം പരമാവധി കത്തിച്ച് രാജ്യത്ത് വർഗീയ ചേരിതിരിവ് സൃഷ്ടിക്കുകയും മറുഭാഗത്ത് കോർപറേറ്റ് വൽക്കരണത്തിലൂടെയും ഉന്നതതലത്തിലുള്ള അഴിമതികളിലൂടെയും രാജ്യത്തിന്റെ സമ്പദ്ഘടന തന്നെ താറുമാറാക്കുകയാണ് ബി.ജെ.പി. ഓരോ തെരഞ്ഞെടുപ്പിലും സാധാരണക്കാരുടെ അടിസ്ഥാന പ്രശ്‌നങ്ങൾ ചർച്ചയാവാതിരിക്കാൻ വർഗീയ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്നാണ് അവർ വോട്ട് പിടിക്കുന്നത്. ഈ യാഥാർഥ്യം ജനങ്ങളിലേക്ക് എത്തിക്കാനും ഒപ്പം രാജ്യം നേരിടുന്ന യഥാർഥ പ്രശ്‌നങ്ങൾ ചർച്ചയാക്കാനും കഴിയുന്ന രാഷ്ട്രീയ തന്ത്രങ്ങൾ ആവിഷ്‌കരിച്ചാൽ മാത്രമേ ഇനി കോൺഗ്രസിന് ഒരു തിരിച്ചുവരവ് സാധ്യമാവൂ. ഒപ്പം ബി.ജെ.പിയെ അതിശക്തമായി നേരിടാൻ കഴിയുന്ന നേതൃത്വവും വേണം. അത് രാഹുൽ ഗാന്ധിയോ മറ്റാരങ്കിലുമോ ആവട്ടെ. തൃണമൂൽ കോൺഗ്രസിനെയും ഡി.എം.കെയെയും എസ്.പിയെയും ആർ.ജെ.ഡിയെയും പോലെ ബി.ജെ.പിയെ ശക്തിയോടെ എതിർക്കുന്ന പാർട്ടികളുമായി സഖ്യമുണ്ടാക്കണം. അതിന് കോൺഗ്രസ് നേതൃത്വം മുന്നിട്ടിറങ്ങുകയും വിട്ടുവീഴ്ചകൾക്ക് തയാറാവുകയും വേണം. ഇതെല്ലാം വളരെ ശ്രമകരമായ കാര്യങ്ങളാണ്. പക്ഷേ അതിന് കഴിഞ്ഞില്ലെങ്കിൽ പരസ്പരം കുറ്റപ്പെടുത്തിയും കലഹിച്ചും ചത്തൊടുങ്ങാനായിരിക്കും കോൺഗ്രസിന്റെ വിധി.

Latest News